എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 സെപ്തംബര്‍ 02 1438 ⁠⁠ദുൽഹിജ്ജ 11

പറവൂരുകള്‍ ഇനിയാവര്‍ത്തിക്കരുത്

പറവൂര്‍ ആക്രമണ പശ്ചാത്തലത്തില്‍ നേര്‍പഥം നടത്തിയ ധീരമായ ഇടപെടല്‍ ശ്രദ്ധയാകര്‍ഷിക്കുന്നതായി. ഇഷ്ടമുള്ള മതം സ്വീകരിക്കാനും അതിന്റെ ആചാരങ്ങള്‍ നിലനിര്‍ത്താനും അത് പ്രചരിപ്പിക്കാനുമുള്ള പൗരന്റെ മൗലികാവകാശത്തെ ഹനിക്കുന്ന സംഘി ഭീകരതയെ നിലക്ക് നിര്‍ത്തേണ്ടതിന് പകരം കുറ്റം ചെയ്തവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ഇരയായ പ്രബോധകരെ പീഡിപ്പിക്കുകയുമാണ് നിയമപാലകര്‍ ചെയ്തത്. ഉത്തരേന്ത്യയില്‍ മാത്രം നടന്നുവരാറുള്ള ആള്‍ക്കൂട്ടവേട്ടയുടെ പരിഷ്‌കരിച്ച രൂപമാണ് യഥാര്‍ഥത്തില്‍ പറവൂരില്‍ നടന്നത്. പോലീസുകാര്‍, പറവൂരില്‍ പരിവാറിന്റെ പാറാവുകാരായി മാറിയ അത്യന്തം ദയനീയമായ കാഴ്ചയും ഇതിന്റെ ബാക്കിപത്രമെന്നോണം നമുക്ക് കാണാനായി. 

നട്ടെല്ലില്ലാത്ത ഭരണകൂടമാണ് ഏതൊരു നാടിന്റെയും ശാപം. വടക്കന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടോടെയായിരുന്നു, ഇക്കഴിഞ്ഞ കാലയളവ് വരെ ഇടതും വലതും മാറി മാറി ഭരിച്ച കേരളം. എന്നാല്‍, കള്ളക്കേസെടുത്ത നിയമപാലകരെയും അതിനെ ന്യായീകരിച്ച ഭരണകൂടത്തെയും നിശബ്ദരാക്കിക്കൊണ്ടാണ് കുറ്റാരോപിതരുടെ ജാമ്യാപേക്ഷയില്‍ കോടതി വിധി പറഞ്ഞത്. രാജ്യത്ത് നന്മ വറ്റിപ്പോയിട്ടില്ലെന്നും സത്യവും ധര്‍മവും പരിപാലിക്കുന്നതില്‍ ജുഡീഷ്യറിയുടെ സഹായമുണ്ടെന്നും തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.

അതുപോലെ എടുത്തു പറയേണ്ട വിഭാഗമാണ് ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍. എന്തൊക്കെ വിമര്‍ശനങ്ങളുണ്ടെങ്കിലും, മാധ്യമങ്ങള്‍ അവരോചിതമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചു എന്നതിന്റെ തെളിവാണ് ഇവ്വിഷയകമായി പുറത്തു വന്ന ഓരോ ചാനല്‍ ചര്‍ച്ചകളും. 

ലഘുലേഖ വിതരണം ചെയ്ത ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ പ്രവര്‍ത്തകരോട് അനുഭാവം പ്രകടിപ്പിച്ച് ചാനല്‍ അധികൃതര്‍ നടത്തിയ ഓരോ ചര്‍ച്ചകളും മതേതര കേരളത്തിന്റെ തിരുനെറ്റിയില്‍ ചാര്‍ത്തിയ പൊന്‍തൂവലുകളാണെന്ന കാര്യത്തില്‍ സംശയമില്ല. പ്രബോധനരംഗത്ത് ഗുണകാംക്ഷാനിര്‍ഭരമായ പ്രവര്‍ത്തനത്തോടൊപ്പം പ്രതീക്ഷാപൂര്‍വ്വമായ പ്രാര്‍ഥനകളും ഉയരേണ്ട സന്ദര്‍ഭമാണിത്. ശോഭനമായ ഭാവി ആശംസിച്ചുകൊണ്ട്.

- ജമീല്‍ അബ്ദുറസാഖ് തിരൂരങ്ങാടി


തുടരട്ടെ, ഈ ഗുണകാംക്ഷ

ലഘുലേഖാ വിവാദവുമായി ബന്ധപ്പെട്ട് അന്യായമായി ഇസ്‌ലാമിക പ്രബോധകരെ പീഡിപ്പിച്ച സമയത്ത് കക്ഷി വ്യത്യാസമില്ലാതെ മുഴുവന്‍ മുസ്‌ലിം സംഘടനകളും ഇതര സാമുദായിക സംഘടനകളും മര്‍ദിതര്‍ക്കൊപ്പം നിന്ന കാഴ്ച നിറകണ്ണുകളോടെയാണ് നോക്കിക്കണ്ടത്. 

എന്തൊക്കെ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ആദര്‍ശപ്രബോധനത്തിനോ പ്രബോധകര്‍ക്കോ പ്രയാസം നേരിട്ടാല്‍ ഒരൊറ്റ മനസ്സോടെ ഉണര്‍ന്നെഴുന്നേല്‍ക്കാനുള്ള സമുദായ മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ദീനീ മാര്‍ഗത്തിലിറങ്ങിപ്പുറപ്പെട്ട സഹോദരങ്ങള്‍ക്ക് നേരിട്ട പ്രയാസത്തെ മറക്കാതെ തന്നെ പറയട്ടെ, ഒരുവേള ഇത്തരമൊരു അനുഭവം വന്നു ഭവിച്ചത് ഗുണകരമായെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ഈയൊരു ദുര്യോഗം വന്നില്ലായിരുന്നുവെങ്കില്‍ ആദര്‍ശരംഗത്ത് വ്യതിരിക്തത പുലര്‍ത്തുമ്പോള്‍ തന്നെ വിശ്വാസികള്‍ തമ്മില്‍ വെച്ച് പുലര്‍ത്തുന്ന ഈയൊരു ഐക്യവും സ്‌നേഹവും നാം തിരിച്ചറിയപ്പെടാതെ പോകുമായിരുന്നു.

- ഷാനവാസ് ഇടുക്കി