സാംസ്കാരിക വിപത്തായി മാറുന്ന സീരിയലുകൾ
പത്രാധിപർ
2026 സെപ്തംബർ 26, 1448 റബീഉൽ ആഖിർ 15

വൈകുന്നേരമായാൽ കേരളത്തിലെ കുടുംബിനികളിൽ നല്ലൊ രു ശതമാനവും ആകാംക്ഷയോടെ സീരിയലുകൾ കാണാനിരിക്കുന്നു; അതിനായി മറ്റെല്ലാ തിരക്കുകളും മാറ്റിവെക്കുന്നു. കണ്ണീർ സീരിയലുകെളക്കാൾ ഇന്ന് രംഗം കയ്യാളുന്നത് അവിഹിതബന്ധങ്ങളുടെ സസ്പെ ൻസ് ത്രില്ലറുകളാണ്. അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാനുള്ള വാസന മലയാളികളിൽ അൽപം കൂടുതലാണ് എന്നത് കേ വലം ആരോപണമല്ല; സീരിയൽ കച്ചവടക്കാർ ഇത് സമർഥമായി ഉപയോഗിക്കുന്നു.
പൊതുസമൂഹത്തെ വിഡ്ഢികളാക്കിക്കൊണ്ട് ദീർഘകാലമായി അരങ്ങേറുന്ന ഈ സാംസ്കാരിക വിപത്തിനെ പ്രതിരോധിക്കാൻ പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന മലയാളിസമൂഹം ഇനിയും വൈകിയാൽ അതിന് വലിയ വിലകൊടുക്കേണ്ടിവരുമെന്നതിൽ സംശയമില്ല. ഒരുകാലത്ത് ‘മ’ പ്രസിദ്ധീകരണങ്ങളിൽ നിരന്തരം പ്രത്യക്ഷപ്പെട്ട പൈങ്കിളി നോവലുകളായിരുന്നു അലോസരമുണ്ടാക്കിയിരുന്നതെങ്കിൽ ഇന്ന് ആ സ്ഥാനം ഏറ്റെടുത്തിട്ടുള്ളത് സ്വകാര്യ ടെലിവിഷൻ ചാനലുകളിലെ പൈങ്കിളി സീരിയലുകളാണ്.
മലയാളിക്ക് പ്രബുദ്ധതയുണ്ട്; പ്രതികരിക്കുകയും ചെയ്യും. പക്ഷേ, ചിലപ്പോൾ വേണ്ട അവസരങ്ങളിൽ അത് കാണിക്കാറില്ല. ആവശ്യമില്ലാത്ത വിവാദങ്ങൾക്കു പിറകെ പോകാനാണ് പലർക്കും താൽപര്യം. അതേസമയം ആവശ്യമുള്ള കാര്യങ്ങൾക്കു നേരെ ബോധ പൂർവം മുഖം തിരിക്കുന്നു.
പ്രബുദ്ധതയിലും സാക്ഷരതയിലും പുരോഗമനാശയങ്ങളിലും മാധ്യമ അവബോധത്തിലും മറ്റും ഇന്ത്യയിൽ മുൻനിരക്കാരെന്ന് അഭിമാനിക്കുന്ന വരാണ് നാം. അത്തരമൊരു നാട്ടിലാണ് ഇവ്വിധമൊരു ഗതികേട് വന്നുപെട്ടിരിക്കുന്നത്!
കേരളത്തിലെ ‘ജനപ്രിയ ടി.വി സീരിയലുകൾ’ എന്ന് അവകാശപ്പെടുന്നവ ഓരോ ദിവസവും നമ്മുടെ സാംസ്കാരികബോധത്തെ കശാപ്പു ചെയ്യുകയും മനസ്സിനെ (പ്രത്യേ കിച്ച് സ്ത്രീ മനസ്സിനെ) തടവിലാ ക്കുകയും ചെയ്യുന്നു എന്നതാണ് പരമാർഥം. ഓരോ സീരിയലും ദീർഘകാലത്തേക്കാണ് ഇപ്രകാരം പ്രേക്ഷക മനസ്സുകളെ തടവിലാക്കുന്ന ത്. മനുഷ്യന്റെ ഏറ്റവും പ്രാകൃതമായ വികാരങ്ങളിലേ ക്കാണ് കേരളത്തിലെ ഭൂരിപക്ഷം സീരിയൽ നിർമാതാക്കളുടെയും നോട്ടം. അഹങ്കാരം, അസൂയ, കുശുമ്പ്, വിദ്വേഷം, വൈരാഗ്യബുദ്ധി, ഹിംസാത്മകത തുടങ്ങിയവയെ കത്തിജ്വലിപ്പിക്കത്തക്ക രീതി യിൽ പടുത്തുയർത്തിയ കൃത്രിമ കഥാസന്ദർഭങ്ങൾ നിറഞ്ഞവയാ ണ് ചാനൽ സീരിയലുകളിൽ സംപ്രേഷണം ചെയ്തുവരുന്നവയിൽ ഏറിയകൂറും. കഴുതയുടെ മസ്തിഷ്കമുള്ള പുരുഷന്മാരും ചെന്നായയുടെ ഹൃദയമുള്ള സ്ത്രീകളുമാണ് ഒട്ടുമിക്ക സീരിയലുകളിലെയും പ്രധാന കഥാപാത്രങ്ങൾ. അവരോടൊപ്പം ശുദ്ധാത്മാവായ ഒരു പെണ്ണുമുണ്ടാവും. അല്ലെ ങ്കിൽ നിഷ്കളങ്കനും വ്യക്തിത്വമില്ലാത്തവനുമായ ഒരു പുരുഷനും. കശാപ്പുകാരന്റെ പിന്നാലെ നടന്നുചെല്ലുന്ന പാവം ആട്ടിൻ കുട്ടിയുടെ മനസ്സും ചലന ക്രമവുമാണ് അത്തരം കഥാപാത്ര ങ്ങൾക്കുണ്ടാവുക. കണ്ണീരും മൂക്കുപിഴിച്ചിലും വഴക്കും വക്കാണവും കൊണ്ട് ശബ്ദമുഖരിതമാവുന്ന യാമങ്ങൾ. വെറും പൊള്ളയായ ഈ കൃത്രിമലോകം ശബ്ദഭേരിയും വർണപ്പകിട്ടും പശ്ചാത്തല സംഗീതവും സംഭാഷണ ചടുലതയും കൊണ്ട് ഒരു യഥാർഥ ലോകമാണെന്ന പ്രതീതിയാണ് പ്രേക്ഷ കർക്കുനൽകുന്നത്.
സീരിയലുകളുടെ അടിമകളായിത്തീരുന്ന പ്രേക്ഷ കസമൂഹം സ്വയമറിയാതെ ഒപ്പം പരസ്യങ്ങളുടെയും അടിമകളായിമാറുന്നു. സീരിയലുകളും പരസ്യങ്ങളും ഇരട്ടകളെപ്പോലെ മെയ്യോടു മെയ് ചേർന്നാണ് ടെലിവിഷൻ ചാനലുകളിൽ ഇന്ന് അരങ്ങേറുന്നത്. ഏതൊക്കെ ഉപഭോഗ വസ്തുക്ക ളാണ് നാം വാങ്ങേണ്ടതെന്ന് കമ്പനികൾ നിശ്ചയിക്കുന്നു, പ്രഖ്യാപിക്കുന്നു. നിരന്തരം മോഹിപ്പിക്കുന്നു, പ്രേരിപ്പിക്കുന്നു. പ്രേക്ഷകരുടെ ബൗദ്ധികമായ ജാഗ്രതയെയും സദാചാരബോധത്തെയും സീരിയലുകൾ വിലക്കെടുക്കുന്നതുപോലെ നമ്മുടെ വിവേകത്തെയും തിരഞ്ഞെടുക്കാനുള്ള അവകാശത്തെയും പരസ്യ ക്കമ്പനികൾ വിലയ്ക്കെ ടുക്കുന്നു! വി ശ്വാസി സമൂഹത്തിന് ഈ ചതിക്കുഴിയിൽ അകപ്പെടാതിരിക്കാൻ സാധിക്കേണ്ടതുണ്ട്.
