യുവരോഷത്തിന്റെ കാഹളവും തെരുവിലെ ‘പാറ്റ’കളും

പത്രാധിപർ

2026 ആഗസ്റ്റ് 01, 1448 സ്വഫർ 18

ദില്ലിയിലെ ജന്തർ മന്തറിൽ രാജ്യം കണ്ടത് വെറുമൊരു വിദ്യാർഥി പ്രക്ഷോഭമല്ല; ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽത്തന്നെ പുതിയൊരധ്യായം കുറിച്ച ജെൻ സി (Gen Z) തലമുറയുടെ ചെറുത്തുനിൽപ്പാണ്. ‘കോക്രോച്ച് ജനതാപാർട്ടി’ (CJP) എന്ന പേരിൽ, സറ്റയറും പ്രതിരോധവും ആയുധമാക്കി യുവാക്കൾ നടത്തിയ സമരം അധികാരികളുടെ കസേരകളെ ഉലച്ചുവെന്നതിൽ സംശയമില്ല. നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കും തൊഴിലില്ലായ്‌മക്കുമെതിരെ ഉയർന്ന ഈ യുവരോഷം, അവഗണനയുടെ രാഷ്ട്രീയത്തിനെതിരെയുള്ള വ്യക്തമായ മുന്നറിയിപ്പാണ്.  

ചോദ്യപ്പേപ്പർ ചോർച്ചയും പരീക്ഷാ തട്ടിപ്പുകളും ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെയും വിദ്യാർഥികളുടെയും ജീവിതവും പ്രതീക്ഷകളുമാണ് ഇല്ലാതാക്കുന്നത്. അനീതിക്കെതിരെ ചോദ്യങ്ങൾ ചോദിച്ച തൊഴിൽരഹിതരായ യുവാക്കളെ അധിക്ഷേപിക്കുന്ന നിലപാടുകൾ ഉയർന്നപ്പോൾ, ആ അധിക്ഷേപത്തെത്തന്നെ സ്വന്തം അടയാളമാക്കി മാറ്റിയാണ് അവർ ‘പാറ്റ’ എന്ന പേരിൽ പ്രക്ഷോഭത്തിനിറങ്ങിയത്. പരമ്പരാഗത രാഷ്ട്രീയ പാർട്ടി ചട്ടക്കൂടുകൾക്ക് പുറത്തുനിന്ന്, സോഷ്യൽ മീഡിയയെയും തെരുവിനെയും ഒരുപോലെ പ്രക്ഷോഭ വേദിയാക്കാൻ ഈ പുതിയ തലമുറയ്ക്ക് കഴിഞ്ഞു.

അടിച്ചമർത്തലുകൾകൊണ്ടും ജനവിരുദ്ധമായ പ്രസ്താവനകൾകൊണ്ടും ഈ പ്രക്ഷോഭത്തെ നേരിടാൻ ശ്രമിച്ചത് ജനാധിപത്യപരമായ സമീപനമായിരുന്നില്ല. അത് കൂടുതൽ സമരവീര്യം യുവാക്കൾക്ക് പകർന്നു നൽകുകയാണുണ്ടായത്. അസാമാന്യ ധീരതയാണ് അവർ പ്രകടിപ്പിച്ചത്. വടിയും വെടിയുംകൊണ്ട് അവരെ പിന്തിരിപ്പിക്കാൻ കഴിയുമായിരുന്നില്ല. ജലപീരങ്കി പ്രയോഗം മഴനൃത്തമായി അവർ ആഘോഷിക്കുകയാണുണ്ടായത്.  

ജന്തർ മന്തറിലെ തെരുവുവിളക്കുകൾ അണച്ചും ജലലഭ്യത തടഞ്ഞും മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടും വിദ്യാർഥികളെ നേരിട്ടപ്പോൾ, അത് കൂടുതൽ പ്രതിഷേധങ്ങൾക്കാണ് വഴിമരുന്നിട്ടത്. വെള്ളവും ഭക്ഷണവും കിട്ടാതെ സമരക്കാർക്ക് പ്രയാസപ്പെടേണ്ടിവന്നില്ല. അവയെല്ലാം അങ്ങോട്ട് ഒഴുകിയെത്തുകയായിരുന്നു. ഒടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയടക്കമുള്ള രാഷ്ട്രീയ തീരുമാനങ്ങളിലേക്ക് സർക്കാരിന് കടക്കേണ്ടിവന്നത്, തങ്ങളെ അടിച്ചമർത്താനാവില്ലെന്ന യുവാക്കളുടെ ഉറച്ച നിലപാടിന്റെ വിജയമാണ്.

ഇതൊരു സമരത്തിന്റെ അവസാനമല്ല, മറിച്ച് രാജ്യത്തെ യുവാക്കളുടെ ശബ്ദം ഇനിയും അവഗണിക്കാനാവില്ലെന്ന തിരിച്ചറിവാണ്. വിദ്യാഭ്യാസ സമ്പ്രദായത്തിലെ അഴിമതികൾ തുടച്ചുനീക്കാനും പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാനും ശക്തമായ നിയമനിർമാണങ്ങൾ ഉണ്ടായേ തീരൂ. വരുംതലമുറയുടെ ഭാവിയെ കരുതി ഇത്തരം പ്രക്ഷോഭങ്ങൾ നൽകുന്ന പാഠങ്ങൾ ഉൾക്കൊള്ളാൻ ഭരണാധികാരികൾ തയ്യാറാകേണ്ടതുണ്ട്.

ഒരു രാജ്യത്തിന്റെ ഭാവിയും പ്രതീക്ഷയും അവിടത്തെ യുവതലമുറയിലാണ് കുടികൊള്ളുന്നത്. മാറ്റത്തിന്റെ കൊടുങ്കാറ്റുകൾ സൃഷ്ടിക്കാനും സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാനും പ്രാപ്തിയുള്ള ഊർജത്തിന്റെ സ്രോതസ്സാണ് യുവത്വം. ആ കർമശേഷിയും ആവേശവും എവിടെ, എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഏതൊരു സമൂഹത്തിന്റെയും നിലനിൽപ്പ്. ചുറ്റുമുള്ള അനീതികൾക്കും അസമത്വങ്ങൾക്കുമെതിരെ ശക്തമായ പ്രതിരോധമായി മാറുകയാണ് ഇന്നത്തെ യുവത്വത്തിന്റെ പ്രധാന ചുമതല. അനീതി കണ്ടാൽ കണ്ണടച്ചുപോകാതെ, അതിനോട് കലഹിക്കാനും ചോദ്യം ചെയ്യാനുമുള്ള ആർജവമാണ് യുവത്വത്തിന്റെ യഥാർഥ ലക്ഷണം.