എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 ഒക്ടോബര്‍ 07 1438 മുഹറം 16

'നേര്‍പഥ'ത്തിന്റെ വ്യതിരിക്തത

ഏറെ ഇസ്‌ലാമിക സംഘടനകളും പ്രസിദ്ധീകരണങ്ങളുമുള്ള സംസ്ഥാനമാണ് കേരളം. ഇസ്‌ലാമിക ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എന്തുകൊണ്ടും മികച്ചുനില്‍ക്കുന്ന ഒന്നാണ് 'നേര്‍പഥം വാരിക' എന്നത് ഒരു വസ്തുതയാണ്. സമകാലിക സംഭവവികാസങ്ങളില്‍ യഥാസമയം പക്വമായി ഇടപെടുന്ന, ഇസ്‌ലാമിക വിമര്‍ശനങ്ങള്‍ക്ക് പ്രമാണബദ്ധമായി മറുപടി കൊടുക്കുന്ന, വിശ്വാസ-കര്‍മ മേഖലകളില്‍ കൃത്യമായ വഴികാട്ടുന്ന, മറ്റുള്ളവരെ തൃപ്തിപ്പെടുത്തുവാനായി ആദര്‍ശത്തില്‍ മായം ചേര്‍ക്കാതെ മുന്നോട്ടു പോകുന്ന 'നേര്‍പഥ'ത്തിന് ആശംസകള്‍ നേരുന്നു. ഈ വ്യതിരിക്തത കാത്തുസൂക്ഷിക്കുമല്ലോ.

- മുഹമ്മദ് റിദ്‌വാന്‍, മഞ്ചേരി


തൗഹീദിന്റെ ശബ്ദം

'നേര്‍പഥം' 38-ാം ലക്കത്തിലെ വിഭവങ്ങള്‍ ഒന്നിനോടൊന്ന് മെച്ചമായിരുന്നു. ഫദ്‌ലുല്‍ ഹഖ് ഉമരിയുടെ 'പ്രാര്‍ഥന അല്ലാഹുവിനോട് മാത്രം: എന്തുകൊണ്ട്?' എന്ന ലേഖനം പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. ഹ്രസ്വമെങ്കിലും പ്രമാണവചനങ്ങളിലൂടെ അദ്ദേഹം വിഷയം സമര്‍ഥിച്ചിട്ടുണ്ട്.

''എന്റെ രക്ഷിതാവേ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ). ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാര്‍ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ'' എന്ന് ഇബ്‌റാഹീം നബിൗ പോലും പ്രാര്‍ഥിച്ചിരുന്നുവെങ്കില്‍ നമ്മളൊക്കെ ഇങ്ങെന എത്രമാത്രം പ്രാര്‍ഥിക്കണം! ഭൗതിക നേട്ടങ്ങള്‍ക്ക് മാത്രമാണല്ലോ ഇന്ന് പലരുടെയും പ്രാര്‍ഥന!

ദുരിതങ്ങളിലും പ്രയാസങ്ങളിലും അകപ്പെട്ടാല്‍ യൂനുസ് നബിൗയുടെ പ്രാര്‍ഥനയില്‍ നമുക്ക് മാതകയുണ്ട്: ''....അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു. അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും ദുഃഖത്തില്‍ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു'' (21: 87,88).

ദുരിതങ്ങളും പ്രയാസങ്ങളും വരുമ്പോഴാണ് പലരും അല്ലാഹുവല്ലാത്തവരിലേക്ക് കൈകള്‍ ഉയര്‍ത്തുന്നത് എന്ന വിരോധാഭാസവും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. അഭിനന്ദനങ്ങള്‍, നേര്‍പഥത്തിനും ലേഖകനും. 

- അബ്ദുല്‍ ജലീല്‍, കാവനൂര്‍


ചോര മണക്കുന്ന പ്രചാരണങ്ങള്‍

ഇന്ത്യ മുമ്പെങ്ങുമില്ലാത്ത വിധം വര്‍ഗീയവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. കേവലം പാര്‍ലമെന്ററി സ്വപ്‌നങ്ങളുമായി ഊരു ചുറ്റുന്ന രാഷ്ട്രീയ നേതാക്കന്മാര്‍ പാര്‍ട്ടികളുടെ ചുക്കാന്‍ ഏറ്റെടുക്കുന്ന കാലമത്രയും തല്‍സ്ഥിതി തുടരാന്‍ തന്നെയാണ് സാധ്യത. വര്‍ണശോഭയാര്‍ന്ന ഉദ്യാനത്തെ പോലെ പരിലസിച്ചിരുന്ന ഭാരതത്തിന്റെ മണ്ണിലേക്ക് വര്‍ഗീയതയുടെ വിഷവിത്തുകളെറിഞ്ഞത് കൊളോണിയല്‍ ഭരണകാലത്ത് ബ്രിട്ടീഷുകാരായിരുന്നു. 

എന്നാല്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തിലും ചില കക്ഷികള്‍ തങ്ങളുടെ താല്‍പര്യ സംരക്ഷണത്തിനായി വര്‍ഗീയ കാര്‍ഡിറക്കാന്‍ തുടങ്ങിയതോടെയാണ് ഇന്ത്യയിലെ മനുഷ്യമനസ്സുകള്‍ വന്‍തോതില്‍ ധ്രുവീകരിച്ചത്. സംഘി സ്വാധീനമുള്ള കേന്ദ്ര ഭരണ സംവിധാനം ഇപ്പോള്‍ ഈ ശിഥിലീകരണത്തിന് ആക്കം കൂട്ടുകയും ചെയ്തു. 

കൃത്യമായ പ്ലാനിംഗോടെ ദുഷ് ശക്തികളെ കുറിച്ച് പൗരന്മാരെ ബോധവല്‍ക്കരിച്ചില്ലെങ്കില്‍ രാജ്യം മറ്റൊരു മ്യാന്മാറായിത്തീരാന്‍ അധികകാലം വേണ്ടി വരില്ല; തീര്‍ച്ച.

- നസ്‌വിന്‍, തുവക്കാട്