എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 മാര്‍ച്ച് 18 1438 ജമാദുല്‍ ആഖിര്‍ 19

ആദര്‍ശം നഷ്ടപ്പെട്ടാല്‍ സംഭവിക്കുന്നത്

മൂന്ന് ലക്കങ്ങളിലായി ടി.കെ അശ്‌റഫ് എഴുതിയ സംഘടനാ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ലേഖനം ഏറെ പഠനാര്‍ഹവും ഉപകാരപ്രദവുമായിരുന്നു.

ഐക്യപ്പെരുന്നാളിന്റെ ആഘോഷം കെട്ടടങ്ങുന്നതിനു മുമ്പുതന്നെ ഭിന്നിപ്പിന്റെ കവാടങ്ങള്‍ പലതും തുറക്കപ്പെടുന്ന വിധിവൈപരീത്യത്തിനു കാരണം ഐക്യം എന്നത് വയറിളക്കത്തിന് വിക്‌സ് പുരട്ടിയതുപോലുള്ള വൃഥാവേലയായിരുന്നു എന്നതാണ്. ആദര്‍ശപരമല്ലാത്ത ഐക്യത്തിന് നിലനില്‍പ്പില്ല എന്നര്‍ഥം.

'ആര്‍ക്കാണ് തെറ്റ് പറ്റിയെതെന്ന് വിശദീകരിക്കാതെയുള്ള യോജിപ്പ് അണികളില്‍ വമ്പിച്ച ആദര്‍ശ പ്രതിസന്ധിയുണ്ടാക്കും. ഊഹാപോഹങ്ങള്‍ക്കും ചേരിതിരിയലിനും വീണ്ടും കാരണമാകും. ക്വുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങിയെന്ന ഒറ്റവാക്കില്‍ മുഴുവന്‍ ആദര്‍ശ വിഷയങ്ങളെയും പൊതിഞ്ഞ് സൂക്ഷിക്കാന്‍ സാധ്യമല്ല. ആദര്‍ശം പൊതിഞ്ഞ് സൂക്ഷിക്കാനുള്ളതല്ല, സമൂഹത്തില്‍ പ്രചരിപ്പിക്കാനുള്ളതാണ്. അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിച്ചാല്‍ എന്താണ് കുഴപ്പം എന്ന ചോദ്യത്തിന് അത് ശിര്‍ക്കാണെന്ന വ്യക്തമായ മറുപടിയാണ് മുജാഹിദ് പ്രസ്ഥാനം നല്‍കിപ്പോരുന്നത്. അതല്ലാതെ ക്വുര്‍ആനിലും സുന്നത്തിലും എന്താണോ പറഞ്ഞത് അതാണ് മറുപടി എന്ന് മാത്രം പറഞ്ഞ് അവസാനിപ്പിച്ചാല്‍ ശ്രോതാവിന് കാര്യം മനസ്സിലാകില്ല. അതുപോലെ സിഹ്ര്‍ ഫലിക്കുമോയെന്ന ചോദ്യത്തിന് പ്രമാണത്തിലേക്ക് മടങ്ങിയെന്ന് മാത്രം പറഞ്ഞതുകൊണ്ടായില്ല. ഫലിക്കും; എന്നാല്‍ സിഹ്ര്‍ ചെയ്യല്‍ മഹാപാപമാണ് എന്ന പ്രമാണബദ്ധമായ മറുപടിയാണ് നല്‍കേണ്ടത്. അതിലേക്ക് യോജിച്ചുവെന്ന് പറയുമ്പോഴാണ് ഐക്യം സത്യസന്ധമാകുന്നത്'- ഈ വാക്കുകള്‍ ഐക്യക്കാരുടെ പൊറാട്ടുനാടകത്തില്‍ മയങ്ങിപ്പോയവരുടെ അകക്കണ്ണു തുറപ്പിക്കുന്നതാണ്.

നവയാഥാസ്ഥിതികര്‍, ജിന്ന്‌സേവകര്‍, അന്ധവിശ്വാസ പ്രചാരകര്‍...എന്നിങ്ങനെ നേരിന്റെ നേരിയ അംശംപോലുമില്ലാത്ത വിശേഷണം നല്‍കിയും വിദ്വേഷം വളര്‍ത്തിയും ഒരു വിഭാഗത്തെ തളര്‍ത്താന്‍ ശ്രമിക്കുകയും അതേസമയം വിശാലമായ മാനവിക ഐക്യത്തെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തി ലോകത്തിനു മുന്നില്‍ നല്ല പിള്ള ചമയാന്‍ പണിയെടുക്കുകയും ചെയ്തവര്‍ ഇന്ന് അഭ്യന്തര ഛിദ്രതയില്‍ വീര്‍പ്പുമുട്ടി കഴിയുകയാണ് എന്ന് ലോകം തിരിച്ചറിയുന്നുണ്ട്. ഐക്യത്തെ മുസ്‌ലിംകളും മുശ്‌രിക്കുകളും തമ്മില്‍ നടന്ന ഹുദൈബിയ സന്ധിയോട് തുലനം ചെയ്ത നേതാക്കളില്‍ നിന്ന് അണികള്‍ ഉത്തരം തേടുകയാണ്; ഇതില്‍ മുസ്‌ലിംകള്‍ ആര്? മുശ്‌രിക്കുകള്‍ ആര്?

- എം.പി ഇബ്‌റാഹീം കുട്ടി, റാബിയമന്‍സില്‍, പഴയങ്ങാടി


വിഭവവൈവിധ്യങ്ങളാന്‍ സമ്പന്നം

'നേര്‍പഥം' വിഭവ വൈവിധ്യങ്ങളാല്‍ സമ്പന്നമാണെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. കുട്ടികള്‍ക്ക് വേണ്ടിയുള്ള സന്മാര്‍ഗ കഥകളും കവിതകളും ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ 'നേര്‍പഥ'ത്തെ കുട്ടികളും കാത്തിരിക്കുന്നുണ്ട്. വനിതകള്‍ക്കായി പ്രത്യേക പംക്തി കാണുന്നില്ലെങ്കിലും ശാന്തിഗേഹം എന്ന കുടുംബ പംക്തി സ്ത്രീകള്‍ക്ക് ഏറെ ഉപകാരപ്രദമാണ്.

- ഫൗസിയ ഹസന്‍, നല്ലളം


വേറിട്ട ശബ്ദം

ആനുകാലിക വിഷയങ്ങളെ കാലവിളംബം കൂടാതെ അവലോകനം ചെയ്ത് അവതരിപ്പിക്കുന്നതില്‍ 'നേര്‍പഥ'ത്തെ അഭിനന്ദിക്കട്ടെ. 'നമുക്കു ചുറ്റും' എന്ന അവസാന പേജിലെ പംക്തിയും 'കവര്‍ സ്‌റ്റോറി'യും 'മുഖമൊഴി'യും നല്‍കുന്ന ഓര്‍മപ്പെടുത്തലുകള്‍ കണ്‍തുറപ്പിക്കുന്നതാണ്. പ്രസിദ്ധീകരണം തുടങ്ങി രണ്ടുമാസത്തിനകം 'നേര്‍പഥം' ആനുകാലികങ്ങള്‍ക്കിടയില്‍ അര്‍ഹമായ ഇടംനേടിക്കഴിഞ്ഞിരുക്കുന്നു എന്നതില്‍ സംശയമില്ല.

- നൂര്‍ മുഹമ്മദ്, പാലക്കാട്


സ്ത്രീ സുരക്ഷയെ കുറിച്ച വീണ്ടുവിചാരം

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് നേര്‍പഥത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം സമയോചിതമായി. പ്രശ്‌നങ്ങള്‍ ആവര്‍ത്തിച്ച് പറയാനും അതില്‍ സഹതപിക്കാനും ഭരണകൂടത്തെ വിമര്‍ശിക്കാനുമെല്ലാം സമയം കണ്ടെത്തുന്ന ആളുകള്‍ പലപ്പോഴും പരിഹാരത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ വികാരപ്രകടനം നടത്തുകയല്ലാതെ ക്രിയാത്മകമായി പരിഹാരം നിര്‍ദേശിക്കാന്‍ ശ്രമിക്കാറില്ല എന്നതാണ് വാസ്തവം. ഈയൊരു സാഹചര്യത്തില്‍വ്യക്തമായ ഇടപെടലായി നേര്‍പഥം നടത്തിയത്. ലേഖകന് അഭിനന്ദനങ്ങള്‍

- ഹാഷിം ഇടപ്പള്ളി