അക്ഷരസമ്പന്നതയിലെ സംസ്‌കാരശൂന്യത

പത്രാധിപർ

2026 ഒക്ടോബർ 10, 1448 റബീഉൽ ആഖിർ 29

വിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യയുടെയും ഉച്ചകോടിയിലാണ് ആധുനിക മനുഷ്യൻ ജീവിക്കുന്നത്. ലോകത്തിന്റെ ഏതറ്റത്തുമുള്ള വിവരങ്ങളും വിരൽത്തുമ്പിൽ ലഭ്യമാകുന്ന, സാക്ഷരതയും വിദ്യഭ്യാസയോഗ്യതകളും സർവസാധാരണമായ ഒരു കാലഘട്ടം. വസ്ത്രധാരണത്തിലും വാഗ്‌ധോരണികളിലും ആധുനികത നടിക്കുമ്പോഴും വ്യക്തിബന്ധങ്ങളിലും സാമൂഹിക ജീവിതത്തിലും അസഹിഷ്ണു തയും സ്വാർഥതയും ധാർമികച്യുതിയും അനാദരവും കൊടികുത്തിവാഴുന്നു.

വിദ്യഭ്യാസവും സാങ്കേതികവിദ്യയും വർധിച്ചതുകൊണ്ടു മാത്രം ഒരാൾ സംസ്‌കാരസമ്പന്നനാകുന്നില്ല എന്നതാണു യാഥാർഥ്യം. സോഷ്യൽ മീഡിയകളിൽ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾ, ഭാഷയിലെ അശ്ലീലത, മാതാപിതാക്കളോടും മുതിർന്നവരോടുമുള്ള അനാദരവ്, അയൽപക്കബന്ധങ്ങളിലെ വിള്ളലുകൾ എന്നിവയെല്ലാം ആധുനിക മനുഷ്യൻ നേരിടുന്ന ആത്മീയവും ധാർമികവുമായ വന്ധ്യതയെ യാണ് ചൂണ്ടിക്കാണിക്കുന്നത്.

ഇവിടെയാണ് ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിലെ സംസ്‌കാരം (അദബ്) പ്രസക്തമാകുന്നത്. ഇസ്‌ലാം കേവലം ചില അനുഷ്ഠാനങ്ങളുടെ സമാഹാരമല്ല; മറിച്ച് അത് സമ്പൂർണമായ ഒരു ജീവിതസംസ്‌കാരമാണ്. മുഹമ്മദ് നബിﷺ തന്റെ നിയോഗ ലക്ഷ്യത്തെക്കുറിച്ച് പ്രഖ്യാപിച്ചത് ‘ഉത്തമമായ സ്വഭാവഗുണങ്ങളെ പൂർത്തീകരിക്കാനാണ് ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്’ എന്നാണ്. ഭൗതിക നേട്ടങ്ങളെക്കാളും അറിവി നെക്കാളും ഉപരിയായി മനുഷ്യന്റെ മനസ്സിന്റെയും പെരുമാറ്റത്തിന്റെയും വിശുദ്ധിക്കാണ് ഇസ്‌ലാം പ്രാമു ഖ്യം നൽകുന്നത്. സ്വാഭാവം മാന്യമല്ലെങ്കിൽ അറിവുകൊണ്ട് എന്തു കാര്യം?

‘മറ്റുള്ളവർ ആരുടെ നാവിൽനിന്നും കരങ്ങളിൽനിന്നും സുരക്ഷിതരാകുന്നുവോ അവനാണ് യഥാർഥ മുസ്‌ലിം’ എന്ന പ്രവാചക വചനം, സഹജീവികളോടുള്ള പെരുമാറ്റ രീതിയെ കൃത്യമായി നിർവചിക്കുന്നു. സൈബർ ഇടങ്ങളിൽ വ്യക്തിഹത്യ നടത്തുന്നതും ചീത്തവാക്കുകൾ ഉപയോഗിക്കുന്നതും ഈ മൂല്യത്തിന് തീർത്തും വിരുദ്ധമാണ്.

സ്വന്തം തെറ്റുകളെ വിസ്മരിച്ച് മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങൾ തികഞ്ഞെടുത്ത് സോഷ്യൽ മീഡിയക ളിലൂടെ പ്രചരിപ്പിക്കുന്നത് വിവരമില്ലാത്തവരല്ല! ലക്ഷ്യം ലൈക്കും റീച്ചും പിന്നെ അപരവിദ്വേഷം പ്രകടിപ്പിക്കലും തന്നെ.

‘അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറച്ച് ഉണ്ണുന്നവൻ നമ്മിൽപെട്ടവനല്ല’ എന്ന പ്രവാചകാധ്യാപനത്തെ പരിഹസിച്ച് അതിലെ വാക്കുകളെ ലൈംഗിക ചുവയുള്ളതാക്കി മാറ്റിയുള്ള ഒരു ഫേസ് ബുക്ക് പോസ്റ്റ് കാണാനിടയായി. ഇതുപോലെ, ചിലരുടെ മനസ്സ് എത്രമാത്രം വിദ്വേഷ വിഷം നിറഞ്ഞതാ ണെന്ന് വ്യക്തമാക്കുന്ന നിരവധി എഴുത്തുകളും വീഡിയോകളും ദിനേന നാം സോഷ്യൽ മീഡിയകളിലൂടെ കണ്ടുകൊണ്ടിരിക്കുന്നു!

ബാഹ്യമായ തിളക്കങ്ങളിൽ മയങ്ങി ആന്തരികമായ മൂല്യങ്ങളെ കൈവെടിയുന്ന അവസ്ഥയിൽനിന്ന് തിരിച്ചുനടന്നേ മതിയാവൂ. ധാർമികമായ അടിത്തറയില്ലാത്ത പുരോഗതി വിനാശത്തിലേക്കാണു നയിക്കുക. ദൈവബോധത്തിലൂന്നിയ ഉത്തമ സ്വഭാവരൂപീകരണത്തിലൂടെ മാത്രമെ മനുഷ്യന് തന്റെ ആന്തരിക ശൂന്യതയെ നികത്താനും സംസ്‌കാര സമ്പന്നനാകാനും സാധിക്കൂ. വിശുദ്ധ ക്വുർആനിന്റെയും പ്രവാചകാധ്യാപനങ്ങളുടെ പ്രകാശത്തിൽ സ്വന്തം ജീവിതത്തെയും പെരുമാറ്റത്തെയും ശുദ്ധീകരിക്കാൻ നാം തയ്യാറാകേണ്ടതുണ്ട്.