എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 ഫെബ്രുവരി 11 1438 ജമാദുൽ അവ്വൽ 19

യുക്തിബോധമില്ലാത്ത യുക്തിവാദികള്‍

'എന്നെ സംബന്ധിച്ചിടത്തോളം ശാസ്ത്രമാണ് അവസാന വാക്ക്. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതൊന്നും ഞാന്‍ അംഗീകരിക്കുകയില്ല. അതുകൊണ്ട് തന്നെയാണ് ഞാന്‍ ദൈവത്തില്‍ വിശ്വസിക്കാത്തതും. എന്നെനിക്ക് ശാസ്ത്രം ദൈവത്തെ കാണിച്ചു തരുന്നുവോ അന്നേ ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുകയുള്ളൂ' എന്ന ഒരു യുക്തിവാദിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് സി. പി. അബ്ദുല്ല ബാസില്‍ എഴുതിയ ലേഖനം ശ്രദ്ധേയമായി.

പ്രപഞ്ചത്തിലെ എണ്ണമറ്റ പ്രതിഭാസങ്ങളും സൃഷ്ടിജാലങ്ങളും ദൈവാസ്തിക്യം വിളിച്ചോതുന്നു എന്ന വസ്തുത കണ്ടില്ലെന്നു നടിക്കുന്നവരാണ് യഥാര്‍ഥത്തില്‍ യുക്തിവാദികള്‍. ഇവര്‍ എന്തിനാണ് നന്മകള്‍ ചെയ്യുന്നത്? എന്തിനാണ് തിന്മകള്‍ ചെയ്യാതിരിക്കുന്നത്?

അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചുള്ള ഭയവും രക്ഷയെക്കുറിച്ചുള്ള പ്രതീക്ഷയുമാണ് തിന്മകള്‍ വെടിയുവാനും നന്മകള്‍ ചെയ്യുവാനുമുള്ള പ്രചോദനം. അല്ലാഹുവും അവന്റെ ദൂതനും നന്മയായി പഠിപ്പിച്ചതെന്തോ അതെല്ലാം നന്മയും തിന്മയായി ചൂണ്ടിക്കാട്ടിയതെന്തോ അതെല്ലാം തിന്മയുമാണെന്ന് ഉറച്ചുവിശ്വസിക്കുന്നവനാണ് ഒരു സത്യവിശ്വാസി. അഥവാ ഇസ്‌ലാം തിന്മയെന്നു പറഞ്ഞ ഒരു കാര്യം നന്മയാണെന്നോ നന്മയെന്നു പറഞ്ഞ ഒരു കാര്യം തിന്മയാണെന്നോ കരുതുവാനുള്ള അവകാശം ഒരു വിശ്വാസിക്കില്ല.

ചെറുതും വലുതുമായ നന്മകളെല്ലാം ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. ആ നന്മകള്‍ സ്വജീവിതത്തില്‍ പകര്‍ത്തല്‍ അനിവാര്യമാണെന്ന് ഇസ്‌ലാം അറിയിക്കുന്നു. മുഹമ്മദ് നബിലസംഭവബഹുലമായ തന്റെ ജീവിതത്തിലൂടെ അവയെല്ലാം പ്രാവര്‍ത്തികമാക്കി കാണിക്കുകയും ചെയ്തു. മനുഷ്യനോട് സമൂഹത്തില്‍നിന്നുമകന്ന് ആരുമായും യാതൊരു ബന്ധവും പുലര്‍ത്താതെ ആരെയും യാതൊരുനിലയ്ക്കും സഹായിക്കാതെ ആരാധനകളില്‍ നിരതനായി ഒറ്റപ്പെട്ടു ജീവിക്കുവാനല്ല ഇസ്‌ലാം ആഹ്വാനം ചെയ്യുന്നത്. അവന്‍ സാമൂഹ്യ ജീവിയാണ്. അതുകൊണ്ടുതന്നെ സമൂഹത്തില്‍ അവനുള്ള റോളുകളില്‍നിന്ന് അവന്‍ ഒളിച്ചോടുവാന്‍ പാടില്ല. മാതാപിതാക്കളോട്, മക്കളോട്, ഭാര്യയോട്, ഭര്‍ത്താവിനോട്, സഹോദരീ സഹോദരന്മാരോട്, കുടുംബക്കാരോട്, അയല്‍വാസികളോട്, അഗതികളോട്, അനാഥരോട്, ജീവജാലങ്ങളോട്... അങ്ങനെ എല്ലാവരോടും എല്ലാറ്റിനോടും നന്മയില്‍ വര്‍ത്തിക്കുവാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നു. സത്യസന്ധത, കാരുണ്യം, ദയ, വിശ്വസ്തത, വിട്ടുവീഴ്ച, ക്ഷമ, വിനയം, നന്മയില്‍ സഹകരിക്കല്‍ തുടങ്ങിയ, മനുഷ്യബന്ധങ്ങളെ സ്‌നിഗ്ധമാക്കുന്ന മുഴുവന്‍ ഗുണങ്ങളും ഉള്‍ക്കൊള്ളുവാനും കളവ്, വഞ്ചന, അഹങ്കാരം, പാരുഷ്യം, കോപം, അസൂയ തുടങ്ങിയ എല്ലാ ദുര്‍ഗുണങ്ങളും വെടിയുവാനും പലിശ, ലഹരി, ചൂതാട്ടം, വ്യഭിചാരം, കൊല, കൊള്ള തുടങ്ങിയ മുഴുവന്‍ ദുശ്‌ചെയ്തികളും വര്‍ജിക്കുവാനും ഒരു മുസ്‌ലിം പ്രതിജ്ഞാബദ്ധനാണ്.

- മുഹമ്മദ് ജിഷാന്‍ വാരാമ്പറ്റ


ഇസ്‌ലാം: തീവ്രവാദത്തെ വെറുക്കുന്ന മതം

തീവ്രവാദത്തെ ഇസ്‌ലാമുമായി കൂട്ടിക്കെട്ടി കളവുകള്‍ മെനയുന്ന വര്‍ത്തമാനകാല മാധ്യമപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വസ്തുനിഷ്ഠമായി ദൈവിക മതത്തെ പരിചയപ്പെടുത്തുകയും, തീവ്രവാദത്തോടുള്ള അതിന്റെ നിലപാട് വിശദീകരിക്കുകയും ചെയ്ത അന്‍വര്‍ അബൂബക്കറിന്റെ 'തീവ്രവാദം വെറുക്കുന്ന മതം' എന്ന ലേഖന പരമ്പര ഉപകാരപ്രദമായി.

ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും ആശയ ബീജം ഇസ്‌ലാമല്ലെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും പിന്നെ, അത് എവിടെ നിന്നാണ് ഉദ്ഭവിച്ചതെന്ന് വിശദീകരിക്കുന്നതില്‍ പലരും പരാജയപ്പെടുകയാണുണ്ടാവാറ്. ഈ കുറവ് നികത്തുന്നതായി നേര്‍പഥത്തിലെ ലേഖനം. ലേഖകനും വാരികക്കും അഭിനന്ദനങ്ങള്‍.

- അനസ് പടിഞ്ഞാറ്റുമുറി


പരിഹാരം സ്രഷ്ടാവില്‍ നിന്ന് മാത്രം

'ശാന്തിഗേഹം' നല്ല നിലവാരം പുലര്‍ത്തുന്നു. ഈ പംക്തിയില്‍ ചര്‍ച്ച ചെയ്യുന്ന പ്രശ്‌നങ്ങള്‍ ഏറിയും കുറഞ്ഞും കേരളത്തിലെ ഓരോ വീടുകളിലും സംഭവിച്ചു കൊണ്ടിരിക്കുന്നതാണ്. ഭൗതികമായ പരിഹാരങ്ങളേക്കാളുപരി സ്രഷ്ടാവിന്റെ മാര്‍ഗദര്‍ശനങ്ങളാണ് ഈ രംഗത്തെല്ലാം പ്രായോഗികം എന്ന് അടിവരയിടുന്നതാണ് അതിനുള്ള മറുപടികള്‍. അല്ലാഹു അനുഗ്രഹിക്കട്ടെ.

- തസ്‌ലീമ കാഞ്ഞങ്ങാട്