എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 ഒക്ടോബര്‍ 28 1439 സഫര്‍ 08

മനസ്സില്‍ വെളിച്ചം നിറയ്ക്കുക  

ബാങ്ക് വിളി കഴിഞ്ഞ് 'ഖുത്വുബ' തുടങ്ങിയതിനു ശേഷമാണ് അയാള്‍ പള്ളിയിലേക്ക് കയറിവന്നത്. ഉടനെ അവിടെ വിയര്‍പ്പിന്റെ ദുര്‍ഗന്ധം പരന്നു. പള്ളിയിലുണ്ടായിരുന്ന കുളിച്ച് വൃത്തിയായി, ഇസ്തിരിയിട്ട വസ്ത്രം ധരിച്ച് സുഗന്ധം പൂശി വന്നവര്‍ പള്ളിയിലാണല്ലോ എന്ന് കരുതി ഒന്നും പറയാതെ തള്ളവിരലും ചൂണ്ടുവിരലുമുപയോഗിച്ച് മൂക്ക് പൊത്തിപ്പിടിച്ചു. 

അയാള്‍ സ്വഫ്ഫിലുള്ള ഇടുങ്ങിയ ഒരു ഒഴിവില്‍ നിന്ന് രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിച്ചു. 

ഖുത്വുബയും നമസ്‌കാരവും കഴിഞ്ഞയുടന്‍ ശരീരവും വസ്ത്രവും വൃത്തിയുള്ളയാളുകള്‍ ചീപ്പ് റേറ്റില്‍ തക്കാളിയും ഖിയാറും ബുര്‍തുകാലും മറ്റു ചില പച്ചക്കറികളും പഴങ്ങളും വില്‍ക്കാന്‍ നിറച്ചുവെച്ച ഉന്തുവണ്ടിയുടെ അടുത്തേക്ക് വേഗത്തില്‍ നിങ്ങി.

അയാള്‍ ജുമുഅ നമസ്‌കാരത്തിനു ശേഷമുള്ള രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കാരം കൂടി  നിര്‍വഹിച്ച ശേഷമാണ് പുറത്തേക്കിറങ്ങിയത്. 'വൃത്തിയുള്ളവര്‍' വാങ്ങിത്തിന്നതിന്റെ അവശിഷ്ടങ്ങള്‍ പെറുക്കിയെടുത്ത് വേസ്റ്റ് വസ്തുക്കള്‍ കൊണ്ടു പോകുന്ന ഗാര്‍ബേജ് റിക്കവറി ട്രക്കിലിട്ട് അതില്‍ കയറി ഓടിച്ചുപോയി.

സൗദി അറേബ്യയില്‍ അവധിയും വിശ്രമവുമില്ലാത്ത തന്റെ ജോലിക്കിടയിലും ആ മനുഷ്യന്‍ നിര്‍ബന്ധ കര്‍മമായ ജുമുഅയും ഐഛിക കര്‍മമായ സുന്നത്ത് നമസ്‌കാരവും പാഴാക്കുവാന്‍ തയ്യാറായിരുന്നില്ല. 

ശീതീകരിച്ച മുറിയിലിരുന്നുള്ള ജോലിയല്ലാത്തതിനാല്‍ വിയര്‍ക്കുക സ്വാഭാവികം. പള്ളിയിലുണ്ടായിരുന്നവര്‍ അതൃപ്തി പ്രകടിപ്പിച്ചതില്‍ തെറ്റ് പറയാനുമാവില്ല. എന്നാല്‍ തന്റെ മനസ്സിന്റെ വെണ്‍മയാണ് ആ സാധുമനുഷ്യന്‍ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുത്തത്. പുറമെ കാണുന്ന വെണ്‍മയും ശുദ്ധിയും സുഗന്ധവുമുള്ള പലരുടെയും ഉള്ളം വൃത്തിയുള്ളതായിക്കൊള്ളണമെന്നില്ല. മനസ്സകത്ത് വെളിച്ചമുള്ളവര്‍ക്കേ സമൂഹത്തിന് വെളിച്ചം നല്‍കാനാവൂ. 

'നേര്‍പഥം' നിര്‍വഹിക്കുന്ന പ്രധാനപ്പെട്ട ദൗത്യം ആത്മസംസ്‌കരണമാണ്. അതാണല്ലോ വിജയത്തിന്റെ അടിസ്ഥാനം. കെട്ടിലും മട്ടിലും ഉള്ളടക്കത്തിലുമെല്ലാം മികവ് പുലര്‍ത്തുന്ന 'നേര്‍പഥ'ത്തിനും ലേഖകര്‍ക്കും അഭിനന്ദനങ്ങള്‍.

- ദസ്തഗീര്‍ ടി.കെ, പാലക്കാഴി


ശാന്തിഗേഹം

'ശാന്തിഗേഹം' പംക്തി വീണ്ടും പ്രത്യക്ഷപ്പെട്ടു കണ്ടതില്‍ സന്തോഷം. ഇന്ന് മിക്ക വീടുകളിലും പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഭാര്യഭര്‍തൃ ബന്ധത്തിലും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിലുമെല്ലാം വിള്ളലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. അകാരണമായോ കാരണങ്ങളാലോ ഒക്കെയാവാം അത്. 

പ്രശ്‌നങ്ങളില്‍നിന്ന് മോചനം നേടണമെന്ന് ആഗ്രഹിക്കാത്തവര്‍ സത്യവിശ്വാസികള്‍ക്കിടയില്‍ ഉണ്ടായിരിക്കാനിടയില്ല. പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാമിക വൃത്തത്തില്‍ നിന്നുകൊണ്ട് പ്രായോഗികമായ പരിഹാരം കണ്ടെത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള നല്ലൊരു വേദിയാണ് ശാന്തിഗേഹം. അത് മുടങ്ങാതെ സൂക്ഷിക്കണമെന്നാണ് വിനീതമായ അപേക്ഷ. 

- ഫസീന.എ, അത്തോളി


നിലവാരം കാത്ത മുഖലേഖനം

'നേര്‍പഥം' ലക്കം 41ല്‍ ത്വാഹാ റഷാദ് എഴുതിയ 'കേരളത്തോട് എന്തിനിത്ര കലിപ്പ്' എന്ന ലേഖനം അവതരണ ശൈലിയിലും വിഷയഗാംഭീര്യത്തിലും മികവ് പുലര്‍ത്തി. വസ്തുനിഷ്ഠമായ വിവരണം പഠനാര്‍ഹമായിരുന്നു. ഭാഷ ഒന്ന് കൂടി ലളിതമാക്കാമായിരുന്നു എന്ന അഭിപ്രായം കൂടി അറിയിക്കട്ടെ.

- സല്‍മാന്‍ പി.കെ, നാദാപുരം