എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 ഡിസംബർ 09 1439 റബിഉല്‍ അവ്വല്‍ 20

ഓഖിയുടെ ഊക്ക് 

ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ലക്കം 48ല്‍ വന്ന ലേഖനം ചിന്തനീയമായിരുന്നു. കൊടുങ്കാറ്റും വെള്ളപ്പൊക്കവും അഗ്‌നിപര്‍വതവും സുനാമിയുമെല്ലാം ലോകത്ത് പലപ്പോഴായി നാശനഷ്ടങ്ങളുണ്ടാക്കി കടന്നുപോയിട്ടുണ്ട്. ഇപ്പോഴും നടക്കുന്നു. ഇനിയും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

ജീവിച്ചിരിക്കുന്ന നമുക്ക് ഇതിലൊക്കെ ഒരുപാട് ഗുണപാഠങ്ങളുണ്ട് എന്നാണ് നാം മനസ്സിലാക്കേണ്ടത്. നാമാരും ഈ ലോകത്ത് നിര്‍ഭയരല്ല; എത്ര വലിയ ഭൗതിക പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും.

അതിനാല്‍ നാം നമ്മുടെ ജീവിതം നന്നാക്കുക. അതാണ് നമുക്ക് ചെയ്യുവാനുള്ളത്. വിശ്വാസം നന്നാക്കുക; സല്‍കര്‍മങ്ങൡ മുന്നേറുക.

അല്ലാഹു പറയുന്നു: ''നാട്ടുകാര്‍ സല്‍പ്രവൃത്തികള്‍ ചെയ്യുന്നവരായിരിക്കെ നിന്റെ രക്ഷിതാവ് അന്യായമായി രാജ്യങ്ങള്‍ നശിപ്പിക്കുന്നതല്ല'' (ക്വുര്‍ആന്‍ 11:117).

''...രാജ്യക്കാര്‍ അക്രമികളായിരിക്കുമ്പോഴല്ലാതെ നാം രാജ്യങ്ങളെ നശിപ്പിക്കുന്നതുമല്ല'' (ക്വുര്‍ആന്‍ 28:59).

അക്രമങ്ങളില്‍ ഏറ്റവും വലുത് സ്രഷ്ടാവില്‍ പങ്കുചേര്‍ക്കലാണ്:  ''നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു'' (ക്വുര്‍ആന്‍ 31:13).

ഭൗതിക സുഖസൗകര്യങ്ങളില്‍ മതിമറന്ന് ജീവിക്കാതിരിക്കുക. അല്ലാഹു പറയുന്നു:

''സ്വന്തം ജീവിതസുഖത്തില്‍ മതിമറന്ന് അഹങ്കരിച്ച എത്ര രാജ്യങ്ങള്‍ നാം നശിപ്പിച്ചിട്ടുണ്ട്. അവരുടെ വാസസ്ഥലങ്ങളതാ, അവര്‍ക്കു ശേഷം അപൂര്‍വമായല്ലാതെ അവിടെ ജനവാസമുണ്ടായിട്ടില്ല. നാം തന്നെയായി (അവയുടെ) അവകാശി'' (ക്വുര്‍ആന്‍ 28:58).

കുതന്ത്രങ്ങളുമായി ജീവിക്കുന്നവര്‍ അറിയുക; അല്ലാഹു ഏത് അവസരത്തിലും നമ്മെ പരീക്ഷിച്ചേക്കാമെന്ന്:

''എന്നാല്‍ ആ നാടുകളിലുള്ളവര്‍ക്ക് അവര്‍ രാത്രിയില്‍ ഉറങ്ങിക്കൊണ്ടിരിക്കെ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെപ്പറ്റി അവര്‍ നിര്‍ഭയരായിരിക്കുകയാണോ? ആ നാടുകളിലുള്ളവര്‍ക്ക് അവര്‍ പകല്‍ സമയത്ത് കളിച്ചു നടക്കുന്നതിനിടയില്‍ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെ പറ്റിയും അവര്‍ നിര്‍ഭയരായിരിക്കുകയാണോ? അപ്പോള്‍ അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റി തന്നെ അവര്‍ നിര്‍ഭയരായിരിക്കുകയാണോ? എന്നാല്‍ നഷ്ടം പറ്റിയ ഒരു ജനവിഭാഗമല്ലാതെ അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റി നിര്‍ഭയരായിരിക്കുകയില്ല'' (ക്വുര്‍ആന്‍ 7:97-99).

''കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയറിയിക്കുക.തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍'' (ക്വുര്‍ആന്‍ 2:155-157).

- അന്‍വര്‍ സാദത്ത്, എറണാകുളം


ശിയാക്കളുടെ വികലവിശ്വാസം

ശിയാക്കളെ സംബന്ധിച്ചുള്ള പഠനം ഏറെ വിസ്മയത്തോടെയാണ് വായിക്കുന്നത്. ഇത്രയും അനിസ്‌ലാമികയായ ആദര്‍ശവും വീക്ഷണവുമാണ് ശിയാക്കള്‍ക്കുള്ളത് എന്ന കാര്യം ഇപ്പോഴാണ് അറിയുന്നത്. നബി ﷺ യുടെ അനുചരന്മാരെ (സ്വഹാബിമാര്‍) ആക്ഷേപിക്കുന്നതാണ് പോലും ഇവരുടെ ആദര്‍ശത്തില്‍ പെട്ട ഒരു കാര്യം!

സ്വഹാബികളെ അദരിക്കലും ബഹുമാനിക്കലുമാണ് യഥാര്‍ഥത്തില്‍ ഇസ്‌ലാമിക ആദര്‍ശം. നബി ﷺ പറഞ്ഞു: ''എന്റെ സ്വഹാബികളെ നിങ്ങള്‍ ആദരിക്കണം. കാരണം അവര്‍ നിങ്ങളില്‍ ഉത്തമരാണ്.''

സ്വഹാബികളെ ശകാരിക്കുന്നത് പോലും വിലക്കപ്പെട്ട കാര്യമാണ്. അപ്പോള്‍ അവരെ ശപിക്കുന്നതും അവരോട് ശത്രുത പുലര്‍ത്തുന്നതും ഏത്ര ഗൗരവതരമാണ്.

- മുഹമ്മദ് ഫവാസ്, കൊയിലാണ്ടി