ബാധ്യതകൾ വിസ്മരിക്കരുത്
പത്രാധിപർ
2026 ജൂലൈ 04, 1448 മുഹർറം 19

വ്യക്തിയും സമൂഹവും പരസ്പരം വേർപെടുത്താനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു. ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ് വ്യക്തിബാധ്യതകളും സമൂഹബാധ്യതകളും. വ്യക്തികളുടെ ഉത്തരവാദിത്തബോധമാണ് സമൂഹത്തിന്റെ അടിത്തറ പാകുന്നത്; അതേസമയം, ആരോഗ്യകരമായ ഒരു സമൂഹമാണ് വ്യക്തിയുടെ വളർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കുന്നത്.
വ്യക്തികളും വ്യക്തികളടങ്ങുന്ന സമൂഹവും ബാധ്യതകൾ നിർവഹിക്കുമ്പോൾ സമൂഹം സുരക്ഷിതമാകും. നേരെമറിച്ച് വ്യക്തികൾ തങ്ങളുടെ ബാധ്യതകളിൽ ഉപേക്ഷ വരുത്തുകയും സ്രഷ്ടാവിന്റെയും പ്രവാചകന്റെയും കൽപനാനിർദേശങ്ങൾക്ക് എതിരുപ്രവർത്തിക്കുകയും നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളിൽ മുഴുകുകയും ചെയ്താൽ ഇഹപര നിർഭയത്വം വ്യക്തികൾക്ക് നഷ്ടമാകും. സമൂഹത്തിലും അത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
“പറയുക: തീർച്ചയായും എന്റെ പ്രാർഥനയും എന്റെ ആരാധനാകർമങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നത്. (അവന്ന്) കീഴ്പെടുന്നവരിൽ ഞാൻ ഒന്നാമനാണ്’’ (ക്വുർആൻ 6:162,163).
സ്വന്തം ശാരീരിക-മാനസിക ആരോഗ്യം നിലനിർത്തുക, അറിവ് സമ്പാദിക്കുക, സന്മാർഗ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക, മാതാപിതാക്കൾ, ഇണകൾ, മക്കൾ എന്നിവരോടുള്ള കടമകൾ കൃത്യമായി നിർവഹിക്കുക പോലുള്ളതെല്ലാം വ്യക്തിബാധ്യതയിൽ പെടുന്നു.
വ്യക്തി സ്വന്തം താൽപര്യങ്ങൾക്കപ്പുറം താൻ ജീവിക്കുന്ന സമൂഹത്തിന്റെ നന്മയ്ക്കായി ചെയ്യേണ്ട കാര്യങ്ങളാണ് സമൂഹബാധ്യതകൾ. ‘എനിക്ക് എന്ത് കിട്ടി’ എന്നതിനെക്കാൾ ‘ഞാൻ സമൂഹത്തിന് എന്ത് നൽകി’ എന്ന ചിന്തയാണിത്.
വ്യക്തികൾ നന്നാകുമ്പോൾ കുടുംബവും, കുടുംബങ്ങൾ നന്നാകുമ്പോൾ സമൂഹവും നന്നാകുന്നു. അവകാശങ്ങളെക്കുറിച്ച് മാത്രം വാചാലരാകാതെ, കടമകളെക്കുറിച്ചും ബോധവാന്മാരാകുമ്പോഴാണ് ഒരു ജനത സാംസ്കാരികമായി ഉന്നതിയിലെത്തുന്നത്. സ്വന്തം പുരോഗതിക്കൊപ്പം നാടിന്റെയും സമൂഹത്തിന്റെയും വളർച്ചയ്ക്കായി കൈകോർക്കുമ്പോൾ മാത്രമാണ് മനുഷ്യജീവിതം അർഥപൂർണമാകുന്നത്. ‘ഞാൻ’ എന്നതിൽനിന്ന് ‘നമ്മൾ’ എന്ന ചിന്തയിലേക്കുള്ള വളർച്ചയാണ് വ്യക്തി-സാമൂഹിക ബാധ്യതകളുടെ അന്തസ്സത്ത.
ആരാധനയ്ക്കർഹനായി അല്ലാഹു മാത്രമേയുള്ളൂ എന്ന യാഥാർഥ്യം ഉൾക്കൊണ്ടവൻ ആ ആരാധ്യന്റെ മുഴുവൻ കൽപനാനിർദേശങ്ങളും പാലിച്ചുകൊണ്ട് ജീവിക്കുവാൻ തയാറാകുമെന്നതിൽ സംശയമില്ല. അവൻ സത്യവും ധർമവും നീതിയും മറ്റു നന്മകളും കൈമുതലായുള്ളവനായിരിക്കും. അവനെക്കുറിച്ച് ആർക്കും നല്ലതേ പറയുവാനുണ്ടാകൂ. അവൻ നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നതിൽ മുൻപന്തിയിലുണ്ടാകും.
ഉന്നത വിദ്യാഭ്യാസംകൊണ്ടും ഉയർന്ന ജോലികൊണ്ടുമൊന്നും മനുഷ്യൻ മനുഷ്യനാകില്ല. സ്രഷ്ടാവിലുള്ള അചഞ്ചലമായ വിശ്വാസവും മരണാനന്തര ജീവിതത്തിലെ രക്ഷാശിക്ഷകളിലുള്ള പ്രതീക്ഷയും ഭയവും ഉള്ളവർക്കേ ധാർമിക മൂല്യങ്ങൾ മുറുകെപ്പിടിച്ച് ജീവിക്കുന്ന ‘മനുഷ്യ’നായി മാറുവാൻ കഴിയൂ; നന്മയുടെ ജീവിക്കുന്ന ഉദാഹരണമായി മാറുവാൻ കഴിയൂ. അവൻ നന്മകൾ ചെയ്യുന്നത് ദൈവത്തിന്റെ പ്രതിഫലം ആഗ്രഹിച്ചു മാത്രമായിരിക്കും. വിശുദ്ധ ക്വുർആൻ പറയുന്നു:’’....നല്ലതെന്ത് നിങ്ങൾ ചെയ്യുകയാണെങ്കിലും തീർച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു’’(2:215).
