ധാർമികത നഷ്ടപ്പെടുന്ന ലോകം!

പത്രാധിപർ

2026 ഫെബ്രുവരി 28, 1447 റമദാൻ 10

മനുഷ്യരാശിയുടെ നിലനിൽപിന്റെയും പുരോഗതിയുടെയും അടിസ്ഥാനശിലയാണ് ധാർമികത. ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേകം, സഹജീവികളോടുള്ള കരുണ, സത്യസന്ധത, നീതിബോധം എന്നിവയെല്ലാം ചേർന്നതാണ് ഒരു വ്യക്തിയുടെയും സമൂഹത്തിന്റെയും ധാർമിക മൂല്യങ്ങൾ. ഖേദകരമെന്നു പറയട്ടെ, ശാസ്ത്ര-സാങ്കേതിക വിദ്യകളിൽ മുഷ്യർ ഏറെ മുന്നേറുമ്പോഴും അവരുടെയുള്ളിലെ മനുഷ്യത്വം അഥവാ ധാർമികത പടിപടിയായി കുറഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്.

ഇതിനു പിന്നിലെ പ്രധാന ഘടകങ്ങളിൽ ഒന്ന് അമിതമായ സ്വാർഥതയാണ്. ‘എനിക്കും എന്റെ കുടുംബത്തിനും മാത്രം ഗുണം ലഭിച്ചാൽ മതി’ എന്ന ചിന്താഗതി ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇത് സഹജീവികളോടുള്ള കടമ മറക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നു.

അമിതമായ ഉപഭോഗസംസ്‌കാരമാണ് മറ്റൊന്ന്. പണവും പദവിയും ലക്ഷ്യമാക്കി ഓടുന്ന തിരക്കിൽ മൂല്യങ്ങൾ മുറുകെ പിടിക്കാൻ പലരും തയ്യാറാകുന്നില്ല. എങ്ങനെയെങ്കിലും പണമുണ്ടാ ക്കുക എന്ന ലക്ഷ്യം മനുഷ്യനെ മനുഷ്യനല്ലാതാക്കി മാറ്റുന്നു. അധർമത്തിന്റെ ഏതറ്റംവരെ പോകാനും ധനത്തോടുള്ള ആർത്തി മനുഷ്യനെ പ്രേരിപ്പിക്കുന്നു.

സാങ്കേതികവിദ്യയുടെ ദുരുപയോഗം മറ്റൊരു ഘടകമാണ്. സോഷ്യൽ മീഡിയയും ഡിജിറ്റൽ ലോകവും മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്നുണ്ടെങ്കിലും, അവ പലപ്പോഴും വ്യാജവാർത്തകൾ പ്രചരിപ്പിക്കാനും വ്യക്തിഹത്യ നടത്താനും സൈബർ കുറ്റകൃത്യങ്ങൾക്കുമുള്ള വേദിയായി മാറുന്നു. വൃത്തികേടുകൾ കാണുവാനും കേൾക്കുവാനും സാധിക്കുംവിധം മലർക്കെ തുറന്നിട്ട കവാടമാണ് ഇന്റർനെറ്റ് സൗകര്യം. നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നതിനെക്കാൾ അത് ചീത്ത കാര്യങ്ങൾക്കാണ് ഉപയോഗിക്കപ്പെടുന്നത്.

കുടുംബബന്ധങ്ങളിലെ വിള്ളൽ മറ്റൊരു ഘടകമാണ്. മൂല്യങ്ങൾ പകർന്നുനൽകേണ്ട ആദ്യത്തെ വിദ്യാലയം വീടാണ്. എന്നാൽ ഇന്നത്തെ തിരക്കുപിടിച്ച ലോകത്ത് മാതാപിതാക്കൾക്ക് അതിനു സമയം ലഭിക്കുന്നില്ല, ഉണ്ടെങ്കിൽതന്നെ അതിന് വലിയ പ്രാധാന്യം നൽകുന്നില്ല. മാതാപിതാക്കൾക്കും കുട്ടികൾക്കും ഇടയിലുള്ള ആശയവിനിമയം കുറഞ്ഞുവരുന്നത് കുട്ടികളുടെ സ്വഭാവത്തെയും മൂല്യബോധത്തെയും ബാധിക്കുമെന്നതിൽ സംശയമില്ല.

ധാർമികത ഇല്ലാതാകുന്നതിന്റെ ഫലമായി സമൂഹത്തിൽ അഴിമതി, അക്രമങ്ങൾ, ലഹരിവസ്തുക്കളുടെ ഉപയോഗം, സ്ത്രീപീഡനം, കൊലപാതകം പോലുള്ളവ വർധിച്ചുവരുന്നു. സ്വാർഥത മൂലം പരിസ്ഥിതിയെ നശിപ്പിക്കാനും മനുഷ്യൻ മടിക്കുന്നില്ല. നിയമങ്ങൾകൊണ്ട് മാത്രം ഒരു സമൂഹത്തെ നന്നാക്കാൻ കഴിയില്ല; മറിച്ച്, ഓരോ വ്യക്തിയുടെയും ഉള്ളിൽ ഉണ്ടാകേണ്ട ധാർമിക ബോധത്തിന് മാത്രമെ ലോകത്തെ മാറ്റാൻ സാധിക്കൂ.

വിദ്യാലയങ്ങളിൽ മൂല്യബോധം പഠിപ്പിക്കപ്പെടണം. സഹജീവികളെ സ്‌നേഹിക്കാനും കരുണ കാണിക്കാനും ബഹുമാനിക്കാനും ശീലിപ്പിക്കണം. മുതിർന്നവർ തങ്ങളുടെ പ്രവൃത്തികളിലൂടെ കുട്ടികൾക്ക് ഉത്തമ മാതൃകകളാവണം. മതത്തിന്റെയും മറ്റും പേരിൽ വിദ്വേഷം വച്ചുപുലർത്തുന്നതും അസഹിഷ്ണുത കാണിക്കുന്നതും മനുഷ്യത്വവിരുദ്ധ പ്രവർത്തനമാണെന്ന് കുട്ടികളെ പഠിപ്പിക്കണം.

ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ എല്ലാ തുറകളിലും ധാർമികമൂല്യങ്ങൾ മുറുകെ പിടിക്കൽ അനിവാര്യമാണ്. മനുഷ്യൻ എത്രയൊക്കെ ഉയരങ്ങൾ കീഴടക്കിയാലും ധാർമികത എന്ന അടിത്തറ തകർന്നാൽ ആ നേട്ടങ്ങൾക്കൊന്നും നിലനിൽപ്പില്ല. സ്‌നേഹവും സത്യസന്ധതയും കരുണയും നിറഞ്ഞ ഒരു ലോകം കെട്ടിപ്പടുക്കാൻ നമുക്ക് ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ട്. ആ വിവേകം ഉദിക്കുന്നിടത്ത് മാത്രമെ ലോകം കൂടുതൽ മനോഹരമാകൂ.