എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 ഏപ്രില്‍ 15 1438 റജബ് 18

സമ്പത്തും ദാനധര്‍മങ്ങളും

സമ്പത്ത് എന്നത് കുമിഞ്ഞുകൂടാനുള്ളതല്ല. അത് സമ്പന്നതയുടെ ഉയര്‍ന്ന തലത്തില്‍ നിന്ന് താഴ്ന്ന ദരിദ്രവിഭാഗങ്ങളിലേക്ക് ഒഴുകേണ്ട ഒന്നാണ്. ആ ഒഴുക്കിനെ തടയിടുന്ന ഘടകങ്ങളാണ് ധാരാളിത്തവും പിശുക്കും. ഇന്ന് കാണുന്ന മിക്ക സാമൂഹിക തിന്മകളുടെയും പിന്നില്‍ സമ്പത്ത് മുഖ്യ പങ്കു വഹിക്കുന്നതായി നമുക്ക് കാണാന്‍ കഴിയും. ഉയര്‍ന്ന ജീവിതനിലവാരം പുലര്‍ത്തുന്നതിലുള്ള മാത്സര്യവും പലിശാധിഷ്ടിത സമ്പദ്‌വ്യവസ്ഥയുടെ വിളയാട്ടവും സാമ്പത്തികരംഗത്തെ അടിമുടി നശിപ്പിച്ചു കൊണ്ടിരിക്കുന്നു. സമ്പത്ത് മനുഷ്യനെ അഹങ്കാരിയും ധിക്കാരിയുമാക്കിത്തീര്‍ക്കുന്നു.

ഇത്തരം ജീര്‍ണതകളില്‍ നിന്നുള്ള മോചനമാണ് ദാനധര്‍മങ്ങളിലുടെയും സകാത്ത് സംഭരണ വിതരണ സംവിധാനങ്ങളിലുടെയും കൈവരുന്നത്. ദാനധര്‍മങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യമാണ് ഇസ്‌ലാം കല്‍പിക്കുന്നത്. ഇത്തരം അനുഷ്ടാന കര്‍മങ്ങളിലൂടെ മനുഷ്യന്റെ ആത്മീയ ജീവിതത്തില്‍ മാത്രമല്ല സാമൂഹിക ജീവിതത്തില്‍ വരെ മാറ്റങ്ങള്‍ പ്രകടമാക്കുന്നു.

ഒരു ഹദീസില്‍ ഇപ്രകാരം കാണാം. നബി പറഞ്ഞു: ''ഒരു കാരക്കയുടെ കഷ്ണമെങ്കിലും ദാനം ചെയ്തു നിങ്ങള്‍ നരകത്തെ സൂക്ഷിക്കുവിന്‍.'' (ബുഖാരി)

മറ്റൊരു ഹദീസ് ഇപ്രകാരമാണ്. ''ധര്‍മ്മം ചെയ്തത് കാരണമായി ഒരു സ്വത്തിലും കുറവ് വന്നിട്ടില്ല. വിട്ടുവീഴ്ച കാരണമായി അല്ലാഹു ഒരാള്‍ക്കും പ്രതാപം വര്‍ധിപ്പിക്കാതിരുന്നിട്ടില്ല. അല്ലാഹുവിനു ആരെങ്കിലും കീഴൊതുങ്ങിയാല്‍ അയാളെ അല്ലാഹു ഉയര്‍ത്തുക തന്നെ ചെയ്യും.'' (സ്വഹീഹ് മുസ്‌ലിം)

ഒരാള്‍ ദാനധര്‍മങ്ങള്‍ ചെയ്യുന്നത മൂലം അയാളുടെ സമ്പത്തില്‍ അത് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നില്ല മറിച്ച് അത് ഏതെങ്കിലും മാര്‍ഗത്തിലൂടെ അത്രതന്നെയോ അതില്‍ കൂടുതലോ അയാളിലേക്ക് വന്നു ചേരുമെന്ന് സാരം.

ദാനധര്‍മങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന നിരവധി വചനങ്ങള്‍ ഖുര്‍ആനില്‍ നമുക്ക് കാണാന്‍ കഴിയും.

''എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും സൂക്ഷ്മത പാലിക്കുകയും ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ അവന്നു നാം ഏറ്റവും എളുപ്പമായതിലെക്ക് സൗകര്യപ്പെടുത്തി കൊടുക്കുന്നതാണ്'' (92:5-7).

മറ്റൊരു വചനത്തില്‍ അല്ലാഹു പറയുന്നു . ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവു ചെയ്യുക.(പിശുക്കും ഉദാസീനതയും മൂലം) നിങ്ങളുടെ കൈകളെ നിങ്ങള്‍ തന്നെ നാശത്തില്‍ തള്ളിക്കളയരുത്. നിങ്ങള്‍ നല്ലത് പ്രവര്‍ത്തിക്കുക. നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെ ചെയ്യും.'' (അല്‍ ബഖറ: 195)

ഇത് പോലുള്ള നിരവധി വചനങ്ങള്‍ ഖുര്‍ആനിലുടനീളം കാണാന്‍ കഴിയും.ഇവയെല്ലാം തെളിയിക്കുന്നത് സാമ്പത്തിക അച്ചടക്കം പാലിക്കാതെ ഒരു മുസ്‌ലിമിന് തന്റെ ജീവിതം മുന്നോട്ട് നീക്കല്‍ അസാധ്യം തന്നെയാണ്.

- അനീസുദ്ധീന്‍ ടി.വി ആനക്കര