ഇസ്ലാമും വ്യക്തിവിശുദ്ധിയും
പത്രാധിപർ
2026 ആഗസ്റ്റ് 29, 1448 റബീഉൽ അവ്വൽ 16

ബാഹ്യമായ ശുചിത്വത്തിനപ്പുറം മനസ്സിന്റെയും ചിന്തയുടെയും പ്രവൃത്തികളുടെയും ശുദ്ധീകരണത്തിന് അതീവ പ്രാധാന്യമാണ് ഇസ്ലാം നൽകുന്നത്. ‘തീർച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെയും ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു’ എന്ന ക്വുർആൻ സൂക്തവും, ‘ശുചിത്വം ഈമാനിന്റെ (വിശ്വാസത്തിന്റെ) പകുതിയാണ്’ എന്ന പ്രവാചക വചനവും ഇസ്ലാമിൽ വ്യക്തിവിശുദ്ധിക്ക് നൽകിയിട്ടുള്ള ഉയർന്ന പദവി വ്യക്തമാക്കുന്നു.
വ്യക്തിവിശുദ്ധി എന്നതിൽ ശരീരത്തിന്റെയും മനസ്സിന്റെയും പ്രവൃത്തികളുടെയും ശുദ്ധി ഉൾപ്പെടുന്നു. നമസ്കാരത്തിനു മുന്നോടിയായുള്ള വുദൂഅ് (അംഗസ്നാനം), കുളി, വൃത്തിയുള്ള വസ്ത്രധാരണം പോലുള്ളവ ശരീരത്തിന്റെ ശുചിത്വത്തിൽ പെടുന്നു. ഇതുവഴി ഭൗതികമായ വൃത്തി ഉറപ്പുവരുത്തുന്നു.
അസൂയ, അഹങ്കാരം, വിദ്വേഷം, വഞ്ചന തുടങ്ങിയ; മനസ്സിനെ ബാധിക്കുന്ന തിന്മകളിൽനിന്ന് മനസ്സിനെ മുക്തമാക്കലാണ് മാനസിക വിശുദ്ധി. ഒരു സത്യവിശ്വാസിയുടെ അന്തരംഗവും ബാഹ്യരംഗവും ഒരുപോലെ വിശുദ്ധമായിരിക്കണമെന്നർഥം.
ആരാധനാകർമങ്ങൾ സ്രഷ്ടാവിന്റെ പ്രതിഫലം മാത്രം ആഗ്രഹിച്ചുകൊണ്ട് ആത്മാർഥമായി ചെയ്യലും, ഹലാലായ (അനുവദനീയമായ) സമ്പാദ്യം, സത്യസന്ധമായ സംസാരം, വിശ്വസ്തത, കാപട്യമില്ലാത്ത പെരുമാറ്റം മുതലായവയിലൂടെ അല്ലാഹുവിന് തൃപ്തികരമായ രീതിയിൽ കർമങ്ങൾ ചെയ്യലാണ് പ്രവൃത്തികളിൽ വിശുദ്ധി പാലിക്കൽ. ഏകനായ സ്രഷ്ടാവിൽ പങ്കു ചേർക്കുക എന്ന കൊടിയ തിന്മയിൽനിന്നും മുക്തമായാലേ മനസ്സും കർമങ്ങളുമെല്ലാം വിശുദ്ധമായിത്തീരൂ എന്ന കാര്യം ഓർക്കുക.
വ്യക്തിയിൽ ആരംഭിക്കുന്ന വിശുദ്ധിയാണ് സമൂഹത്തിന്റെ സുരക്ഷിതത്വത്തിനും സമാധാനത്തിനും അടിസ്ഥാനം. ഓരോ വ്യക്തിയും സ്വന്തം ചിന്തകളിലും ഇടപാടുകളിലും കാത്തുസൂക്ഷിക്കുന്ന ശുദ്ധതയാണ് ചൂഷണങ്ങളും അനീതിയുമില്ലാത്ത, നന്മയുള്ള സമൂഹത്തെ വാർത്തെടുക്കുന്നത്. നാവിനെയും കരങ്ങളെയും മറ്റ് അവയവങ്ങളെയും തിന്മകളിൽനിന്നു സംരക്ഷിക്കുകയും, സർവോപരി പടച്ചവന്റെ നിരീക്ഷണത്തിലാണെന്ന ബോധത്തോടെ (തക്വ്വയോടെ) ജീവിക്കുകയും ചെയ്യുമ്പോൾ മാത്രമാണു വ്യക്തിവിശുദ്ധി പൂർണമാകുന്നത്.
വ്യക്തിവിശുദ്ധി കാത്തുസൂക്ഷിക്കുക എന്നത് ഒരു വിശ്വാസിയുടെ ആത്മീയവും സാമൂഹികവുമായ ബാധ്യതയാണ്. അതിലൂടെ മാത്രമെ ഇരുലോകത്തും വിജയം കൈവരിക്കാൻ മനുഷ്യന് സാധിക്കൂ. ഇസ്ലാമിക നിയമങ്ങളും നിർദേശങ്ങളും പ്രഥമമായി വ്യക്തിയെയാണ് ബാധിക്കുന്നത്. വ്യക്തി ഒരിക്കലും സമൂഹത്തിനു വേണ്ടി തന്റെ വിശുദ്ധി നഷ്ടപ്പെടുത്തിക്കൂടാ. സമൂഹത്തിന്റെ ഒഴുക്കിനനുസരിച്ച് നീന്തുവാൻ സത്യവിശ്വാസിക്ക് പാടില്ല. എല്ലാവരും നന്മയിലാണെങ്കിൽ ആ വഴിക്കു നീങ്ങാം. എന്നാൽ തിന്മകളിൽ വിഹരിക്കുന്നവരുണ്ടെങ്കിൽ അവരുടെ കൂടെ കൂടി അവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുവാൻ അനുവാദമില്ല. തിന്മകൾക്കെതിരെ നീന്തുവാൻ അവന് സാധിക്കണം.
“വിശ്വാസികളേ, നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിച്ചുകൊള്ളുക. നിങ്ങൾ സന്മാർഗം പ്രാപിച്ചിട്ടുണ്ടെങ്കിൽ വഴിപിഴച്ചവർ നിങ്ങൾക്കൊരു ദ്രോഹവും വരുത്തുകയില്ല...’’ (ക്വുർആൻ 5:105).
അവനവന്റെ പാപഭാരം അവനവൻ തന്നെ വഹിക്കേണ്ടിവരും. പരലോകത്ത് ‘ഒരു കൈ’ സഹായത്തിന് ഒരാളെയും പ്രതീക്ഷിക്കേണ്ടതില്ല:
“...പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും, മനുഷ്യന്ന് താൻ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും, അവന്റെ പ്രയത്നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം’’ (ക്വുർആൻ 53: 38-40).
