ഇരുട്ടിനെ ഇരുട്ടുകൊണ്ട് മാറ്റാൻ കഴിയുമോ?
പത്രാധിപർ
2026 ജൂൺ 27, 1448 മുഹർറം 12

തിന്മയെ മറ്റൊരു തിന്മകൊണ്ട് തോൽപിക്കാൻ കഴിയില്ല; ഇരുട്ടിനെ ഇരുട്ടുകൊണ്ട് മാറ്റാൻ കഴിയാത്തതുപോലെ. ഇരുട്ടകറ്റാൻ വെളിച്ചം വേണം, അതുപോലെ തിന്മയെ കീഴടക്കാൻ നന്മയ്ക്ക് മാത്രമെ സാധിക്കൂ.
പണ്ട് ഒരു ഗ്രാമത്തിൽ വലിയൊരു മാന്തോപ്പുള്ള ഒരു സമ്പന്നനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മാന്തോപ്പിൽ നിറയെ മധുരമുള്ള മാമ്പഴങ്ങൾ കായ്ച്ചു നിന്നിരുന്നു. ഒരു ദിവസം ഒരു യുവാവ് അതിനരി കിലൂടെ നടന്നു പോകവെ ഒരു പക്ഷിക്കുഞ്ഞ് താഴെ വീണ് കരയുന്നത് കണ്ടു. യുവാവ് അതിനെയെടുക്കാൻ തോട്ടത്തിൽ കയറിയത് കാവൽക്കാരൻ കണ്ടു. അയാൾ ‘കള്ളൻ...കള്ളൻ’ എന്നു വിളിച്ച് ആളെക്കൂട്ടി. ഞാൻ കള്ളനല്ലെന്ന് അവൻ വിളിച്ചു പറഞ്ഞെങ്കിലും ആരുമത് സമ്മതിച്ചില്ല. എല്ലാവരും ചേർന്ന് അവനെ മർദിക്കുകയും അപമാനിക്കുകയും ചെയ്തു.
ഏതാനും മാസം കഴിഞ്ഞപ്പോൾ നാട്ടിൽ വലിയൊരു പ്രളയമുണ്ടായി. പുഴയുടെ അടുത്ത് താമസിച്ചിരുന്ന തോട്ടം കാവൽക്കാരന്റെ വീട് പൂർണമായും തകർന്നു. അയാൾ ഭാര്യയോടും കുട്ടികളോടുമൊപ്പം ഒരു കടത്തിണ്ണയിൽ അഭയം തേടി. ആരും അയാളെ സഹായിക്കാനുണ്ടായില്ല.
ആ സമയത്ത്, മുമ്പ് കള്ളനെന്ന് പറഞ്ഞ് കാവൽക്കാരൻ പിടികൂടിയ യുവാവ് വിവരമറിയുകയും തന്റെ ചെറിയ വീട്ടിലേക്ക് ആ കാവൽക്കാരനെയും കുടുംബത്തെയും സ്‌നേഹത്തോടെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. അവർക്ക് കഴിക്കാൻ ഭക്ഷണവും ഉടുക്കാൻ വസ്ത്രവും നൽകി. കാവൽക്കാരൻ അത്ഭുതത്തോടെയും സങ്കടത്തോടെയും ചോദിച്ചു: “ഞാൻ നിന്നെ പണ്ട് നാട്ടുകാരുടെ മുന്നിലിട്ട് അപമാനിച്ചതല്ലേ, എന്നിട്ടും നീയെന്തിനാണ് എന്നെ സഹായിക്കുന്നത്?”
യുവാവ് പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു: “അന്ന് നിങ്ങൾ എന്നോട് ചെയ്തത് തെറ്റാണ്. അതിനു പകരമായി ഞാനും തെറ്റു ചെയ്താൽ നമ്മൾ തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്? തിന്മയെ നന്മ കൊണ്ട് നേരിടാനാണ് ഞാൻ ആഗ്രഹിക്കുന്നത്.”
നന്മ ചെയ്യുക എന്നത് ഒരു ബലഹീനതയല്ല, മറിച്ച് വലിയൊരു മാനസിക കരുത്താണ്. നമുക്ക് ദോഷം ചെയ്യുന്നവരോട് തിരിച്ച് നന്മ ചെയ്യുമ്പോൾ, നമ്മൾ അവരെക്കാൾ എത്രയോ ഉന്നതരാണെന്ന് തെളിയിക്കുകയാണ് ചെയ്യുന്നത്. പ്രതികാരത്തിന്റെ വഴി എന്നും നാശത്തിലേക്കേ നയിക്കൂ. എന്നാൽ ക്ഷമയുടെയും സ്‌നേഹത്തിന്റെയും വഴി ശത്രുവിനെപ്പോലും മിത്രമാക്കാൻ സഹായിക്കും.
“നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് നീ (തിൻമയെ)പ്രതിരോധിക്കുക. അപ്പോൾ ഏതൊരുവനും നീയും തമ്മിൽ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവർക്കല്ലാതെ അതിനുള്ള അനുഗ്രഹം നൽകപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നൽകപ്പെടുകയില്ല” (ക്വുർആൻ 41:34 ).
തിന്മയെ തിന്മകൊണ്ട് നേരിടുക എന്നത് എളുപ്പമുള്ള കാര്യമാണ്. എന്നാൽ തിന്മയെ നന്മകൊണ്ട് നേരിടുക എന്നത് അത്ര എളുപ്പമല്ല. അതിന് അങ്ങേയറ്റം ക്ഷമിക്കാനുള്ള കഴിവു വേണം. അല്ലാഹു ക്ഷമാലുക്കളുടെ കൂടെയാണ് എന്ന തിരുവചനം അവന് സ്ഥൈര്യം നൽകുന്നു. അവിടെ അവൻ തന്റെ ഈഗോ മാറ്റിവെക്കുന്നു. ദേഷ്യം അടക്കിവെക്കുന്നു. മനസ്സിനെ നിയന്ത്രിക്കുന്നു. മറ്റുള്ളവർ തന്നെ കഴിവുകെട്ടവൻ എന്ന് ആക്ഷേപിക്കുമല്ലോ എന്ന് ചിന്തിക്കാതിരിക്കുന്നു. ഒരു പുഞ്ചിരിയോെട മാന്യമായി അയാളോട് പ്രതികരിക്കുകകൂടി ചെയ്താൽ അതോടെ അപമാനിതനായി തലതാഴ്‌ത്തേണ്ടിവരിക അപരനാണ്.
