എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 ഡിസംബർ 09 1439 റബിഉല്‍ അവ്വല്‍ 20

കലാപാഹ്വാനം: മലയാളി മുസ്‌ലിംകള്‍ക്ക് പറയാനുള്ളത് 

ഐ.എസ് കാരന്റെതെന്ന പേരില്‍ പ്രചരിക്കപ്പെടുന്ന ശബ്ദ സന്ദേശത്തെക്കുറിച്ച് സി.പി.സലീം എഴുയതിയ ലേഖനം ശ്രദ്ധേയമായി. തങ്ങളുടെ വാദങ്ങളും കൊലവിളിക്കായി തങ്ങള്‍ നടത്തുന്ന ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനങ്ങളും കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ അംഗീകരിക്കാത്തതിനാല്‍ അവരൊക്കെയും കപടന്മാരാണെന്ന് പറഞ്ഞുകൊണ്ടാണ് പോലും അയാള്‍ സംസാരം അവസാനിപ്പിക്കുന്നത്. കേരളത്തിലെ മതസംഘടനകളെ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ച് അവരൊന്നും യഥാര്‍ഥ മുസ്‌ലിംകളല്ലെന്നും ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുന്നില്ലെന്നുമുള്ള ഈ അക്രമിയുടെ ഈ പരാമര്‍ശം അഭിമാനത്തോട് കൂടി തന്നെയാണ് കേരളത്തിലെ ഓരോ മുസ്‌ലിമും കേട്ടിട്ടുണ്ടാവുക എന്നത് തീര്‍ച്ചയാണ്. ഈ 'കൊലയാളിക്കൂട്ടം' ധരിച്ചു വെച്ചിരിക്കുന്ന ഇസ്‌ലാമല്ല കേരളത്തിലെ മുസ്‌ലിംകള്‍ ഇസ്‌ലാമായി പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കിയത് എന്നതിനെക്കാള്‍ വലിയ എന്ത് അംഗീകാരമാണ് ഇനി കേരളത്തിലെ മുസ്‌ലിംകള്‍ക്ക് ലഭിക്കാനുള്ളത്? 

'ഇന്ത്യയില്‍ ആരാധന നടത്തുവാന്‍ സ്വാതന്ത്ര്യമില്ലെന്ന കളവ് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുവാനും ആചാരങ്ങള്‍ അനുഷ്ഠിക്കുവാനും പ്രബോധനം ചെയ്യുവാനും സ്വാതന്ത്ര്യമുള്ള നമ്മുടെ നാട്ടില്‍ എവിടെയാണ് അയാള്‍ പറയുന്ന തടസ്സങ്ങള്‍ ഉള്ളത്? ഇന്ത്യ ഭരിക്കുന്നത് ഹിന്ദുക്കളാണെന്നും ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥ ഒരു മുസ്‌ലിമിന് അംഗീകരിക്കുവാന്‍ പറ്റില്ലെന്നും പറയുന്ന ഇവര്‍ ഇസ്‌ലാമിക പണ്ഡിതനും സ്വാതന്ത്ര്യ സമരസേനാനിയുമായ മൗലാന അബുല്‍ കലാം ആസാദിലേക്കും കേരളത്തിലെ ഇസ്‌ലാമിക പണ്ഡിതരും സ്വാതന്ത്ര്യ സമര സേനാനികളുമായിരുന്ന കെ. എം. മൗലവി, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, സീതി സാഹിബ് തുടങ്ങിയവരെക്കുറിച്ചോര്‍ക്കുന്നത് നന്നായിരിക്കും. സ്വന്തം വിശ്വാസം മുറുകെപ്പിടിക്കുന്നതോടൊപ്പം ഇവിടെയുള്ള മറ്റുമതസ്തരായ നേതാക്കളോടൊപ്പം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സമൂഹത്തിന്റെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിച്ചവരാണ് അവര്‍. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുവാനും പ്രാവര്‍ത്തികമാക്കുവാനും പ്രബോധനം ചെയ്യുവാനും സ്വാതന്ത്ര്യമുള്ള നമ്മുടെ രാജ്യത്തിന്റെ ഭരണഘടന മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അനുഗ്രഹം തന്നെയാണ്.' ഇൗ വാക്കുകള്‍ ഓരോ മലയാളി മുസ്‌ലിമും മനസ്സിരുത്തി വായിക്കേണ്ടതാണ്. 

ലേഖകനും നേര്‍പഥത്തിനും അഭിനന്ദങ്ങള്‍.

- അബ്ദുല്‍ ബാസിത്, കൊയിലാണ്ടി


നിലവാരം കളയരുത്

'നേര്‍പഥം' വാരികയുടെ ഒരു വായനക്കാരനാണ് ഞാന്‍. നിലവാരമുള്ള ലേഖനങ്ങളാണ് വാരികയില്‍ വരാറുള്ളത്. മറ്റു പ്രസിദ്ധികരണങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിമര്‍ശിക്കുമ്പോള്‍ പോലും ഗുണകാംക്ഷ കാത്തു സൂക്ഷിക്കുന്ന മലയാളത്തിലെ ഏക പ്രസിദ്ധികരണമായിരിക്കും 'നേര്‍പഥം.'

പക്ഷേ, ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, നേര്‍പഥത്തിന്റെ നാളിത് വരെയുള്ള നിലവാരത്തിന് കോട്ടം തട്ടുന്ന വിധമുള്ള ഒരു ലേഖനം 'വമ്പിച്ച നമസ്‌ക്കാരം ഗംഭീര നോമ്പ്' എന്ന പേരില്‍ വന്നതായി കാണുന്നു. ആദര്‍ശപരമായി തെറ്റുണ്ടെന്നല്ല പറയുന്നത്. ചില പദപ്രയോഗങ്ങള്‍ ഒഴിവാക്കാമായിരുന്നു. അത് കൊണ്ട് ശ്രദ്ധിക്കുക. നിലവാരമുള്ള സൃഷ്ടികള്‍ മാത്രം പ്രസിദ്ധീകരിക്കുക. 

- അസ്‌ലം പട്‌ല