എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 ഏപ്രില്‍ 01 1438 റജബ് 04

നേരിന്റെ ആര്‍ജവം

പ്രസിദ്ധീകരണങ്ങളുടെ ആധിക്യം പ്രകടമായ ഒരു സംസ്ഥാനമാണ് കേരളം. വായന മരിക്കുന്നു എന്ന് ചിലരെങ്കിലും വ്യാകുലപ്പെടാറുണ്ടെങ്കിലും ഇവിടെ പ്രസിദ്ധീകരണങ്ങള്‍ക്ക് പഞ്ഞമില്ല. അതിനിടയിലേക്കണ് 'നേര്‍പഥ'വും പിറന്നുവീണിരിക്കുന്നത്. ഈ നവാഗതന് ഇവിടെ എന്തുകാര്യം എന്ന് തുടക്കത്തില്‍ ചിന്തിച്ചവരില്‍ ഒരാളായിരുന്നു ഈയുള്ളവനും. ഇറങ്ങിയേടത്തോളം എല്ലാം വായിച്ചു. തേടിയിരുന്ന 'കാര്യം' കിട്ടി.

അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും തിന്മകളോടും സന്ധിയില്ലാ സമരം നടത്താന്‍ വാരിക കാണിക്കുന്ന ആര്‍ജവം അതിന്റെ 'മുഖമൊഴി'കളിലൂടെ കണ്ണോടിച്ചാല്‍ മനസ്സിലാകും. ചില മിഥ്യാധാരണകളെ പൊളിക്കുകയും പള്ളി ഭാരവാഹികളെ പൊള്ളിക്കുകയും ചെയ്തുകൊണ്ടുള്ള മുഖമൊഴി (മാര്‍ച്ച് 11-18) ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്ന് പറയാതെ വയ്യ.

മുഖം നോക്കാതെ, പക്ഷം ചേരാതെ, തെറ്റിനെ തെറ്റെന്ന് പറയാന്‍ തന്റേടം കാണിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ -പൊതു പ്രസിദ്ധീകരണങ്ങളായാലും മതപ്രസിദ്ധീകരണങ്ങളായാലും ശരി- വിരളമാണ്. ആ തന്റേടം 'നേര്‍പഥ'ത്തില്‍ കാണുന്നു. അതുകൊണ്ടു തന്നെ അതിന് ഇസ്‌ലാമിക പ്രസിദ്ധീകരണ രംഗത്ത് ഇടമുണ്ട്. പേജുകള്‍ വര്‍ധിപ്പിക്കണം. വിജയം നേരുന്നു.

- കെ.പി അബൂബക്കര്‍, മുത്തനൂര്‍


നിലപാടറിയിച്ച ലേഖനം

'തെരഞ്ഞെടുപ്പ്; നിലപാട് സുചിന്തിതമാകണം' എന്ന ലേഖനം മുഴുവന്‍ മലയാളികളും വായിക്കേണ്ടതാണ്. അമുസ്‌ലിംകള്‍ക്ക് ചില ധാരണകള്‍ തിരുത്തുവാനും മുസ്‌ലിംകള്‍ക്ക് നിലപാടുകള്‍ നന്നാക്കുവാനും ഏറെ സഹായകമായിരുന്നു പ്രസ്തുത ലേഖനം.

'തന്റെ വിശ്വാസ ആദര്‍ശങ്ങള്‍ക്ക് കോട്ടം തട്ടാത്ത വിധം ഭൗതിക കാര്യങ്ങളില്‍ ഇതര മതസ്ഥരുമായി സഹകരിക്കുന്നതിനോ, അവര്‍ക്ക് പുണ്യം ചെയ്യുന്നതിനോ, അവരോടു സഹിഷ്ണുതയോടെയും അനുകമ്പയോടെയും പെരുമാറുന്നതിനോ ഇസ്‌ലാം വിലക്കുന്നില്ല. മറിച്ച് അതാണ് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. തന്റെ ചുറ്റും ജീവിച്ചിരുന്ന ഇതര മതസ്ഥരോട് ഏറെ വിനയത്തോടെയും സഹിഷ്ണുതയോടെയും പെരുമാറിയിരുന്ന ആളായിരുന്നു പ്രവാചകന്‍(സ്വ). വിശുദ്ധ ക്വുര്‍ആന്‍ പ്രവാചകനില്‍ ഉണ്ടായിരുന്ന ആ സഹിഷ്ണുതാ മനോഭാവം പ്രത്യേകം എടുത്ത് പറഞ്ഞിട്ടുമുണ്ട്. മാത്രമല്ല അതാണ് ഏറ്റവും കൂടുതല്‍ ആളുകളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതും. അല്ലാഹു പറയുന്നു:

''(നബിയേ) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു'' (വി.ക്വുര്‍ആന്‍ 3:159).'

പ്രമാണങ്ങളില്‍നിന്ന് ഇസ്‌ലാമിനെ മനസ്സിലാക്കിയാലേ ശരിയായ ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ കഴിയൂ. തികച്ചും പ്രമാണബദ്ധമായി, ചരിത്രത്തിന്റെ ശോഭയാര്‍ന്ന ഏടുകള്‍ നിരത്തിവെച്ച് പഠനാര്‍ഹമായ ലേഖനം എഴുതിയ പി.എന്‍ അബ്ദുറഹ്മാന്റെ തൂലികക്ക് നാഥന്‍ ശക്തി പകരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

- അമീന്‍ തുവക്കാട്


പ്രാര്‍ഥനയും സമസ്തയും

അല്ലാഹുവിന് കീഴ്‌പ്പെട്ട് ആത്മാര്‍ഥമായി ആരാധന നിര്‍വഹിക്കാനാണ് ഇസ്‌ലാം കല്‍പിച്ചിട്ടുള്ളത്. ഈ കല്‍പന ഉള്‍ക്കൊണ്ട് ജീവിക്കുന്ന ഒരു മുസ്‌ലിമിന് അണുഅളവ് ശിര്‍ക്കുമായി പൊരുത്തപ്പെടാന്‍ കഴിയില്ല. എന്നാല്‍ പ്രാര്‍ഥനയും ആരാധനയും ഒന്നല്ലെന്നും പ്രാര്‍ഥനയാകുന്ന വിളിയും ആകാത്ത വിളിയുമുണ്ടെന്നും വിശ്വസിച്ച് അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്നത് അനുവദനീയമാണെന്ന് വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സമസ്തയുടെ വാദങ്ങളിലെ നിരര്‍ഥകത ബോധ്യപ്പെടുത്തുന്നതായിരുന്നു മൂസ കാരയുടെ ലേഖനം.

- മുര്‍ഷിദ ജംഷാദ്, കല്ലടിക്കോട്