വർധിച്ചുവരുന്ന റോഡപകടങ്ങൾ: കാരണങ്ങളും പ്രതിവിധികളും

നസീമ വാടാനപ്പള്ളി

2026 ജൂൺ 20, 1448 മുഹർറം 05

ആധുനിക സമൂഹത്തെ ഏറ്റവും കൂടുതൽ പ്രയാസപ്പെടുത്തുന്ന വലിയൊരു വിപത്താണ് റോഡപകടങ്ങൾ. റോഡപകടങ്ങളിൽ പൊലിയുന്ന ജീവനുകളെക്കുറിച്ചുള്ള വാർത്തകളില്ലാതെ ഒരു പത്രവും ഇന്ന് പുറത്തിറങ്ങുന്നില്ല. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളാണ് ഓരോ അപകടത്തിലൂടെയും ഇല്ലാതാകുന്നത്.

റോഡപകടങ്ങൾ വർധിക്കുന്നതിന് പിന്നിൽ മനുഷ്യസഹജമായ തെറ്റുകളും സാങ്കേതികവും സാമൂഹികവുമായ പല കാരണങ്ങളുമുണ്ട്. അശ്രദ്ധയും അമിതവേഗതയുമാണ് അതിലൊന്ന്. അമിതവേഗതയും മുൻ-പിൻ നോക്കാതെയുള്ള ഓവർടേക്കിംഗും വലിയ അപകടങ്ങളിലേക്ക് വഴിതെളിക്കുന്നു.

ലഹരിവസ്തുക്കളുടെ ഉപയോഗത്തിനും ഇതിൽ വലിയൊരു പങ്കുണ്ട്. ഒരാൾ മദ്യലഹരിയിൽ അമിത വേഗതയിൽ ലോറിയോടിച്ച് പോകുന്നു. ഒരുപാട് വാഹനങ്ങളിൽ ഇടിച്ചിട്ടും നിർത്താതെ പോയ വാഹനത്തെ ജനങ്ങളും പൊലീസുകാരും തടയുന്നു. ഡ്രൈവറെ ജനങ്ങൾ കൈകാര്യം ചെയ്യുന്നു. ഏതാനും ദിവസം മുമ്പ് സോഷ്യൽ മീഡിയയിൽ അതിന്റെ വീഡിയോ പ്രചരിച്ചിരുന്നു. മദ്യപിച്ചും മറ്റു ലഹരിവസ്തുക്കൾ ഉപയോഗിച്ചും വാഹനമോടിക്കുന്ന ഡ്രൈവർക്ക് സ്വന്തത്തെ പോലും നിയന്ത്രിക്കാനാകില്ല. പിന്നെ എങ്ങനെ വാഹനത്തെ നിയന്ത്രിക്കാൻ കഴിയും? അയാൾ മറ്റു വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും കാൽനടയാത്രക്കാർക്കും അപകടം വരുത്തുന്നവനാണ്.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നതും സന്ദേശങ്ങൾ അയക്കുന്നതും ഇന്ന് സർവസാധാരണമായി മാറിയിരിക്കുന്നു. ഒരു നിമിഷത്തെ ശ്രദ്ധക്കുറവ് മതി വലിയൊരു ദുരന്തം ക്ഷണിച്ചുവരുത്താൻ എന്ന് ഇവർ ഓർക്കുന്നില്ല.

കുഴികൾ നിറഞ്ഞ റോഡുകളും അശാസ്ത്രീയമായ റോഡ് നിർമാണവും ആവശ്യത്തിന് തെരുവ് വിളക്കുകളോ സൈൻ ബോർഡുകളോ ഇല്ലാത്തതും അപകടങ്ങളുടെ എണ്ണം കൂട്ടുന്നു. ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും അറിഞ്ഞാലും അവ പാലിക്കാതിരിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നു. ബ്രേക്ക് കംപ്ലയിന്റ്, ടയറുകളുടെ തേയ്മാനം തുടങ്ങിയവ യഥാസമയം പരിഹരിക്കാതെ വാഹനം നിരത്തിലിറക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. ഇങ്ങനെ എണ്ണിപ്പറയാൻ ധാരാളം കാരണങ്ങളുണ്ട്.

ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടതുണ്ട്. സ്‌കൂൾ തലം മുതൽ കുട്ടികൾക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ച് കൃത്യമായ ബോധവൽക്കരണം നൽകണം. ഡ്രൈവർമാർക്കായി കൃത്യമായ ഇടവേളകളിൽ കൗൺസിലിംഗ് നൽകുന്നത് നന്നായിരിക്കും.

തകർന്ന റോഡുകൾ സമയബന്ധിതമായി അറ്റകുറ്റപ്പണികൾ തീർക്കുക, അപകടമേഖലകളിൽ കൃത്യമായ സൈൻ ബോർഡുകളും വൺവേ സംവിധാനങ്ങളും സ്ഥാപിക്കുക. എ.ഐ ക്യാമറകൾ, സ്പീഡ് ഗവർണറുകൾ എന്നിവ പരമാവധി പ്രയോജനപ്പെടുത്തി നിയമലംഘകരെ കണ്ടെത്തുകയും വേഗത നിയന്ത്രിക്കുകയും ചെയ്യുക തുടങ്ങിയവയിലൂടെ അപകടങ്ങളുടെ എണ്ണം കുറക്കാനാകും.

‘എനിക്ക് ഒരപകടവും സംഭവിക്കില്ല’ എന്ന അമിത ആത്മവിശ്വാസം അപകടമാണ്. രാത്രികാലങ്ങളിൽ ഉറക്കം വരുമ്പോൾ വാഹനം നിർത്തി വിശ്രമിക്കാത്ത പക്ഷം അപകടം സംഭവിക്കാൻ സാധ്യത കൂടുതലാണ്. നിയമങ്ങൾകൊണ്ട് മാത്രം മാറ്റം സാധ്യമല്ല. വാഹനം ഉപയോഗിക്കുന്ന ഓരോ വ്യക്തിയുടെയും മനോഭാവത്തിൽ മാറ്റമുണ്ടാകണം. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് പോലീസിനെ പേടിച്ചല്ല, മറിച്ച് സ്വന്തം ജീവന്റെയും മറ്റുള്ളവരുടെ ജീവന്റെയും സുരക്ഷയ്ക്ക് വേണ്ടിയാണെന്ന ബോധം ഓരോരുത്തരിലും ഉണ്ടാകുമ്പോൾ മാത്രമെ നമ്മുടെ റോഡുകൾ സുരക്ഷിതമാകൂ.