എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 ഡിസംബർ 23 1439 റബിഉല്‍ ആഖിര്‍ 05

വിമര്‍ശനത്തില്‍ കഴമ്പില്ല 

'വമ്പിച്ച നമസ്‌കാരവും ഗംഭീര നോമ്പും' എന്ന തലക്കെട്ടില്‍ ഞാന്‍ 'നേര്‍പഥം' ലക്കം 48ല്‍ എഴുതിയ ലേഖനം നേര്‍പഥത്തിന്റെ നാളിതുവരെയുള്ള നിലവാരത്തിന് കോട്ടംതട്ടുന്നതാണ് എന്ന് വായനക്കാരുടെ പേജില്‍ ഒരു സഹോദരന്‍ എഴുതിയ കുറിപ്പ് കണ്ടു. 
 

''ഈയിടെയായി പ്രവാചകന്റെ പേരിലുള്ള സ്വലാത്തിനെയും 'വമ്പിച്ച സ്വലാത്താ'ക്കി മാറ്റിയിരിക്കുന്നു. ഇനി 'ഗംഭീര നോമ്പും' 'ഭയങ്കര ഹജ്ജും' എന്ന് പ്രത്യക്ഷപ്പെടുമോ ആവോ? പോയിപ്പോയി അവിടെയും എത്തിക്കൂടായ്കയില്ല.''

ഈ വാചകങ്ങളെയാണ് കുറിപ്പുകാരന്‍ ദൗര്‍ഭാഗ്യകരമായി കാണുന്നത്. ഇതെങ്ങനെയാണ് നേര്‍പഥത്തിന്റെ നാളിത് വരെയുള്ള നിലവാരത്തിന് കോട്ടം തട്ടുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. എല്ലാവര്‍ക്കും ഒരേ ശൈലിയല്ലല്ലോ എഴുത്തിലും പ്രസംഗത്തിലും ഉണ്ടാവുക. അവാസ്തവമോ സാമാന്യ മര്യാദ ലംഘിക്കുന്നതോ ആയ എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാേട്ടണ്ടതായിരുന്നു.

എന്റെ ലേഖനത്തില്‍ തെറ്റായി യാതൊന്നും കുറിപ്പുകാരന് കാണിച്ചുതരാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ, ആകെ പ്രശ്‌നമായത് അതിന്റെ തലക്കെട്ടാണ്. എന്നാല്‍ ആ തലക്കെട്ട് വളരെ പ്രയോജനപ്രദമായി എന്നാണ് ഫോണില്‍ വിളിച്ച് സുഹൃത്തുക്കള്‍ പലരും പറഞ്ഞത്. ആ തലക്കെട്ട് കണ്ടപ്പോള്‍ പ്രസ്തുത ലേഖനമാണ് ആദ്യം വായിച്ചതെന്ന് അവര്‍ പറഞ്ഞപ്പോള്‍ അതൊരു ക്രെഡിറ്റായി തന്നെ ഞാന്‍ കരുതുന്നു.

- എസ്. എ ഐദീദ് തങ്ങള്‍