എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 മാര്‍ച്ച് 04 1438 ജമാദുല്‍ ആഖിര്‍ 05

പാരന്റിംഗില്‍ ശ്രദ്ധിക്കേണ്ടത്

'ഇസ്‌ലാമിക് പാരന്റിംഗ് പ്രാധാന്യവും ലക്ഷ്യവും' എന്നത് പ്രസക്തിയേറിയ വിഷയമാണ്. ഭദ്രമായ ഒരു സമൂഹസൃഷ്ടി ലക്ഷ്യമിടുന്ന ആദര്‍ശ സംഹിതയെന്ന നിലയില്‍ സമൂഹത്തിന്റെ പ്രഥമ വേദിയായ വ്യക്തിയുടെ രൂപപ്പെടലിന് വളരെ പ്രസക്തമാണ് കുടുംബ പശ്ചാത്തലമെന്നത് മനസ്സിലാക്കിത്തന്നത് ഇസ്‌ലാമാണ്. ചെറുപ്പംതൊട്ടേ വ്യക്തിത്വ രൂപീകരണത്തിന് സാഹചര്യമൊരുക്കുക എന്നതിന് പ്രവാചക നിര്‍ദേശങ്ങള്‍ എമ്പാടും കാണാന്‍ കഴിയും.

പാരന്റിംഗുമായി ബന്ധപ്പെട്ട വിഷയം സമുദായം ഒന്നുകില്‍ പാടെ അവഗണിക്കുകേയാ അല്ലെങ്കില്‍ അതില്‍ ഭൗതിക സമവാക്യങ്ങള്‍ മാത്രമറിയുന്നവരെ അവലംബിക്കുകയോ ചെയ്യുന്നതിന് വൈജ്ഞാനികമായ തിരുത്ത് അശ്‌റഫ് എകരൂല്‍ അദ്ദേഹത്തിന്റെ തൂലികയിലൂടെ നല്‍കുന്നുണ്ട്. ഒന്നാം ഭാഗത്തില്‍ ''ചുരുക്കത്തില്‍ 'വലദുന്‍ സ്വാലിഹിന്റെയും' 'ഇമാമുല്‍ മുത്തക്വീനി'ന്റെയും ഇടയില്‍ എവിടെയെങ്കിലും ഒരു ഇരിപ്പിടം ലഭിക്കുവാന്‍ യോഗ്യതയുള്ള മുസ്‌ലിമിനെ രൂപപ്പെടുത്തുന്ന ബൃഹദ് പദ്ധതിയാണ് ഇസ്‌ലാമിക പാരന്റിംഗ്. അതിന്റെ സൂത്രവാക്യങ്ങള്‍ അന്വേഷിക്കേണ്ടത് മരണാനന്തര ജീവിതം തന്നെ അംഗീകരിക്കാത്ത 'വിദഗ്ധന്‍മാരുടെ' പുസ്തകങ്ങളിലോ പരിശീലന ക്ലാസുകളിലോ അല്ല. മറിച്ച്, മനുഷ്യശരീരത്തിന്റെയും മനസ്സിന്റെയും സംവിധായകനായ സ്രഷ്ടാവിന്റെ വേദഗ്രന്ഥത്തിലും അവന്റെ ദൂതന്റെ ജീവിതസന്ദേശങ്ങളിലും അവയില്‍ നിന്ന് വെളിച്ചം സ്വീകരിച്ച സച്ചരിതരായ മുന്‍ഗാമികളുടെ ജീവിതാനുഭവങ്ങളില്‍ നിന്നുമാവണം'' അദ്ദേഹം എഴുതുന്നുണ്ട്.

ഈ വരികള്‍ ആദര്‍ശത്തെ ആത്മാഭിമാനമായി കാണുന്നവരില്‍ നിന്നേ ഉണ്ടാവൂ. മുസ്‌ലിം പരിശീലകര്‍ പോലും ഇസ്‌ലാമിന്റെ വ്യക്തിത്വ വികസന മേഖലയെ പരാമര്‍ശിക്കാതെ ഭൗതികരെ വല്ലാതെ പുല്‍കുന്ന വര്‍ത്തമാനകാലത്ത് ഈ ലേഖന പരമ്പരയുടെ പ്രസക്തി വര്‍ധിക്കുകയാണ്.

- ശഫീക്ക് ചാലിയം


മുഷിപ്പില്ലാതെ വായിക്കാം

>

'നേര്‍പഥം' പേജുകള്‍ കുറവായതിനാല്‍ വായനക്ക് മുഷിപ്പ് കുറവാണ്. 'ശാന്തിഗേഹം' പംക്തി വ്യക്തിപരവും കുടുംബപരവുമായ പ്രശ്‌നപരിഹാരങ്ങള്‍ക്ക് മാത്രമായി ഒതുക്കിയത് ശരിയാണെന്ന് തോന്നുന്നില്ല. മതപരമായ ചോദ്യോത്തര പംക്തി കൂടി ഉള്‍പ്പെടുത്തിക്കൂടേ?

- പി.ടി.ജലീല്‍, ചെങ്ങര


മാതൃകാജീവിതം നയിച്ച പ്രവാചകന്‍

പ്രവാചകന്‍(സ)യുടെ മാതൃകാ ജീവിതത്തെ ഹ്രസ്വമായി വരച്ചുകാട്ടുന്ന ഫദ്‌ലുല്‍ ഹഖ് ഉമരിയുടെ ലേഖനം ഏറെ ആകര്‍ഷകമായിരുന്നു.

'ആര് ചോദിച്ചാലും നല്‍കും. ഇല്ല എന്ന് പറയില്ല. വീട്ടിലും നാട്ടിലും മാന്യത പുലര്‍ത്തി. ഇന്ന് പലര്‍ക്കും സാധിക്കാത്ത ഒന്നാണിത്! അദ്ദേഹം സ്വയം വസ്ത്രം അലക്കും. ആടിനെ കറക്കും. ഭാര്യമാരെ വീട്ടുജോലിയില്‍ സഹായിക്കും. ബാങ്ക് കേട്ടാല്‍ പള്ളിയിലേക്ക് പുറപ്പെടും. മരിക്കുമ്പോള്‍ ഒന്‍പത് ഭാര്യമാരുണ്ടായിരുന്നു. ആര്‍ക്കും പരാതിയില്ല. കാരണം അദ്ദേഹം നീതിപുലര്‍ത്തി ജീവിച്ചു. സ്‌നേഹം എല്ലാവര്‍ക്കും പകുത്തു നല്‍കി. നിങ്ങളില്‍ ഏറ്റവും നല്ലവന്‍ ഭാര്യയോട് ഏറ്റവും നല്ലവന്‍ എന്ന തത്ത്വം സ്വജീവിതത്തില്‍ കാണിച്ചു കൊടുത്തു. ആഇശ(റ) പറയുന്നു: 'ഞാന്‍ കുടിച്ച പാത്രം വാങ്ങി വെള്ളം കുടിക്കും. ഞാന്‍ കടിച്ച മാംസം പിടിച്ചു വാങ്ങി ഞാന്‍ കടിച്ചേടത്ത് കടിക്കും. വുദൂഅ് എടുത്ത് നമസ്‌കരിക്കാന്‍ പോകുമ്പോഴും വഴിയില്‍ വെച്ചൊരു ചുംബനം നല്‍കും. ഞാനും റസൂലും ഒന്നിച്ച് കുളിക്കാറുണ്ട്. എന്റെ മടിയില്‍ തലവെച്ച് കിടക്കാറുണ്ട്. ഞാന്‍ മുടിചീകി കൊടുക്കാറുണ്ടായിരുന്നു.'

വിശദീകരണങ്ങള്‍ക്കപ്പുറമാണ് ഈ വാചകങ്ങള്‍. സഹജീവികളോടും മക്കളോടും ഭാര്യമാരോടും എന്നല്ല സകല ജീവജാലങ്ങളോടും കാരുണ്യത്തോടെ വര്‍ത്തിച്ച റസൂല്‍(സ)യുടെ ജീവിത പാത പിന്തുടരുന്നതില്‍ സംഭവിച്ച വീഴ്ചയാണ് ഇന്നത്തെ മുസ്‌ലിംകളുടെ പ്രധാന പ്രശ്‌നം.

ഇഷ്ടവിഭവങ്ങളുമായി വന്നെത്തുന്ന 'നേര്‍പഥ'ത്തിനും ലേഖകന്മാര്‍ക്കും അഭിനന്ദനങ്ങള്‍.

- ഫസീല ജമാല്‍, കുറ്റിക്കാട്ടൂര്‍