എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 ഏപ്രില്‍ 08 1438 റജബ് 11

ആത്മീയവാണിഭത്തിന്റെ കാണാപ്പുറങ്ങള്‍

ഓട്ടോയില്‍ മറന്നുവെച്ച എക്‌സ്‌റെ കവറുമായാണ് മതിലിനു മുകളില്‍ പോലും കര്‍ട്ടനിട്ട് മറച്ച ആ വലിയ വീട്ടിലേക്ക് രണ്ടാമതും അയാള്‍ പോയത്. ഗെയ്റ്റ് തുറന്ന് അകത്തുകയറി. നേരിട്ട് വീട്ടിലേക്ക് പ്രവേശിച്ചതുപോലെ മുറ്റം മുഴുവനും ടൈല്‍സിട്ട് വശങ്ങളില്‍ ഇരിപ്പിടങ്ങള്‍ പോലെ മുറിച്ചുമരുകളുള്ള വീട്. ഒരു വശത്ത് ഒന്നിനു പിറകെ മറ്റൊന്നായി നാലു കാറുകള്‍ നിരന്നു കിടപ്പുണ്ട്. രണ്ടാമതു കിടക്കുന്ന കാറിന് അകമ്പടി പോകുന്ന കാറുകളാണ് ബാക്കിയുള്ളതെന്ന് അവയുടെ വലിപ്പവും കിടപ്പും കണ്ടാല്‍ മനസ്സിലാവും.

ആ വലിയ കാറിലേക്കു നോക്കി നില്‍ക്കുമ്പോഴാണ് അടുത്തുള്ള കൗണ്ടറില്‍ നിന്നും ഒരു കുറിയ മനുഷ്യന്‍ ഇറങ്ങിവന്ന് സിറ്റൗട്ടിലേക്ക് വിരല്‍ ചൂണ്ടിക്കാണിച്ചത്. ഒന്നും ചോദിക്കാതെ തന്നെ വിരല്‍ ചൂണ്ടിയ ദിക്കിലേക്ക് അയാള്‍ ധൃതിയില്‍ നടന്നു.

ചൂരല്‍ കസേരയില്‍ നിവര്‍ന്ന് കിടക്കുന്നയാളുടെ കാലില്‍ തടവിക്കൊണ്ടിരുന്ന ചെറുപ്പക്കാരന്‍ അപരിചിതനെ കണ്ടപ്പോള്‍ പെട്ടെന്നെണീറ്റുമാറി. കാലിലെ സ്പര്‍ശം മുറിഞ്ഞതിലാവണം കയ്യിലെ മൊബൈല്‍ മാറ്റിവെച്ച് തലയുയര്‍ത്തിനോക്കി.

കറുത്ത തലമുടി നീണ്ടു വളര്‍ന്ന് കഴുത്തിലൂടെയിറങ്ങി താടിരോമങ്ങള്‍ക്കൊപ്പം നെഞ്ചില്‍ പിണഞ്ഞുകിടക്കുന്നുണ്ട്. നെറ്റിയില്‍ നിസ്‌കാരത്തഴമ്പ് മുഴച്ചിരിക്കുന്നു. മുറുക്കിത്തുപ്പാനുള്ള വെട്ടിത്തിളങ്ങുന്ന കോളാമ്പിക്കടുത്ത് ആഷ്ട്രേയും ഒരു പ്ലെയിറ്റില്‍ കുറച്ചു കുരുമുളകുമണികളും.

കണ്ടിട്ട് ആത്മീയ വ്യാപാരകേന്ദ്രം പോലെ. നോട്ടിസുകളും ഫഌക്‌സ് ബോര്‍ഡുകളും തൂക്കിയിട്ടിട്ടുണ്ട്. വായിച്ചെടുക്കാന്‍ തുനിഞ്ഞപ്പോഴേക്കും 'സിദ്ധന്‍' അയാളോട് കയറിയിരിക്കാന്‍ ആംഗ്യം കാണിച്ചു. കസേരയിലേക്കമരുമ്പോള്‍ കാല്‍ തടവിക്കൊടുത്ത ചെറുപ്പക്കാരന്‍ ഹാളിലേക്കിറങ്ങി നിന്നു.

''എന്താ പ്രശ്‌നം?'' മൃദു സ്വരത്തില്‍ 'സിദ്ധന്‍' ചോദിച്ചു.

അല്‍പസമയം മുമ്പ് ഹോസ്പിറ്റലില്‍ നിന്നും ഒരു വൃദ്ധനെ ഞാനിവിടെയെത്തിച്ചിരുന്നു. മടങ്ങിപ്പോകുമ്പോഴാണ് വണ്ടിയില്‍ അയാളുടെ കവര്‍ മറന്നു വെച്ചത് എന്റെ ശ്രദ്ധയില്‍ പെട്ടത.് ഞാനതിവിടെ ഏല്‍പിക്കാന്‍ വന്നതാ'' പറഞ്ഞു തീര്‍ന്നപ്പോള്‍ 'സിദ്ധന്റെ' മുഖം തെല്ലൊന്നു മാറിയതുപോലെ അയാള്‍ക്കു തോന്നി.

'സിദ്ധന്‍' കവര്‍ വാങ്ങി വീടിനകത്തേക്ക് നടന്നു. നിമിഷങ്ങള്‍ക്കകം അയാളെയും അകത്തേക്കു ക്ഷണിച്ചു. മടിച്ചു മടിച്ചാണെങ്കിലും അകത്തുചെന്നു.

വൃദ്ധനെ അവിടെയെങ്ങും കണ്ടില്ല, വിശ്രമിക്കുകയാവും.

ടേബിളില്‍ ചായയും പലഹാരങ്ങളും ഒരുക്കിവെച്ചിട്ടുണ്ട്.

''ഇവിടിരുന്ന് കഴിച്ചോളൂ'' 'സിദ്ധന്‍' അത്രയും പറഞ്ഞ് ഇരിപ്പിടത്തിലേക്ക് പോയി.

പുറത്തൊരു സ്ത്രീ സിദ്ധന്റെ മുന്നിലെത്തി കരഞ്ഞു കൊണ്ട് എന്തൊക്കെയോ ബുദ്ധിമുട്ടുകളും വിഷമങ്ങളും ബോധിപ്പിക്കുന്നു. മറുപടിയായി അയാള്‍ കണ്ണടച്ചിരുന്ന് കയ്യില്‍ കരുതിയ നൂലില്‍ മന്ത്രം ജപിച്ചു കെട്ടി അവരുടെ കയ്യില്‍ വെച്ചുകൊടുക്കുകയും ചെയ്തു. ആ സ്ത്രി പേഴ്‌സില്‍ നിന്നും അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് സിദ്ധന്റെ മുന്നിലെ ടീപ്പോയില്‍ വെച്ച് തിരിഞ്ഞു നടക്കുമ്പോള്‍ ചായ കുടി കഴിഞ്ഞ് അയാള്‍ എണീറ്റു. 'സിദ്ധന്' കൈകൊടുത്ത് നടയിറങ്ങി ചെരുപ്പ് ധരിച്ച് തിരിഞ്ഞപ്പോള്‍ തലതട്ടി ഇളകിയാടിയ ബോര്‍ഡ് പിടിച്ചു നിര്‍ത്തി മുഖത്തോടടുപ്പിച്ചു വായിക്കാന്‍ ശ്രമിച്ചു: 'മന്ത്ര ചികിത്സ എല്ലാ തിങ്കളാഴ്ചയും ആത്മീയ സദസ്സ് ഒന്നാം തീയതിയും പതിനഞ്ചാം തീയതിയും ഉണ്ടായിരിക്കുന്നതാണ്. എന്‍. ബി: മുന്‍കൂട്ടി ബുക്ക് ചെയ്ത് വരേണ്ടതാണ.് നേര്‍ച്ച സാധനങ്ങളും സഹായങ്ങളും കൗണ്ടറില്‍ ഏല്‍പിച്ചവര്‍ പ്രാര്‍ഥനാ രസീതുമായി ഹാളില്‍ നിരന്നിരിക്കേണ്ടതാണ്.' മുഴുവനും വായിച്ചു തീര്‍ത്തപ്പോള്‍ അയാളുടെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നത് ആശുപത്രിവാസവും കഴിഞ്ഞ് കൂടെ ആരുമില്ലാതെ ഓട്ടോയില്‍ നിന്നിറങ്ങിപ്പോയ ആ വൃദ്ധന്റെ ചിത്രമായിരുന്നു. ആരായിരിക്കും അത്? എന്തുകൊണ്ടായിരിക്കും അയാള്‍ സംസാരിക്കാന്‍ വിമുഖത കാണിച്ചത്? ചികിത്സക്ക് വന്നതാണെങ്കില്‍ പുറത്തു കാണേണ്ടതാണല്ലോ. ഒരു പക്ഷേ, അയാള്‍ സിദ്ധന്റെ...

''സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അവരെ തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കി വെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപറ്റി സന്തോഷ വാര്‍ത്തയറിയിക്കുക'' (വി.ക്വുര്‍ആന്‍ 9:34).

- ഷാനവാസ് കുലുക്കല്ലൂര്‍