എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 ഫെബ്രുവരി 18 1438 ജമാദുൽ അവ്വൽ 23

മാധ്യമധർമം മറക്കുന്ന പത്രങ്ങൾ

പത്രങ്ങൾക്ക്‌ വ്യാപകമായ ധർമം നിർവഹിക്കാനുണ്ട്‌. അത്‌ ഇല്ലാതാകുമ്പോൾ അവ വെറും കടലാസ്‌ തുണ്ടുകളാകുന്നു. വർത്തമാന കാലത്ത്‌ ചില മലയാള പത്രങ്ങൾ ധർമം മറന്ന്‌ പ്രവർത്തിക്കുന്നതായി കാണുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും വക്കം മൗലവിയുടെയും അതുപോലെ പ്രശസ്തരായ, ധീരന്മാരും ധിഷണാശാലികളും മൂല്യബോധമുള്ളവരുമായ കുറെ പഴയകാല പത്രപ്രവർത്തകരുടെ ചരിത്രം ഉറങ്ങിക്കിടക്കുന്ന മണ്ണാണിത്‌. അവരെല്ലാം പത്രപ്രവർത്തന രംഗത്ത്‌ ഉണ്ടാക്കിയെടുത്ത മൂല്യബോധങ്ങളെ ചില സ്ഥാപിത താൽപര്യക്കാരായ പത്രമുതലാളിമാർ പത്രപ്രവർത്തകരിലൂടെ തകർക്കുന്ന കാഴ്ചയാണ്‌ നാം ഇന്ന്‌ കണ്ടുകൊണ്ടിരിക്കുന്നത്‌.

ഫാസിസ്റ്റുകളുടെ കൂലി എഴുത്തുകാരായി പല പത്രപ്രവർത്തകരും മാറിയിരിക്കുന്നു; അഥവാ പത്രമുതലാളിമാർ അവരെക്കൊണ്ട്‌ അങ്ങനെ ചെയ്യിക്കുന്നു. ഇത്‌ വെറും ആരോപണമല്ല; വസ്തുതയാണ്‌.കേരളത്തിനു പുറത്തും വിദേശ രാജ്യങ്ങളിലുമുള്ള നിരവധി പത്രങ്ങളും ഇതര മാധ്യമങ്ങളും ചില വാർത്തകളെ തമസ്കരിക്കുകയും ചില വാർത്തകളെ ഊതിവീർപ്പിച്ച്‌ അവതരിപ്പിക്കുകയും ചെയ്യുന്നത്‌ കണ്ടില്ലെന്ന്‌ നടിക്കാനാവില്ല.

ഉദാത്ത സംസ്കാരത്തിന്റെയും ധർമത്തിന്റെയും ഈറ്റില്ലമെന്നും ദൈവത്തിന്റെ സ്വന്തം നാടെന്നും വിശേഷിപ്പിക്കപ്പെടുന്ന മലയാളനാടിനെക്കുറിച്ചാണ്‌ ഇവിടെ പരാമർശിക്കുന്നത്‌. സത്യത്തിനും നീതിക്കും ന്യായമായ അവകാശങ്ങൾക്കും വേണ്ടി തൂലിക ചലിപ്പിച്ച മുൻഗാമികളെ മറക്കുന്ന കാഴ്ചകൾ ഏറെ വേദനാജനകമാണെന്ന്‌ പറയാതെ വയ്യ.

മുമ്പ്‌ ഈ അസുഖം ഇത്ര വ്യാപകമായിരുന്നില്ല. ഇന്ന്‌ വലിയ പാരമ്പര്യവും പഴക്കവും അവകാശപ്പെടുന്ന ചില പത്രങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഇരുട്ടിന്റെ ശക്തികൾക്ക്‌ ചൂട്ട്‌ പിടിക്കുന്നതായി നാം കാണുന്നു. ഒരു സമുദായത്തെ അപകീർത്തിപ്പെടുത്താൻ തക്കം പാർത്തിരിക്കുന്നു. അവസരങ്ങൾ ലഭിക്കുമ്പോൾ ചാടിവീഴൂന്നു. അടിസ്ഥാനമില്ലാത്ത വാർത്തകൾ പടച്ചുവിടുന്നു. പ്രകോപനപരമായി പ്രതികരിക്കാനും തെറ്റുധാരണകൾ സൃഷ്ടിക്കാനും അവസരമൊരുക്കുന്നു. വിവാദമായാൽ ആരും കാണാത്ത ഒരു മൂലയിൽ ഖേദപ്രകടനത്തിന്റെ ഏതാനും പദങ്ങൾ അടിച്ചുവിടുന്നു. ഉദ്ദേശം നടക്കുകയും ചെയ്തു; ഖേദപ്രകടനത്തിലൂടെ വിവാദത്തിൽനിന്ന്‌ തടിയൂരുകയും ചെയ്തു!

സ്വന്തം മതത്തിന്റെ വിശ്വാസാചാരങ്ങളിൽ ഉറച്ച്‌ നിന്ന്‌ കൊണ്ട്‌, മറ്റുള്ളവരുടെ വിശ്വാസാചാരങ്ങളെ നിന്ദിക്കാതെ സത്യത്തിന്റെയും നീതിയുടെയും പത്ര പാതയിൽ കണ്ണികളായ മുൻഗാമികൾ. അവർ പത്രധർമം തിരിച്ചറിഞ്ഞവരായിരുന്നു.

പത്രമാധ്യമങ്ങൾ രാജ്യത്തിന്റെ നാലാം തൂണായി വിശേഷിപ്പിക്കപ്പെടുന്നവയാണ്‌. ജനങ്ങളെ വഴിനടത്താൻ കെൽപുള്ളവ. എന്നാൽ എവിടെയാണ്‌ പത്രങ്ങൾക്ക്‌ തെറ്റിയത്‌? കടലാസ്‌ തുണ്ടുകൾക്കും പേരുകൾക്കും ഏതായാലും പിഴവുപറ്റില്ല. അത്‌ ആരാണോ നടത്തുന്നത്‌ അവർ തന്നെയാണ്‌ പ്രതികൾ.

ഒരു പ്രത്യേക സമുദായത്തിന്റെ വിശ്വാസ, ആചാര, അനുഷ്ഠാനങ്ങൾക്ക്‌ നേരെ കുതിരകയറുക. അവർ ആദരിക്കുന്നവരെ അധിക്ഷേപിക്കുക...! ഇതൊക്കെ ധാർമികബോധമുള്ള പത്രങ്ങൾക്ക്‌ യോജിച്ചതാണോ?

സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമാക്കിയുള്ള പത്രനടത്തിപ്പും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇത്അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കാൻ കാരണമാകുന്നു. കാശ്‌ കിട്ടിയാൽ മതി; ഏത്‌ പരസ്യവും പ്രസിദ്ധീകരിക്കും. കുത്തക മുതലാളിമാർക്ക്‌ അലോസരമുണ്ടാക്കുന്ന ചില വാർത്തകൾ മൂടിവെക്കും. അവർ നൽകുന്ന പരസ്യം മുടങ്ങരുതല്ലോ. ഇതിനൊരു മാറ്റമുണ്ടാകാൻ സാധ്യതയുണ്ടോ? ആശിക്കാം; അത്രമാത്രം.

`നേർപഥം` 5-​‍ാം ലക്കത്തിലെ `വംശവെറിയുടെ വമ്പ്‌ പറയുന്ന ട്രമ്പ്‌`, `കാനഡയിൽനിന്ന്‌ ഒരു മനുഷ്യ ശബ്ദം` എന്നീ ലേഖനങ്ങൾ കാലികവും ഏറെ ശ്രദ്ധേയവുമായിരുന്നു. കുട്ടികൾക്ക്‌ നേർവഴി കാട്ടുന്ന കൊച്ചു കഥയുമായി `നേർപഥ`ത്തിന്റെ എല്ലാ ലക്കവും അണിഞ്ഞൊരുങ്ങുന്നതിൽ സന്തോഷമുണ്ട്‌.

- മൂനിസ്‌ അൻസാരി ബാലുശ്ശേരി