ഇവനാണു മുസ്‌ലിം

പത്രാധിപർ

2026 ഏപ്രിൽ 25, 1447 ദുൽഖഅദ് 07

ഏകനായ അല്ലാഹുവിൽ എല്ലാം ഭരമേൽപിച്ച്, അവന്റെ പ്രീതിയും പൊരുത്തവും മാത്രം കാംക്ഷിച്ചു കഴിയുന്ന അനുസരണയുള്ള ദാസന്മാരാണ് യഥാർഥ മുസ്‌ലിംകൾ. ഈ ജീവിതത്തിനുശേഷം ശാശ്വതമായ മറ്റൊരു ജീവിതമുണ്ടെന്നും അവിടെ ഗുണവും ദോഷവുമായി മാറുന്ന കാര്യങ്ങൾ ഏതൊക്കെയാണെന്നും വിശദീകരിച്ചുതരാൻ അന്ത്യനാൾവരേക്കുമുള്ള സകല ജനങ്ങളിലേക്കും നിയോഗിക്കപ്പെട്ട മുഹമ്മദ് നബിﷺയെ മാതൃകയാക്കിയാണ് മുസ്‌ലിംകൾ ജീവിക്കേണ്ടത്. ഈ അടിസ്ഥാനത്തിൽ മുസ്‌ലിംകൾ പലതിലും വിശ്വസിക്കുന്നു; പലതിലും അവിശ്വസിക്കുകയും ചെയ്യുന്നു. അതുപോലെ പലതും പ്രവർത്തിക്കുന്നു; പലതും പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നു. നന്മകളോട് ആഭിമുഖ്യം പുലർത്തുകയും തിന്മകളെ വെറുക്കുകയും ചെയ്യുന്നു. വിശ്വാസത്തിലും കർമത്തിലും പുലർത്തുന്ന ഈ പ്രത്യേകതകൾ മുസ്‌ലിംകളുടെ സവിശേഷതകളാണ്.

ജീവിത സന്ധാരണത്തിന് മറ്റുള്ളവരെ പോലെത്തന്നെ മുസ്‌ലിംകളും നാനാതരം ജോലികളിൽ വ്യാപൃതരാകുന്നു. കച്ചവടം ചെയ്യുന്നു, കൃഷിചെയ്യുന്നു, ഉദ്യോഗം വഹിക്കുന്നു... വ്യാപാരങ്ങളിലും വ്യവസായങ്ങളിലും കൃഷിയിലും മുസ്‌ലിംകളുടെ ലക്ഷ്യവും ലാഭം തന്നെയാണ്. ഉദ്യോഗത്തിൽ അവർ തേടുന്നതും വരുമാനം തന്നെയാണ്. ഓരോ തൊഴിലിലും മറ്റുള്ളവർ ഉദ്ദേശിക്കുന്നതുതന്നെ അവരും ഉദ്ദേശിക്കുന്നു; വ്യത്യാസമൊന്നുമില്ല. പക്ഷേ, ഏറ്റവും പ്രധാനമായ ഒരു വ്യത്യാസമുണ്ട്. ആദ്യംതന്നെ ആ തൊഴിൽ അനുവദനീയമോ നിഷിദ്ധമോ എന്നു നോക്കുന്നു. നിഷിദ്ധമാണെങ്കിൽ പിന്നെ ലാഭനഷ്ടങ്ങളുടെ കണക്കെടുക്കുന്നില്ല; പൂർണമായും അതിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നു. അനുവദനീയമല്ലാത്തതെല്ലാം വർജിക്കുന്നു. അതുമൂലം ഉണ്ടായേക്കാവുന്ന ലാഭവും ഉൽപാദനവും ആദായവും സസന്തോഷം കയ്യൊഴിക്കുന്നു. മനസ്സിൽ നഷ്ടത്തെക്കുറിച്ചു വേവലാതിയുണ്ടാകുന്നില്ല. മാത്രമല്ല, വിരോധിക്കപ്പെട്ടതിൽനിന്നു രക്ഷപ്പെട്ട ആത്മസംതൃപ്തി അനുഭവിക്കുകയും ചെയ്യുന്നു.

ജീവിത സന്ധാരണത്തിന്ന് ഒരു മുസ്‌ലിം കച്ചവടമാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ അനുവദനീയമായ കച്ചവടം നോക്കുന്നു. ഇസ്‌ലാം ഹറാമാക്കിയ മദ്യവിൽപനയും മയക്കുമരുന്നു കച്ചവടവും പോലുള്ളവ സ്വീകരിക്കുന്നില്ല. അത് കൂടുതൽ ആദായകരവും ലാഭകരവുമാണ്. എന്നിട്ടും, അതു വിരോധിക്കപ്പെട്ടതാണെന്നതുകൊണ്ട് അതിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നു. ഇനി ഹലാലായ കച്ചവടങ്ങളിലേർപെട്ടാൽ തന്നെ അതിലെ ഹലാൽ അല്ലാത്ത വശങ്ങൾ നിർബന്ധമായും വർജിക്കുന്നു. പൂഴ്ത്തിവയ്പ്, കരിഞ്ചന്ത, കൊള്ളലാഭം, മായം ചേർക്കൽ... തുടങ്ങിയ നിഷിദ്ധ മാർഗങ്ങൾ, അവ കൂടുതൽ ലാഭകരമാണെന്നുറപ്പുള്ളതോടുകൂടിത്തന്നെ വെടിയുന്നു. അങ്ങനെ ജീവിത സന്ധാരണത്തിന്നുള്ള ഒരു മാർഗമായി തെരഞ്ഞെടുക്കപ്പെടുന്ന കച്ചവടത്തിൽ ഈ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ഭക്തരായ മുസ്‌ലിംകൾ മറ്റുളളവരിൽനിന്നു വ്യതിരിക്തരായി നിലകൊള്ളുന്നു.

മുസ്‌ലിംകളും കൃഷിയിലേർപ്പെടുന്നു. എന്നാൽ അതിലും ഇസ്‌ലാമിക നിർദേശങ്ങൾ പാലിക്കുന്നു. മറ്റുളളവരുടെ വെള്ളം അവരറിയാതെ സ്വന്തം നിലങ്ങളിലേക്ക് തിരിച്ചുവിടുന്നില്ല. അതിരുകൾ മാന്തി സ്വന്തം നിലത്തിന്റെ വിസ്തീർണം വർധിപ്പിക്കുന്നില്ല. കാർഷികവിളകളുടെ സകാത്ത് കൊടുക്കാനുള്ള ഉൽപന്നങ്ങൾ ലഭിക്കുന്നുവെങ്കിൽ സകാത്ത് കൊടുക്കാതിരിക്കുന്നില്ല.

ഉദ്യോഗം വഹിക്കുന്ന യഥാർഥ മുസ്‌ലിംകൾ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ വിലോപം കാണിക്കുകയില്ല. ആർക്കിടയിലും ഒരു വിവേചനവും കാണിക്കുകയില്ല. അഴിമതി കാണിക്കുകയില്ല; കൈക്കൂലി വാങ്ങുകയില്ല. അധികാരം ദുരുപയോഗപ്പെടുത്തുകയില്ല; അഹിതമായതൊന്നും ചെയ്യുകയില്ല. അങ്ങനെ ഇവിടെയും ഈ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ യഥാർഥ മുസ്‌ലിംകൾ മറ്റുള്ളവരിൽ നിന്നു വേർതിരിഞ്ഞു നിൽക്കുന്നു. കാരണം അവർ ഹലാൽ, ഹറാം എന്നീ ഇസ്‌ലാമികവിധികൾ ഉൾക്കൊള്ളുന്നു.