എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 ഡിസംബർ 30 1439 റബിഉല്‍ ആഖിര്‍ 12

സഹിഷ്ണുതയുടെ അനിവാര്യത 

'സഹിഷ്ണുത, മതം, മതേതരത്വം' എന്ന ലേഖനം (ലക്കം 50) കാലിക പ്രസക്തമായ ഒന്നായിരുന്നു. നന്നായി പഠിച്ചറിഞ്ഞും ഏറെ അവധാനതയോടെയും സുചിന്തിതമായുമാണ് ലേഖകന്‍ ഓരോ വാചകങ്ങളും എഴുതിയിരിക്കുന്നത് എന്ന് വായനയില്‍നിന്നും മനസ്സിലാക്കുവാന്‍ കഴിയും. 

സഹിഷ്ണുതയെക്കുറിച്ചും സമാധാനത്തെപ്പറ്റിയുമൊക്കെ ഗിരിപ്രഭാഷണങ്ങള്‍ നടത്തുവാന്‍ എളുപ്പമാണ്. എന്നാല്‍ അവ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കല്‍ അത്ര എളുപ്പമല്ല. അതിന് മനസ്സില്‍ ഉന്നതമായ മാനവികബോധം ആവശ്യമാണ്. ക്ഷമ, കാരുണ്യം, സഹജീവി സ്‌നേഹം പോലുള്ള ഉദാത്തമായ ഗുണങ്ങള്‍ അനിവാര്യമാണ്. 

വ്യക്തികള്‍ക്കിടയില്‍നിന്നും മത-രാഷ്ട്രീയ കൂട്ടായ്മകളില്‍നിന്നുമെല്ലാം സഹിഷ്ണുത നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്നത് ഭീതിയോടെ നോക്കിക്കാണേണ്ട കാര്യമാണ്. സമാധാനമുണ്ടാക്കേണ്ടവര്‍ തന്നെ അസമാധാനം വിതയ്ക്കുകയും സഹിഷ്ണുത കാണിക്കേണ്ടവര്‍ അസഹിഷ്ണുതയെ താലോലിക്കുകയും ചെയ്യുന്നത് ആശാസ്യകരമല്ല; അത് ജനങ്ങള്‍ക്കും രാജ്യത്തിനും ഭീഷണിയുമാണ്.

'നേതൃത്വ ശൂന്യതയാണ് ഒരു സമൂഹത്തിന്റെ നാശത്തിനു കാരണമാവുന്നത്. മനസ്സിന്റെ അകത്തളങ്ങളില്‍ നിന്നുണ്ടാവുന്ന ആത്മാര്‍ഥതയും സ്‌നേഹവും കൊണ്ട് മാത്രമെ ഏതൊരാള്‍ക്കും നല്ല നേതാവായിത്തീരാന്‍ സാധിക്കൂ. ഭിന്നിച്ചും കലഹിച്ചും കഴിഞ്ഞിരുന്ന അറബ് ഗോത്രങ്ങളെ ഒരു ചരടില്‍ കോര്‍ത്ത മുത്തുമണികളെപ്പോലെയാക്കുവാന്‍ പ്രവാചകന് സാധിച്ചത് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് മാത്രമായിരുന്നു. സമൂഹത്തോടും അനുയായികളോടും അദ്ദേഹത്തിനുണ്ടായിരുന്ന ആര്‍ദ്രതയാണ് അദ്ദേഹത്തിലേക്ക് കാരിരുമ്പിന്റെ ഹൃദയങ്ങളുടെ ഉടമകളെപ്പോലും അടുപ്പിച്ചു നിര്‍ത്തിയത്.' ലേഖകന്റെ ഈ നിരീക്ഷണം നിത്യപ്രസക്തമാണ്. പ്രവാചകനെ കുറിച്ച് അല്ലാഹു പറഞ്ഞത് എല്ലാവരും മനസ്സിലാക്കേണ്ടതും ഉള്‍ക്കൊള്ളേണ്ടതുമാണ്:  

''അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്'' (ക്വുര്‍ആന്‍ 3:159). 

- അബൂജുമാന, കല്ലായി, കോഴിക്കോട്


കച്ചവടരംഗം വിമലീകരിക്കുക

'നേര്‍പഥം' ലക്കം 48ലെ മുഖമൊഴി 'കച്ചവട രംഗത്തെ കാപട്യം' വര്‍ത്തമാന കാലത്ത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇസ്‌ലാം അനുശാസിക്കുന്ന കച്ചവട നിയമങ്ങള്‍ കാറ്റില്‍ പറത്തി സര്‍ക്കാരിനെയും ജനങ്ങളെയും വഞ്ചിക്കുന്ന പ്രവണത കച്ചവട രംഗത്ത് വളര്‍ന്നുകൊണ്ടിരിക്കുന്നു. യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ജനങ്ങളെ മാറാരോഗികളാക്കുന്ന മായം ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുവാന്‍ പല കച്ചവടക്കാരും മുതിരുന്നത് ആശങ്കാജനകമാണ്. ഇതിനിടയില്‍ സത്യസന്ധരായ കച്ചവടക്കാര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം. ഈ രംഗത്തെ കള്ളനാണയങ്ങളെ ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. 

'ഓഖി ചുഴലിക്കാറ്റും ഓര്‍ക്കേണ്ട സത്യങ്ങളും' എന്ന ലേഖനം സത്യവിശ്വാസികളുടെ പ്രകൃതി പ്രതിഭാസങ്ങളോടുള്ള കാഴ്ചപ്പാട് എങ്ങനെയായിരിക്കണമെന്ന് വിശദീകരിക്കുന്നുണ്ട്. ദുരന്തങ്ങള്‍ എത്ര കണ്ടാലം അനുഭവിച്ചാലും അവയില്‍നിന്ന് മനുഷ്യന്‍ പാഠമൊന്നും ഉള്‍ക്കൊള്ളുന്നില്ല. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുവാനും കിടപ്പാടം നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനുമായി മുന്നിട്ടിറങ്ങിയവരെ നാം അഭിനന്ദിക്കുക. സര്‍ക്കാര്‍ വേണ്ട മുന്‍കരുതലെടുക്കുന്നതില്‍ അമാന്തം കാണിച്ചുവെങ്കില്‍ അത് ഭീമമായ അബദ്ധമാണെന്ന് പറയേണ്ടിയിരിക്കുന്നു. 

-ആര്‍.എം ഇബ്‌റാഹീം, വെളുത്തൂര്‍, തൃശൂര്‍