എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 മെയ് 06 1438 ശഅബാന്‍ 9

നേര്‍പഥം രാഷ്ട്രീയത്തില്‍ പക്ഷം ചേരരുത്

'നേര്‍പഥം' വൈവിധ്യപരവും വൈജ്ഞാനികപരവുമായി മുന്നേറിക്കൊണ്ടിരിക്കുന്നു; വിഷയങ്ങളില്‍ കണിശത പുലര്‍ത്തി 'പീസ് റേഡിയോ' പോലെ. അല്‍ഹംദുലില്ലാഹ്. 

ഏപ്രില്‍  15ലെ നേര്‍പഥത്തിലെ 'നമുക്ക് ചുറ്റും' പംക്തിയില്‍ 'നജീബിന്റെ ഉമ്മയും ജിഷ്ണുവിന്റെ അമ്മയും,' മുന്‍ലക്കത്തിലെ 'തട്ടമഴിക്കാന്‍ തക്കം നോക്കുന്നവരോട്', അത്‌പോലെ മുഖമൊഴിയിലെ 'വേണം നമ്മുടെ പോലീസിനൊരു പെരുമാറ്റച്ചട്ടം' തുടങ്ങിയ ലേഖനങ്ങളില്‍ വന്നിട്ടുള്ള ചില പരാമര്‍ശങ്ങളിലെ അനൗചിത്യം ഗുണകാംക്ഷാപരമായി ചൂണ്ടിക്കാണിക്കട്ടെ. 

പ്രസ്തുത ലേഖനങ്ങള്‍ നടത്തിയിട്ടുള്ളത് ആദര്‍ശപരമായ അടിത്തറയില്‍ നിന്നുകൊണ്ടുള്ള ചര്‍ച്ചയല്ല; രാഷ്ട്രീയപരമായ വീക്ഷണകോണിലൂടെയുള്ള ചര്‍ച്ചയാണ്.  സഹോദരിമാരുടെ മാനം പണയംവെച്ചും തേന്‍കെണികളുണ്ടാക്കി ബ്രേക്കിംഗ് ന്യൂസുകള്‍ സൃഷ്ടിക്കുന്ന മാധ്യമ അജണ്ടകളുടെയോ യു.ഡി.എഫ് രാഷ്ട്രീയത്തിന്റെ കുഴലൂത്തുകാരുടെയോ വക്താക്കളാവേണ്ടവരല്ല നേര്‍പഥം.  ജിഷ്ണുവിന്റെ അമ്മയെ റോഡിലൂടെ വലിച്ചിഴച്ചുവെന്നും  പരാതിക്കാരിയെ പരിഗണിക്കാതെ പടിക്ക് പുറത്ത് നിര്‍ത്തിയെന്നും 'നമുക്കുചുറ്റും' ആവലാതിപ്പെടുന്നു.  ജിഷ്ണുവിന്റെ അമ്മയ്ക്കും അച്ഛനും അമ്മാവനും സി.പി.എമ്മിന് വേണ്ടി ആര്‍.എസ്.എസ്സിനാല്‍ ആക്രമണത്തിനിരയായ ആ കുടുംബത്തിലാരും ഉന്നയിക്കാത്ത കാര്യങ്ങളാണ് പത്ത് മാസം കഴിഞ്ഞ ഇടത് സര്‍ക്കാരിനെതിരെ നേര്‍പഥത്തിലൂടെ നിരത്തിയിട്ടുള്ളത്.   ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ തെളിവുകള്‍ അന്വേഷിക്കേണ്ടതില്ലേ? 

കേവലം വാണിജ്യ താല്‍പര്യം മാത്രം മുന്നില്‍കണ്ട് പ്രവര്‍ത്തിക്കുന്ന കുത്തക പത്ര-ദൃശ്യമാധ്യമങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഊതിക്കാച്ചിയെടുത്ത അജണ്ടകള്‍ക്ക് തങ്കം പൂശിയെടുക്കാന്‍ ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തേണ്ടതില്ല. ഏപ്രില്‍ 12ാം തീയതി മലപ്പുറം പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം മഹിജയും ശ്രീജിത്തും പത്രങ്ങളുടെ ഒന്നാം പേജില്‍ നിന്ന് അപ്രത്യക്ഷമായത് ഇതിന് തളിവാണ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലെ ചില മാധ്യമങ്ങള്‍ സലഫികളെയും ഐ.എസ്.ഐ.എസ്സിനെയും ബന്ധപ്പെടുത്തിയും കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായ ചില ആളുകളെ കോര്‍ത്തിണക്കിയും കെട്ടുകഥകള്‍ പ്രചരിപ്പിച്ചും മുന്‍നിര പ്രബോധകരെ തീവ്രവാദബന്ധമുള്ളവരാക്കി അവതരിപ്പിക്കാന്‍ ശ്രമിച്ചും വാര്‍ത്തകള്‍ മെനഞ്ഞത് മറക്കാറായിട്ടില്ല.

ഇസ്‌ലാമിന്റെ യഥാര്‍ഥ ആശയങ്ങളെ പ്രതിനിധീകരിക്കുന്ന സലഫികളെ തീവ്രവാദികളാക്കാനും ഇസ്‌ലാമിക ആദര്‍ശങ്ങളെ  വക്രീകരിക്കുന്നതിനും ലോകത്തിന് മുമ്പില്‍ തെറ്റായ സന്ദേശം നല്‍കാനുമാണ് ഇക്കൂട്ടര്‍ ശ്രമിച്ചത്.  മാധ്യമ സ്വാധീനത്താല്‍ മേല്‍പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് വിശ്വസിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ആരെങ്കിലും സലഫികള്‍ക്കെതിരെ ലേഖനമെഴുതുകയോ പ്രസംഗിക്കുകയോ ചെയ്താല്‍ ഈ ദീനിനെ നെഞ്ചോട് ചേര്‍ക്കുന്ന ഓരോ വിശ്വാസിയും ഇത് പ്രബോധനം ചെയ്യുന്നവരും എത്രത്തോളം പ്രയാസത്തിലായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. ആയതിനാല്‍ വിഷയങ്ങളെ മതരപവും രാഷ്ട്രീയപരവുമായി കൃത്യവും നിഷ്പക്ഷവുമായ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍  വിശദീകരിക്കേണ്ടതിനുപകരം മാധ്യമങ്ങളുടെ അജണ്ടകള്‍ക്കു പിറകെപോയി അനാവശ്യ ചര്‍ച്ചകള്‍ ഏറ്റെടുക്കാതിരിക്കുകയാവും നേര്‍പഥത്തിന് അഭികാമ്യം. 

ഏപ്രില്‍ 15ലെ തന്നെ 'വേണം നമ്മുടെ പോലീസിനൊരു പെരുമാറ്റച്ചട്ടം' എന്ന മുഖമൊഴി ലേഖനത്തിലും ഗവണ്‍മെന്റിനും പൊലീസിനുമെതിരെ വിമര്‍ശനങ്ങള്‍ എയ്ത് വിടുന്നുണ്ട്.  ഒരു കാര്യം മാത്രം  ഇവിടെ സൂചിപ്പിക്കുന്നു. അത് യു.എ.പി.എ. കേസുമായി ബന്ധപ്പെട്ടതാണ്. യു.എ.പി.എ. കേസുകളില്‍ 75%വും ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ടവയായത് കൊണ്ടാണ് ഇവിടെ പ്രത്യേകം എടുത്ത് ചേര്‍ക്കുന്നത്. പോലീസിലെ ഏതെങ്കിലും ഉദ്യോഗസ്ഥരുടെ പക്വതയില്ലാത്ത പ്രവര്‍ത്തികൊണ്ട് സര്‍ക്കാരിനെ വിലയിരുത്തുന്നത് നീതിയാകില്ല. പോലീസുകാര്‍ക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ഉയര്‍ന്നതിനാലാണ് യു.എ.പി.എ വിഷയത്തില്‍ ഒരു പുനപരിശോധന നടത്തുന്നതിന് മുഖ്യമന്ത്രി നിയമസഭയില്‍ തീരുമാനമെടുത്തത്. ഇടത് സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് ശേഷമെടുത്ത 26 യു.എ.പി.എ. കേസുകളില്‍  25 എണ്ണവും ഒഴിവാക്കുന്നതിന് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എടുത്ത 136 കേസുകള്‍ കേരളത്തില്‍ നിലനിന്നിരുന്നു എന്നതും നാം മനസ്സിലാക്കേണ്ടതുണ്ട്. 

മാര്‍ച്ച് 18 ന് പുറത്തിറങ്ങിയ ലക്കത്തിലെ 'തട്ടമഴിക്കാന്‍ തക്കം നോക്കുന്നവരോട്' എന്ന തലക്കെട്ടില്‍ വന്ന ലേഖകന്റെ നിരീക്ഷണവും മുന്‍വിധിയോടെയുള്ളതാണ്.  പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുത്ത ഗുജറാത്തിലെ സ്വച്ഛശക്തി സമ്മേളത്തിന് മഫ്ത ധരിച്ചെത്തിയ മൂപ്പെനാട് പഞ്ചായത്ത് പ്രസിഡന്റിനെ അപമാനിച്ചു എന്നതാണ് വിവാദത്തിന് ആധാരമായ സംഭവം. മോദി ഗവണ്‍മെന്റിന്റെ ന്യൂനപക്ഷവിരുദ്ധ നയങ്ങളോടുള്ള വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ, പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട വിവാദം തികച്ചും ബാലിശമാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ സ്വാഭാവികമായ ഒരു നടപടി മാത്രമായി കാണേണ്ട ശിരോവസ്ത്രവിവാദത്തെ മോദി ഭക്തരുടെ മര്‍ക്കട മുഷ്ടി എന്ന തരത്തിലൊന്നും പരാമര്‍ശിക്കേണ്ട സംഗതിയല്ല. മാന്യമായി ഇസ്‌ലാമിക വസ്ത്രം ധരിച്ച് നടക്കുന്നതിന് ഇന്ത്യാരാജ്യത്ത് നിലവില്‍ നിയമ തടസ്സങ്ങളൊന്നും തന്നെയില്ല. 

- നൗഫല്‍ പുത്തനങ്ങാടി