എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 ജൂലായ് 29 1438 ദുല്‍ക്വഅദ് 05

വര്‍ത്തമാനകാല പ്രതിസന്ധിപുതിയ ശരീഅത്ത് വിമര്‍ശകരെ തല പൊക്കാനനുവദിക്കരുത്

മതനിഷേധികളുടെ ഇസ്‌ലാമിക ശരീഅത്തിനോടുള്ള അവജ്ഞക്ക് കാലങ്ങളുടെ പഴക്കമുണ്ട്. പാശ്ചാത്യസംഘടനകളുടെ ചുവട് പിടിച്ച് മലയാളത്തിലും അതിന്റെ അനുരണനങ്ങള്‍ അതേസമയം തന്നെ ആരംഭിച്ചിരുന്നു. യുക്തിവാദികളും ക്രൈസ്തവ വിമര്‍ശകരും തുടങ്ങിവെച്ച ഇസ്‌ലാം വിമര്‍ശനങ്ങള്‍ പതുക്കെപ്പതുക്കെ സമുദായത്തിനിടയിലേക്ക് കയറി വന്നതു മുതലാണ് മുസ്‌ലിം നേതൃത്വം ഇതിനെ ഗൗരവമായി നോക്കിക്കാണാന്‍ തുടങ്ങിയത്.ഇസ്‌ലാമേതര വിമര്‍ശകര്‍ കടുത്തഭാഷയില്‍ നടത്തുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞും എന്നാല്‍ അതിലെ പലതിനെയും ശരിവെച്ചും മുസ്‌ലിം 'ബുദ്ധി ജീവികള്‍' രംഗത്ത് വന്നതോടെ ഇതിന് സാധാരണക്കര്‍ക്കിടയില്‍ വേരോട്ടമുണ്ടായി. ശരീഅത്തിനും കാലോചിതമായ പരിഷ്‌കാരങ്ങള്‍ ആവാം എന്ന തലത്തിലേക്ക് ചിലരെങ്കിലും എത്തിപ്പെട്ടു. കൃത്യമായ പഠനങ്ങളിലൂടെ അത്തരം ചിന്തകളുടെ തുടക്കത്തില്‍ തന്നെ ബോധവല്‍ക്കരണം നടത്തി കേരള മുസ്‌ലിം ധൈഷണിക നേതൃത്വം മാതൃകയായി. എന്നാല്‍ ഇതുപോലുള്ള ചിന്തകളുടെ വിഷ ബീജങ്ങള്‍ ഇപ്പോഴും സമൂഹഗാത്രത്തില്‍ ശേഷിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യമാണ് ജൂലൈ 14ന് പുറത്തിറങ്ങിയ ശബാബില്‍ 'ഇസ്‌ലാമിക ശരീഅത്തും ജ്ഞാനപരമായ പുനരാഖ്യാനങ്ങളും' എന്ന ലേഖനത്തിലൂടെ നാം വായിച്ചത്. 

സങ്കീര്‍ണമായ ശൈലിയിലൂടെ സാധാരണക്കാരുടെ കണ്ണില്‍ പൊടിയിട്ട്, ബുദ്ധിജീവി നാട്യക്കാരെ പരിഗണിക്കുന്ന തരത്തിലേക്ക് പുരോഗമനവാദികള്‍ വരെ നടന്നടുക്കുന്ന സാഹചര്യത്തില്‍ വിവേകമുള്ളവര്‍ കണ്ണ് തുറന്ന് പിടിക്കേണ്ടതുണ്ട്. ലേഖനം പുറത്ത് വന്നയുടനെ തന്നെ താത്ത്വികമായി അതിന് മറുപടി പറഞ്ഞ നേര്‍പഥത്തിന്റെ നിലപാട് അഭിനന്ദനമര്‍ഹിക്കുന്നു. കേവലമൊരു ലേഖനത്തിലൂടെയുള്ള ബോധവല്‍കരണമെന്നതിലുപരി ഉത്തരവാദപ്പെട്ട സംഘടനാ സാരഥികളുമായി ബന്ധപ്പെട്ട് അതിന്റെ ഗൗരവമുണര്‍ത്താനുള്ള ദൗത്യം കൂടി വിവേകമതികള്‍ കാണിക്കണമെന്ന് അപേക്ഷിക്കുകയാണ്. സമുദായത്തെയും ഇസ്‌ലാമിക ദര്‍ശനത്തെയും വിമര്‍ശകര്‍ക്ക് മുമ്പില്‍ അടിയറ വെക്കാനുള്ള സ്വാര്‍ഥ താല്‍പര്യക്കാരുടെ ശ്രമങ്ങള്‍ക്കെതിരെ കണ്ണും കാതും തുറന്ന് പിടിക്കാനും പ്രതികരിക്കാനുമുള്ള ആര്‍ജവം നേര്‍പഥത്തിന് എന്നുമുണ്ടാവട്ടെയെന്നാശംസിക്കുന്നു.

- ആദില്‍ മുഹമ്മദ്


'നമുക്ക് ചുറ്റും' സംഭവിക്കുന്നതെന്ത്?

കാലിക വിഷയങ്ങള്‍ക്ക് നേരെ തുറന്ന് പിടിച്ച കണ്ണാടികളാണ് ഓരോ ലക്കത്തിലെയും 'നമുക്ക് ചുറ്റും' എന്ന അവസാന പേജ്. ശക്തമായ ഭാഷയിലും ശൈലിയിലും മാഗസിനിന്റെ നിലപാട് വ്യക്തമാക്കുന്ന പ്രസ്തുത കോളം പക്ഷെ, ഇടയ്ക്കിടെ കണ്ണടക്കുന്നതായി കാണുന്നു. അപ്രിയ സത്യ ങ്ങളോട് രാജിയാവുന്നതാണോ അതോ നിലപാട് തറയില്‍ തെന്നിവീഴുന്നതാണോ എന്ന് സംശയം. 

നയപരമായ തടസ്സങ്ങളൊന്നുമില്ലെങ്കില്‍ പ്രസ്തുത കോളം മുടങ്ങാതെ പ്രസിദ്ധീകരിക്കണമെന്നപേക്ഷിക്കുന്നു. 

- സുബില്‍ കോഹിനൂര്‍