അഴിമതിമുക്ത ഭരണം അസാധ്യമോ?

പത്രാധിപർ

2026 സെപ്തംബർ 19, 1448 റബീഉൽ ആഖിർ 08

ജനാധിപത്യ സംവിധാനത്തിന്റെ കാവലാളുകളാകേണ്ട ഭരണാധികാരികളും ഉദ്യോഗസ്ഥവൃന്ദവും തങ്ങളുടെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കായി അധികാര ദുര്‍വിനിയോഗം നടത്തുമ്പോള്‍ തകരുന്നത് സാധാരണക്കാരന്റെ പ്രതീക്ഷകളാണ്. ജനക്ഷേമത്തിനായി നടപ്പിലാക്കേണ്ട പദ്ധതികളും സേവനങ്ങളും അഴിമതിയുടെ കറുത്ത കരങ്ങളാല്‍ വഴിതിരിച്ചു വിടപ്പെടുമ്പോള്‍, ദിനംപ്രതി പ്രയാസപ്പെടുന്നത് സാധാരണക്കാരായ ജനങ്ങളാണ്.

ഒരു സാധാരണക്കാരന് സര്‍ട്ടിഫിക്കറ്റിനായും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ക്കായും കൈക്കൂലി നല്‍കേണ്ടിവരുന്ന അവസ്ഥ ജനാധിപത്യ സമൂഹത്തിന് അപമാനം തന്നെയാണ്.

ചില ഉദ്യോഗസ്ഥരെ ചെറുതോ വലുതോ ആയ തുക കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് പിടികൂടിയ വാര്‍ത്ത നാം ഇടയ്ക്കിടെ കേള്‍ക്കാറുണ്ട്. താല്‍ക്കാലികമായ സസ്പെന്‍ഷനോ സ്ഥലം മാറ്റമോ ആയിരിക്കും അവര്‍ക്കു ലഭിക്കുന്ന ‘കടുത്ത’ ശിക്ഷ! അവര്‍ എവിടെച്ചെന്നാലും കൈക്കൂലി വാങ്ങാതിരി ക്കുമോ? അപൂര്‍വം ചിലര്‍ മാത്രമെ കൈക്കൂലിക്കാര്‍ക്കെതിരെ പ്രതികരിക്കൂ; കാരണം എങ്ങനെയെങ്കിലും തങ്ങളുടെ ആവശ്യം നടക്കണമെന്നതായിരിക്കും അവരുടെ ചിന്ത. ഈ നിസ്സഹായാവസ്ഥയെയാണ് ഉദ്യോഗസ്ഥര്‍ ചൂഷണം ചെയ്യുന്നത്.

ജനസേവനത്തിനായി നിയമിക്കപ്പെട്ട, കനത്ത ശമ്പളം വാങ്ങുന്ന ചില ഉദ്യോഗസ്ഥര്‍ തങ്ങളുടെ ചുമതലകള്‍ മറന്ന് അഴിമതിയെ ഒരു അവകാശമായി കാണുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. നിയമങ്ങളും വിജിലന്‍സ് സംവിധാനങ്ങളുമൊക്കെ നിലവിലുണ്ടെങ്കിലും, തെറ്റു ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുന്ന അവസ്ഥയാണ് അഴിമതി തടയുന്നതില്‍ പ്രധാന വെല്ലുവിളിയാകുന്നത്. രാഷ്ട്രീയ സംരക്ഷണവും ഉദ്യോഗസ്ഥ തലത്തിലുള്ള ഒത്തുകളികളും കാരണം കേവലം അന്വേഷണ പ്രഹസനങ്ങള്‍ക്കപ്പുറം കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുന്നില്ല. ഇത് തെറ്റു ചെയ്യാന്‍ മടിക്കാത്ത ഒരു അന്തരീക്ഷം സിസ്റ്റത്തില്‍ സൃഷ്ടിക്കുന്നു.

കുറ്റം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ വിചാരണ നേരിടാതെ സര്‍വീസില്‍ തുടരുന്നതും ശിക്ഷാനടപടികള്‍ നീണ്ടുപോകുന്നതും അഴിമതി തുടരാന്‍ കാരണമാകുന്നു. ശിക്ഷാഭയമില്ലായ്മയും രക്ഷിക്കാന്‍ പാര്‍ട്ടി നേതൃത്വമുണ്ടെന്ന ചിന്തയും തെറ്റുകള്‍ തുടരാന്‍ ധൈര്യം നല്‍കുന്നു.

എത്രയെത്ര അഴിമതിക്കഥകളുടെ വാര്‍ത്തകളാണ് ദിനേന നാം കേട്ടുകൊണ്ടിരിക്കുന്നത്! കേസുകള്‍ അനന്തമായി നീണ്ടുപോകുന്നുഎന്നല്ലാതെ ആരാണു ശിക്ഷിക്കപ്പെടുന്നത്? കടിക്കാന്‍ വരുന്ന പട്ടിയെയോ പാമ്പിനെയോ കൊന്നാല്‍ അതിവേഗ നടപടിയുണ്ടാകുന്ന നാടാണിതെന്നത് ഓര്‍ക്കുക!

വലിയ രീതിയില്‍ അഴിമതിയാരോപനങ്ങള്‍ ഉയര്‍ന്നിട്ടും നിയമപരമായ വിടവുകള്‍, തെളിവുകളുടെ അഭാവം അല്ലെങ്കില്‍ രാഷ്ട്രീയ സ്വാധീനം എന്നിവ കാരണം പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോവുകയോ കേസ് എങ്ങുമെത്താതെ നില്‍ക്കുകയോ ചെയ്ത എത്രയോ സംഭവങ്ങള്‍ ഇന്ത്യയുടെ ചരിത്രത്തിലുണ്ട്. ബോഫോഴ്സ് പീരങ്കി ഇടപാട്, 2 ജി സ്പെക്ട്രം കൈക്കൂലി കേസ് പോലുള്ളവ ഉദാഹരണം. 2 ജി സ്പെക്ട്രം കൈക്കൂലി രാജ്യത്തിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ് കണക്കാക്കപ്പെട്ടിരുന്നത്.

ഭരണകൂടവും ഉദ്യോഗസ്ഥരും ജനങ്ങളോടു പൂര്‍ണ ഉത്തരവാദിത്തമുള്ളവരായി മാറുമ്പോള്‍ മാത്രമെ അഴിമതിരഹിതമായ ഒരു ഭരണം സാധ്യമാകൂ. തെറ്റു ചെയ്യുന്നവര്‍ ഭരണതലത്തിലായാലും ഉദ്യോഗസ്ഥതലത്തിലായാലും ശിക്ഷിക്കപ്പെടുമെന്ന ഭയം സൃഷ്ടിക്കാന്‍ നിയമസംവിധാനങ്ങള്‍ക്ക് കഴിയണം. അഴിമതിക്കെതിരെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതികരണശേഷിയും ഉദ്യോഗസ്ഥരില്‍ ധാര്‍മിക ബോധവും വളര്‍ന്നുവന്നാല്‍ മാത്രമെ സുതാര്യവും നീതിപൂര്‍വവുമായ ഒരു ഭരണസംവിധാനം നിലവില്‍ വരൂ.