എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 ഏപ്രില്‍ 15 1438 റജബ് 18

വഴിതെറ്റുന്ന പ്രാര്‍ഥന

സ്രഷ്ടാവിനോട് മാത്രമെ പ്രാര്‍ഥിക്കാവൂ എന്നാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. ഇസ്‌ലാമിന്റെ ഏറ്റവും വലിയ സവിശേഷതയാണിത്. വിശുദ്ധ ക്വുര്‍ആന്‍ ഊന്നിപ്പറഞ്ഞ ഇക്കാര്യം അവഗണിച്ചുകൊണ്ടാണ് മുസ്‌ലിം സമൂഹത്തില്‍ പെട്ട അനേകര്‍ സൃക്ടികളോട് തേടിക്കൊണ്ടിരിക്കുന്നത്.  ''പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ഥിക്കരുത്'' (സൂറഃ അല്‍ജിന്ന്: 18).

 ''അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്റെ പാടപോലും ഉടമപ്പെടുത്തുന്നില്ല. നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്നപക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരുവാന്‍ ആരുമില്ല'' (അല്‍ഫാത്വിര്‍: 13,14). 

ഈ അര്‍ഥത്തില്‍ സൂക്തങ്ങള്‍ ധാരാളമാണ്. ക്വുറൈശികളിലും മറ്റും ഉള്‍പ്പെട്ട ആദികാല ബഹുദൈവവിശ്വാസികളുടെ ആദര്‍ശമായിരുന്നു ഈ പ്രവൃത്തി. നിശ്ചയം അല്ലാഹു, ശിര്‍ക്കിനെ എതിര്‍ത്തുകൊണ്ടും അതിനെതിരില്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ടുമാണ് മുഴുവന്‍ ദൂതന്മാരെയും നിയോഗിച്ചയച്ചത്; സര്‍വവേദഗ്രന്ഥങ്ങളും അവതരിപ്പിച്ചതും. അല്ലാഹു പറഞ്ഞു:  

''തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി)''(അന്നഹ്ല്‍: 36).

കഴിഞ്ഞ ലക്കം 'നേര്‍പഥ'ത്തില്‍ വന്ന ഫത്‌വ ഏറെ ശ്രദ്ധേയവും ഉപകാരപ്രദവുമായിരുന്നു. അന്തിമ പ്രവാചകനോടു പോലും പ്രാര്‍ഥിക്കാന്‍ പാടില്ലെങ്കില്‍ മറ്റാരോട് പ്രാര്‍ഥിക്കുന്നതാണ് അനുവദനീയമാവുക? ഇത്തരത്തിലുള്ള ഫത്‌വകള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

- മുഹമ്മദ് നബീല്‍, കുന്നംകുളം


ഹൃദയത്തെ സ്പര്‍ശിക്കുന്ന വിഭവങ്ങള്‍

'നേര്‍പഥം' വാരിക കയ്യിലെത്തുമ്പോള്‍ തലവാചകവും പേജ് നമ്പറുമാണ് ആദ്യം പരതുക. പിന്നെ എവിടെ വായന തുടങ്ങുമെന്നുള്ള കണ്‍ഫ്യൂഷനില്‍ പേജുകള്‍ ഇരുഭാഗത്തുനിന്നും മറിച്ചുകൊണ്ടേയിരിക്കും. അങ്ങനെ കഴിഞ്ഞ ലക്കം വായന തുടങ്ങിയത് അവസാന പേജില്‍ നിന്നായിരുന്നുവെങ്കിലും രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്ര അവസാനിക്കുന്നതിനു മുമ്പ് കവര്‍ പേജ് വരെ എത്തിയത് തീരെ അവിശ്വനീയമായിരുന്നു. അത്രയും ഹൃദയസ്പര്‍ശിയായിരുന്നു അതിലെ ഓരോ വാചകവും. അതിനിടക്ക് തെരഞ്ഞെടുത്ത ചില പേജുകള്‍ വാട്‌സാപ് ഗ്രൂപ്പില്‍ അയച്ചതിനുള്ള പ്രതികരണങ്ങള്‍ അഭിനന്ദനങ്ങളായി എത്തിക്കഴിഞ്ഞിരുന്നു; പ്രത്യേകിച്ച് 'ശാന്തിഗേഹ'ത്തെ കുറിച്ച്. നേര്‍പഥം പണിപ്പുരയിലെ എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നതോടൊപ്പം ജനങ്ങളെ സ്രഷ്ടാവിലേക്ക് കൂടുതല്‍ അടുപ്പിക്കുവാനുള്ള മാധ്യമമായി വാരിക മാറട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

- ഹസന്‍ ബാഫഖി, കൊയിയാണ്ടി


സിറിയയുടെ വിലാപം

'വിലാപങ്ങളൊടുങ്ങാത്ത സിറിയ' എന്ന ലേഖനം (ലക്കം 14) സിറിയയുടെ ഇപ്പോഴത്തെ അവസ്ഥയെകുറിച്ചുള്ള നല്ല വിശകലനമായിരുന്നു. സര്‍ക്കാര്‍ പക്ഷവും സര്‍ക്കാര്‍ വിരുദ്ധപക്ഷ വിമതകക്ഷികളും ബാഹ്യശക്തികളും ഒരു പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കുകയാണവിടെ. 475000 ആളുകള്‍ കൊല്ലപ്പെടുകയും 50 ലക്ഷം പേര്‍ രാജ്യം വിടുകയും 60 ലക്ഷത്തിലധികം പേര്‍ സിറിയയില്‍ തന്നെ അഭയാര്‍ഥികളായി മാറ്റിപ്പാര്‍പ്പിക്കപ്പെടുകയും 80 ലക്ഷത്തിലധികം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും 50 ലക്ഷത്തോളം ആളുകള്‍ ഉപരോധ മേഖലകളില്‍ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്തത് വായിച്ചപ്പോള്‍ സിറിയയുടെ ഭീകരാവസ്ഥ ശരിക്കും ബോധ്യമായി. എത്രയും പെട്ടെന്ന് സമാധാനത്തിലേക്ക് മടങ്ങാന്‍ അവര്‍ക്ക് സാധിക്കുമാറാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

- അബ്ദുസ്സമദ്.കെ, തലശ്ശേരി