ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന തെരഞ്ഞെടുപ്പു കമ്മീഷൻ

പത്രാധിപർ

2026 ഒക്ടോബർ 03, 1448 റബീഉൽ ആഖിർ 22

ഇന്ത്യൻ ജനാധിപത്യത്തിന്റെ നട്ടെല്ലായി നിലകൊള്ളേണ്ട കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ വീണ്ടും അതിരൂക്ഷമായ വിമർശനങ്ങളുടെയും വിവാദങ്ങളുടെയും കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരവും നിഷ്പക്ഷതയും നേരിടുന്ന വെല്ലുവിളികളെച്ചൊല്ലി രാജ്യത്തുടനീളം വലിയ ആശങ്കയുയരുമ്പോൾ, അത് വെറുമൊരു രാഷ്ടീയ ആരോപണം മാത്രമായി തള്ളിക്കളയാനാവില്ല.

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധനയുമായി (SIR) ബന്ധപ്പെട്ട് കമ്മീഷനുള്ളിൽ തന്നെ ഉടലെടുത്ത അഭിപ്രായവ്യത്യാസങ്ങൾ അടുത്തിടെ പുറത്തുവന്നത് സ്ഥാപനത്തിന്റെ പ്രവർത്തന രീതിയിലെ സുതാര്യതയില്ലായ്മ വെളിവാക്കുന്നതാണ്. പ്രക്രിയകളിലെ ഏകപക്ഷീയ സമീപനത്തെയും വോട്ടർമാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിലെ തിരിമറികളെയും ചോദ്യം ചെയ്ത് കമ്മീഷനിലെ അംഗങ്ങൾ തന്നെ രംഗത്തുവന്നു എന്ന റിപ്പോർട്ടുകൾ ജനാധിപത്യ ഇന്ത്യയെ ഞെട്ടിക്കുന്നതാണ്.

തീരുമാനങ്ങൾ സമവായത്തിലൂടെയോ ഭൂരിപക്ഷാഭിപ്രായത്തിലൂടെയോ എടുക്കേണ്ട ഒരു സ്ഥാപനത്തിൽ ഏകപക്ഷീയമായി പരിഷ്‌കാരങ്ങൾ അടിച്ചേൽപിക്കുന്നുവെന്നത് ഭരണഘടനാപരമായ തത്ത്വങ്ങളുടെ ലംഘനമാണ്. പുതിയ വോട്ടർമാരെ ചേർക്കുന്നതിലും ഫോം 6 അപേക്ഷകളിൽ അനാവശ്യ ഉപാധികൾ ഉൾപ്പെടുത്തിയതിലും വരുത്തിയ മാറ്റങ്ങൾ സ്വതന്ത്ര വോട്ടവകാശത്തിന് തടസ്സമാകുന്നുവെന്ന വിലയിരുത്തലുകൾ നിസ്സാരമല്ല.

ശേഖരിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് വിവരങ്ങളുടെ സുരക്ഷയും ആധികാരികതയും മുതൽ വോട്ടർ പട്ടികയിലെ കൂട്ട കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും വരെ സംശയത്തിന്റെ നിഴലിലാണ്. പ്രതിപക്ഷ കക്ഷികൾ തെളിവുകൾ സഹിതം നിരന്തരം ഉന്നയിക്കുന്ന ആരോപണങ്ങൾക്കു വ്യക്തമായ മറുപടി നൽകുന്നതിനു പകരം, സാങ്കേതിക ന്യായീകരണങ്ങൾ നൽകി ഒഴിയാനാണ് കമ്മീഷൻ ശ്രമിക്കുന്നത്.

ഒരു തെരഞ്ഞെടുപ്പു കമ്മീഷന്റെ ഏറ്റവും വലിയ കരുത്ത് എന്നത് നിയമങ്ങൾ മാത്രമല്ല, ജനങ്ങൾക്ക് ആ സ്ഥാപനത്തിലുള്ള വിശ്വാസ്യതയാണ്. ഭരണപക്ഷത്തിന്റെ താൽപര്യങ്ങൾക്ക് വഴങ്ങുന്ന തരത്തിലുള്ള പെരുമാറ്റച്ചട്ട ലംഘനങ്ങളും ഏകപക്ഷീയമായ തീരുമാനങ്ങളും ഈ സ്ഥാപനത്തിന്റെ നിഷ്പക്ഷതയെ പ്രതികൂലമായി ബാധിക്കുന്നു.

ഇന്ത്യൻ ജനാധിപത്യം അതിന്റെ ഏറ്റവും വലിയ പരീക്ഷണഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കമ്മീഷന്റെ തലപ്പത്തുള്ളവരുടെ നിയമന രീതി മുതൽ തീരുമാനമെടുക്കൽ പ്രക്രിയ വരെയുള്ള കാര്യ ങ്ങളിൽ പൂർണമായ സുതാര്യത കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്.

‘കാവലാൾ’ തന്നെ വഴിമാറി നടക്കുന്ന അവസ്ഥ ജനാധിപത്യത്തിന് ആപത്താണ്. തെരഞ്ഞെടുപ്പു കമ്മീഷൻ സ്വന്തം ഭരണഘടനാപരമായ പദവിയും ഉത്തരവാദിത്തവും തിരിച്ചറിഞ്ഞ്, ഏതുവിധത്തിലുള്ള രാഷ്ട്രീയ സമ്മർദങ്ങൾക്കും അതീതമായി പ്രവർത്തിക്കാൻ തയ്യാറാകണം. അല്ലാത്തപക്ഷം, ഈ രാജ്യത്തെ സാധാരണക്കാരന് തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള വിശ്വാസം പൂർണമായും നഷ്ടപ്പെടും; അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ തകർച്ചയുടെ തുടക്കവുമായിരിക്കും.