എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 സെപ്തംബര്‍ 09 1438 ⁠⁠ദുൽഹിജ്ജ 18

ഗെയിമുകള്‍ കൊലപാതകികളാവുമ്പോള്‍

കേവലം ആനന്ദങ്ങള്‍ക്കും ആസ്വാദനങ്ങള്‍ക്കും മാത്രം ഉപകാരപ്പെടുന്ന ഗെയിമുകള്‍ കനത്ത വിഷാദരോഗത്തിനും ആത്മഹത്യക്കും വരെ കാരണമാവുന്നു എന്ന വസ്തുത വ്യക്തമാക്കുന്ന നേര്‍പഥത്തിലെ 'കളിപാതകങ്ങള്‍' എന്ന കവര്‍‌സ്റ്റോറി ചിന്തോദ്ദീപകമായി. കുട്ടികളുടെ മനസ്സും മസ്തിഷ്‌കവും കാര്‍ന്ന് തിന്നുന്ന ഇത്തരം ഗെയിമുകള്‍ നിയമം മൂലം നിരോധിക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം.

- അമീര്‍ തലശ്ശേരി


പാരന്റിംഗ് തുടരണം

നേര്‍പഥത്തിന്റെ ഒന്നാം ലക്കം മുതല്‍ പ്രസിദ്ധീകരിച്ച് കൊണ്ടിരുന്ന 'ഇസ്‌ലാമിക് പാരന്റിംഗ്' ഇപ്പോള്‍ തുടര്‍ച്ചയായി മുടങ്ങുന്നു. മറ്റു ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളില്‍ നിന്ന് ഏറെ വ്യതിരിക്തത പുലര്‍ത്തിയിരുന്ന പ്രസ്തുത കോളം തുടരണം എന്ന് അപേക്ഷിക്കുന്നു.

- നിസാര്‍ ഒളമതില്‍


മാധ്യമങ്ങള്‍ നന്മയുടെ പ്രചാരകരാവുക

പറവൂര്‍ സംഭവത്തെ മാധ്യമങ്ങള്‍ നോക്കിക്കണ്ട രീതി ഏറെ പ്രശംസനീയമായിരുന്നു. സത്യസന്ധമായ വാര്‍ത്തകള്‍ അച്ചടിച്ചു വന്നു എന്ന് മാത്രമല്ല, അക്രമികളെ സമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കുന്നതില്‍ അവര്‍ മുമ്പില്‍ നില്‍ക്കുകയും ചെയ്തു. എന്നാല്‍ ഈയവസരത്തിലും 'പെണ്‍ സുന്നത്തും' 'റഹീംഭക്തരു'മായി ചര്‍ച്ചയെ വഴി തെറ്റിക്കാന്‍ ശ്രമിച്ച ചില മാധ്യമങ്ങളെ നാം കാണാതിരുന്നു കൂടാ. സമൂഹത്തില്‍ ധ്രുവീകരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഇത്തരം മാധ്യമങ്ങളെ ഒറ്റപ്പെടുത്താനുള്ള ബോധപൂര്‍വ ശ്രമങ്ങള്‍ കൂടി നടത്തുമ്പോഴേ പൗരന്റെ 'മാധ്യമ സാക്ഷരത' പൂര്‍ണമാവൂ.

- റസ്മിയ മംഗലാപുരം