എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 ആഗസ്ത് 05 1438 ദുല്‍ക്വഅദ് 12

ജനാധിപത്യസംരക്ഷണത്തിന്റെ അനിവാര്യത

സ്വാതന്ത്ര്യാനന്തര ഭാരതം ഇത്‌വരെ ദര്‍ശിച്ചിട്ടില്ലാത്ത ഏറ്റവും ഭീഷണമായ വെല്ലുവിളികളാണ് മതന്യൂനപക്ഷങ്ങളും മറ്റു പിന്നോക്ക വിഭാഗങ്ങളും നേരിട്ടുകൊണ്ടിരിക്കുന്നത്. പശുവിനെ മാതാവും ദൈവവുമാക്കി മനുഷ്യമനസ്സില്‍ പ്രതിഷ്ഠിക്കാനും അത് മറയാക്കി വര്‍ഗീയ ഫാസിസ്റ്റു ശക്തികളുടെ നികൃഷ്ടമായ അജണ്ട രാജ്യത്ത് നടപ്പിലാക്കാനുമുള്ള ആസൂത്രിതമായ പരിശ്രമങ്ങളാണ് രാജ്യത്ത് ഇപ്പോള്‍ നടന്ന് വരുന്നത്. പശുവിന്റെ പേരില്‍ രാജ്യത്തെങ്ങും കൊലപാതകങ്ങളും അക്രമങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖും ജുനൈദും അലീമുദ്ദീന്‍ അന്‍സാരിയും തുടങ്ങി ഗുജറാത്തിലെ ഊനയില്‍ വര്‍ഗീയവാദ ഗുണ്ടകളുടെ മര്‍ദനമേറ്റ ദളിതുകളും പശുസംരക്ഷകരുടെ അക്രമത്തിനിരയായവരാണ.് 

ഇവരുടെയൊക്കെ രക്തത്തുള്ളികള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖത്തെ തന്നെയാണ് വികൃതമാക്കിയത്. പശുമാംസം ഭക്ഷിക്കുന്നവനാണെന്നാരോപിച്ച് ആര്‍ക്കും ആരെയും എവിടെ വെച്ചും തല്ലിക്കൊല്ലാം എന്ന അവസ്ഥയിലേക്ക് ആള്‍ക്കൂട്ടത്തെ ഉന്‍മത്തരാക്കി മാറ്റിയിട്ടുണ്ടെങ്കില്‍, രാജ്യം എത്തിച്ചേര്‍ന്ന ഒരു വലിയ അപകടത്തിന്റെ സൂചനയാണതെന്നകാര്യം നിസ്തര്‍ക്കമാണ്. വിശ്വാസത്തിന്റെ ചിഹ്നങ്ങളേന്തി പുറത്തിറങ്ങാന്‍പോലും കഴിയാത്ത മൂകമായ ഭയത്തിന്റെ കരിനിഴലില്‍ അകപ്പെട്ടിരിക്കുകയാണ് മുസ്‌ലിം ജനത. സുരക്ഷിതത്വത്തിന്റെ മാളങ്ങള്‍ തകര്‍ത്ത് അരക്ഷിതത്വത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട ജനതയുടെ ആശങ്കയും വേവലാതികളും അങ്ങ് ഉത്തരേന്ത്യയില്‍ മാത്രമല്ല ഇങ്ങ് കേരളത്തില്‍ പോലും നിഴലിച്ചുവരുന്നു എന്നത് നാം കാണാതിരുന്നുകൂടാ. ഹാദിയാ പ്രശ്‌നത്തിലെ കോടതിവിധിയും ശംസുദ്ദീന്‍ പാലത്തിന്റെയും ശശികലയുടെയും പ്രസംഗത്തിന്റെ പേരില്‍ കാണിച്ച ഇരട്ടനീതിയുമെല്ലാം അതാണ് സൂചിപ്പിക്കുന്നത്. 

ഇവിടെ സലഫീ പ്രസ്ഥാനത്തിന്റെ റോള്‍ എന്താണ്? രാഷ്ട്രീയത്തിന് മുന്‍തൂക്കം നല്‍കി സലഫികളെ വിമര്‍ശിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ കാഴ്ചപ്പാടിനെ മാറ്റിനിര്‍ത്തിയാല്‍ തന്നെ രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്ന സ്‌ഫോടനാത്മകമായ കാര്യങ്ങളെ തീരെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകുന്നതും ആശാസ്യകരമാണെന്ന് കരുതാനാവില്ല. സലഫി പ്രസ്ഥാനത്തിന് അഭിമാനകരമായ ഒരു ചരിത്രപശ്ചാത്തലമുണ്ട്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായി പോരാടി നവോത്ഥാനത്തിന് നിറംപകര്‍ന്നു എന്നത് മാത്രമല്ല, നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന ഐതിഹാസികമായ പോരാട്ടങ്ങളില്‍ നേതൃപരമായ പങ്ക് നിര്‍വഹിച്ചവരാണ് സലഫി പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കള്‍. ഇസ്‌ലാമിന്റെ ശരിയായ പാതയിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും സമുദായത്തിലെ ജീര്‍ണതകള്‍ക്കെതിരെ പൊരുതുകയും ചെയ്യുമ്പോള്‍ തന്നെ മറുഭാഗത്ത് ജനാധിപത്യത്തിനും പുരോഗതിക്കും വേണ്ടിയുള്ള എല്ലാ ശ്രമങ്ങളിലും സലഫി പ്രസ്ഥാനത്തിന്റെ പങ്കാളിത്തവും നേതൃത്വവും ചരിത്രത്തില്‍ സ്ഥാനം പിടിച്ചവയാണ്. പരലോക വിജയമാണ് ആത്യന്തിക ലക്ഷ്യമെന്ന കാര്യം മറന്നുകൊണ്ടല്ല ഇത്തരത്തില്‍ ആദ്യകാല സലഫി നേതാക്കള്‍ പ്രവര്‍ത്തിച്ചത് എന്നത് നാം ഓര്‍ക്കണം. സമാധാനത്തിന്റെ മതമായ ഇസ്‌ലാമിന്റെ സന്ദേശം ജനങ്ങള്‍ക്കിടയില്‍ എത്തിക്കുന്നതിനും ഭൗതികാന്തരീക്ഷം സമാധാനപരമായിരിക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ ശാന്തിയുടെ അന്തരീക്ഷത്തിനുപകരം സംഘര്‍ഷത്തിന്റെ തീനാളങ്ങള്‍ക്ക് തിരികൊളുത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങളാണിവിടെ നടക്കുന്നത്. 

ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന തീവ്രവാദ ആക്രമണങ്ങളിലെ പ്രതികള്‍ മുസ്‌ലിം പേരുകളുള്ളവരായതിനാല്‍ ഇത്തരക്കാര്‍ക്ക് അത് ഒരു ആയുധമായി ഉപയോഗിക്കാന്‍ കഴിയുന്നു. ഒറ്റപ്പെട്ട ചിലരെങ്കിലും ആത്മീയ തീവ്രവാദത്തിലകപ്പെട്ട് ജനാധിപത്യം കുഫ്‌റാണെന്നും ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ജീവിക്കാന്‍ പോലും കഴിയില്ലെന്നും മറ്റും പ്രസംഗിക്കുകയും നാടുവിടുകയും ചെയ്ത സംഭവം ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് അടിക്കാനുള്ള വടി ഒരുക്കിക്കൊടുക്കുന്ന പ്രവര്‍ത്തനമാണ്. ചുരുക്കത്തില്‍ മാന്യമായ സംവാദങ്ങള്‍ക്കും പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്കും മേലെ വിലങ്ങുകളും വിലക്കുകളും മുറുകിവരികയാണ്. വളരെ ലാഘവത്തോടെ കാണേണ്ട ഒന്നല്ല ഇത്. 

വര്‍ത്തമാന കാലഘട്ടത്തിലെ ദൗത്യനര്‍വഹണത്തില്‍ സൃഷ്ടിപരമായ പങ്കുവഹിക്കുവാന്‍ നമുക്കു കഴിയണം. അതില്‍ വരുത്തുന്ന ഏത് അലംഭാവവും ഒരു പരാജയത്തെ ക്ഷണിച്ചുവരുത്തലായിരിക്കും. 

ശിര്‍ക്ക്-കുഫ്‌റുകളോട് രാജിയാകണമെന്നോ പ്രബോധനത്തിലെ മുന്‍ഗണനാ ക്രമങ്ങള്‍ മാറ്റിമറിക്കണമെന്നോ അര്‍ഥമാക്കേണ്ടതില്ല. നിലവിലുള്ള ജനാധിപത്യ സംവിധാനങ്ങളുടെ പരിരക്ഷ സുപ്രധാനമാണ്. പ്രബോധനത്തിനും സംവാദങ്ങള്‍ക്കും സമാധാനാന്തരീക്ഷവും ജനാധിപത്യ സംവിധാനവും അചഞ്ചലമായി നിലനില്‍ക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ജനാധിപത്യ പരിരക്ഷക്കുള്ള ഏത് പരിശ്രമങ്ങളും ജീവവായുപോലെ ദീനീ പ്രവര്‍ത്തകര്‍ കാണേണ്ടതുണ്ട്.

- മന്ദലാംകുന്ന് മുഹമ്മദുണ്ണി