എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 ഏപ്രില്‍ 29 1438 ശഅബാന്‍ 2

ദുര്‍ബല വിശ്വാസികള്‍

ഏകദേശം അഞ്ചുവര്‍ഷം മുമ്പ് അധ്യാപകര്‍ക്കുള്ള വേനല്‍ക്കാല കോഴ്‌സ് നല്‍കാനുള്ള ആര്‍. പി മാര്‍ക്കുള്ള ട്രെയ്‌നിംഗ് കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരിയില്‍ വെച്ച് നടന്നു വരികയായിരുന്നു. പ്രസിദ്ധമായ പെരളശ്ശേരി ക്ഷേത്രത്തിന്റെ ഹാളിലാണ് കോഴ്‌സ് നടക്കുന്നത്. ഞാന്‍ മുന്‍നിരയിലായതുകൊണ്ട് ക്ഷേത്രത്തിന്റെ അകത്തേക്ക് കയറിപ്പോകുന്ന ആളുകളെ എനിക്കു കാണാം. എന്നെ അത്ഭുതപ്പെടുത്തിയത് ധാരാളം മുസ്‌ലിം സ്ത്രീകള്‍ പര്‍ദയും ധരിച്ച് കൈകളില്‍ കാണിക്കയും പിടിച്ച്  ക്ഷേത്രത്തില്‍ തൊഴുകയും നിര്‍മാല്യം വാങ്ങി സന്തോഷത്തോടെ തിരിച്ചു വരികയും ചെയ്യുന്നു എന്നതാണ്. എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായി. ഏകദൈവ വിശ്വാസികള്‍ക്ക് എങ്ങനെ ഇതിനു സാധിക്കുന്നു! 

എന്തു ചെയ്യും? വരുന്നവരോട് സംസാരിക്കണം! എന്തുണ്ട് മാര്‍ഗം?  വൈകുന്നേരം അഞ്ചു മണിക്ക് വിശ്രമസമയം. ഞാന്‍ ക്ഷേത്രത്തിന്റെ അടുത്തു തന്നെ നിന്നു. അപ്പോള്‍ ഒരു മുസ്‌ലിം കുടുംബം  ഓട്ടോറിക്ഷയില്‍ വന്നിറങ്ങി. അമുസ്‌ലിമായ ഓട്ടോ ഡ്രൈവര്‍ കുടുംബത്തിലെ സ്ത്രീയെയും 18 വയസ്സ് തോന്നിക്കുന്ന യുവതിയെയും കൊണ്ട് നേരെ പൂജാരിയുടെ അടുക്കലേക്ക് പോയി. കുടുംബനാഥന്‍ അവിടെ നിന്നു. 

ഞാന്‍ സലാം പറഞ്ഞു അടുത്തേക്ക് ചെന്നു. അദ്ദേഹം സലാം മടക്കി. എന്തിനാണ് ഇവിടെ വന്നതെന്ന് അദ്ദേഹത്തോട് ചോദിച്ചു. 'നാഗ ശല്യം പരിഹരിക്കാന്‍' എന്നദ്ദേഹം പറഞ്ഞു. ശ്രീകണ്ഠാപുരത്തിന്നടുത്ത് പഴയങ്ങാടിലാണ് താമസം. നാഗശല്യത്തിന്നു കാരണം വളപ്പ് വൃത്തിയാക്കുമ്പോള്‍ പാമ്പിനെ പണിക്കാരന്‍ കൊന്നതാണ്. അതിന്നു ശേഷം മൂത്ത മകള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍. അവളെയും കൊണ്ട് ഉള്ളാളത്ത് പോയി. അരപ്പവന്‍ സ്വര്‍ണവും  കുറച്ചു രൂപയും ചെലവഴിച്ചു. തങ്ങളുടെ മന്ത്രം കൊണ്ട് സുഖമായി. ആറു മാസം കഴിഞ്ഞപ്പോള്‍ ചെറിയ മകള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായി. നാഗ കോപം ശാശ്വതമായി പരിഹരിക്കാന്‍ നമ്മുടെ തങ്ങന്മാരെക്കാള്‍ നല്ലത് പൂജാരികളാണ്... അദ്ദേഹം വിശദീകരിച്ചു!

ഒരു മാസം മുമ്പ് ഞാന്‍ ഇവിടെ വന്നിരുന്നു. പൂജാരി ചില ഹോമങ്ങള്‍ ചെയ്യുകയും വീട്ടില്‍ ചില കര്‍മങ്ങള്‍ നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഒരു മാസത്തിന്നു ശേഷം തളിപ്പറമ്പ് തൃച്ചമ്പലത്തില്‍ വെള്ളി കൊണ്ടുള്ള ഒരു മനുഷ്യരൂപവും നിലാമുറ്റം പള്ളിയില്‍ മൂന്ന് ഇളനീരും പെരളശ്ശേരി ക്ഷേത്രത്തില്‍ വെള്ളിയുടെ നാഗത്തെയും കൊണ്ടുവരാന്‍ പറഞ്ഞിരുന്നു. അങ്ങനെ ഇന്നു രാവിലെ തളിപ്പറമ്പ് തൃച്ചമ്പലത്തിലും പിന്നീട് ഇരിക്കൂര്‍ നിലാമുറ്റം പള്ളിയിലും പോയി. ഇപ്പോള്‍ വെള്ളി നാഗത്തെ സമര്‍പ്പിക്കാന്‍ വന്നിരിക്കുകയാണ്...അദ്ദേഹം പറഞ്ഞു.

''പ്രയാസങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകുമ്പോള്‍ അല്ലാഹുവിനോടാണ് പറയേണ്ടത്, ഈമാന്‍ കാര്യങ്ങളില്‍ ആറാമത്തേത് നന്മയും തിന്മയും അല്ലാഹുവിന്റെ അടുക്കല്‍ നിന്നാണ് എന്നാണല്ലോ. പിന്നെ നിങ്ങള്‍ ഇങ്ങോട്ട് വന്നത് ശരിയായില്ല'' എന്നു ഞാന്‍ പറഞ്ഞു. 

നിര്‍ബന്ധ നമസ്‌കാര ശേഷം 'അല്ലാഹുവേ! നീ നല്‍കുന്നത് തടയുവാനോ നീ തടയുന്നത് നല്‍കുവാനോ ഒരാളുമില്ല' എന്ന് നാം പറയാറില്ലേ? അപ്പോള്‍ തങ്ങള്‍ക്കും പൂജാരിക്കും അതിന്നു സാധ്യമല്ല'- അയാളുടെ അകക്കണ്ണ് തുറന്നേക്കുമെന്ന പ്രതീക്ഷയില്‍ ഞാന്‍ പറഞ്ഞു. 

അല്ലാഹുവിനോട് മാത്രമെ പ്രാര്‍ഥിക്കാന്‍ പാടൂള്ളു എന്നതിന് ചില ക്വുര്‍ആന്‍ സൂക്തങ്ങള്‍ ഞാന്‍ ഓതിക്കേള്‍പിച്ചു. ''നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടി മാറ്റാന്‍ ഓരാളുമില്ല'' എന്ന സൂറത്തു യൂനുസിലെ 107-ാം വചനം കേള്‍പിച്ച ശേഷം 'ഇതാണ്  അല്ലാഹുവും റസൂലും പഠിപ്പിച്ചത്' എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി  'നിങ്ങള്‍ക്ക് പറഞ്ഞാല്‍ മതി, പ്രയാസങ്ങള്‍ അനുഭവിക്കുന്നത് ഞങ്ങളല്ലേ' എന്നായിരുന്നു.

അപ്പോഴേക്കും അദ്ദേഹത്തിന്റെ ഭാര്യയും മകളും നേര്‍ച്ച പൂര്‍ത്തിയാക്കിയ സംതൃപ്തിയില്‍ ഓട്ടോ യില്‍ കയറി; എന്നെ തുറിച്ചു നോക്കിക്കൊണ്ട് അദ്ദേഹവും. 

''അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം അവന്‍ ആകാശത്തു നിന്ന് വീണത് പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടുപോയി തള്ളുന്നു'' (ക്വുര്‍ആന്‍ 22:31).

ശിര്‍ക്കിനും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ നിരന്തരം ശബ്ദിക്കുന്ന 'നേര്‍പഥ'ത്തിന് അഭിനന്ദനങ്ങള്‍.

- നാസിര്‍ സ്വലാഹി