എപ്‌സ്റ്റീൻ ഫയലുകൾ ലോകത്തോടു പറയുന്നത്

പത്രാധിപർ

2026 ഫെബ്രുവരി 14, 1447 ശഅ്ബാൻ 26

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മാരകമായ ധാർമിക തകർച്ചകളിലൊന്നായി ജെഫ്രി എപ്‌സ്റ്റീൻ കേസ് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. 2024 ജനുവരിയിൽ പുറത്തുവന്ന എപ്‌സ്റ്റീൻ ഫയലുകൾ വെറുമൊരു ലൈംഗിക കുറ്റകൃത്യത്തിന്റെ വിവരങ്ങളല്ല, മറിച്ച് ആഗോളതലത്തിൽ നിലനിൽക്കുന്ന അധികാരശക്തികളുടെയും സമ്പന്ന വർഗത്തിന്റെയും സുരക്ഷാകവചങ്ങൾ എങ്ങനെ നീതിയെ അട്ടിമറിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവുകളാണ്. ഈ ഫയലുകൾ സമൂഹത്തിന് നൽകുന്ന പാഠങ്ങൾ, ആധുനിക നിയമവ്യവസ്ഥയിലെ അരാചകത്വപരമായ വിടവുകൾ എന്നിവ പരിശോധിക്കുമ്പോൾ, കേവലം ഒരു വ്യക്തിയുടെ വീഴ്ച എന്നതിലുപരി ഒരു വ്യവസ്ഥിതിയുടെ തന്നെ പരാജയമാണ് ദൃശ്യമാകുന്നത്. ലൈംഗിക ചൂഷണത്തിന് പുറമെ, സാമ്പത്തിക സ്വാധീനം ഉപയോഗിച്ച് എങ്ങനെ അന്വേഷണ ഏജൻസികളെയും രാഷ്ട്രീയ നേതൃത്വങ്ങളെയും നിശ്ശബ്ദമാക്കാം എന്നതിന്റെ പാഠപുസ്തകമായി എപ്‌സ്റ്റീൻ കേസ് മാറുന്നു.

2024ൽ കോടതി ഉത്തരവനുസരിച്ച് പുറത്തുവിടപ്പെട്ട ആയിരക്കണക്കിന് പേജുകളുള്ള രേഖകൾ, എപ്‌സ്റ്റീന്റെ കുറ്റകൃത്യങ്ങളിൽ നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട പ്രമുഖ വ്യക്തികളുടെ പേരുകൾ വെളിപ്പെടുത്തി. വിർജീനിയ ഗിഫ്രെ എന്ന ഇര നൽകിയ മാനനഷ്ടക്കേസിന്റെ ഭാഗമായാണ് ഈ രേഖകൾ അൺസീൽ ചെയ്യപ്പെട്ടത്. ബിൽ ക്ലിന്റൺ, പ്രിൻസ് ആൻഡ്രൂ, ഡൊണാൾഡ് ട്രംപ്, മൈക്കൽ ജാക്‌സൺ, ഡേവിഡ് കോപ്പർഫീൽഡ് തുടങ്ങിയവരുടെ പേരുകൾ വിവിധ സാഹചര്യങ്ങളിൽ ഈ രേഖകളിൽ പരാമർശിക്കപ്പെടുന്നുണ്ട് എന്നാണ് വാർത്തകൾ. ഈ ഫയലുകളിൽ പേര് വരുന്നതുകൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകുന്നില്ല എന്ന നിയമപരമായ വശവുമുണ്ട്.

ഈ രേഖകളിൽ ഏറ്റവും പ്രധാനം എപ്‌സ്റ്റീന്റെ കൂട്ടാളിയായിരുന്ന ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലിന്റെ പങ്കാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ റിക്രൂട്ട് ചെയ്യുന്നതിനും അവരെ ലൈംഗിക അടിമകളായി മാറ്റുന്നതിനും മാക്സ്‌വെൽ വഹിച്ച പങ്ക് കോടതി രേഖകളിൽ വ്യക്തമാണ്. പെൺകുട്ടികൾക്ക് പ്രൊഫഷണൽ മസാജ് പരിശീലനം നൽകാമെന്ന് വിശ്വസിപ്പിച്ച് എപ്‌സ്റ്റീന്റെ സാമ്രാജ്യത്തിലേക്ക് എത്തിക്കുകയും പിന്നീട് ഭീഷണിയിലൂടെയും പണം നൽകിയും അവരെ കെണിയിൽപ്പെടുത്തുകയുമായിരുന്നത്രെ ഇവർ ചെയ്തിരുന്നത്.

ഈ ഫയലുകൾ പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള അധികാരകേന്ദ്രങ്ങൾ പ്രതിരോധത്തിലാണ്. എപ്‌സ്റ്റീന്റെ ദ്വീപുകളിൽ നടന്ന അശ്ലീല ദൃശ്യങ്ങളും നഗ്‌നചിത്രങ്ങളും ഉൾപ്പെടുന്ന പുതിയ രേഖകൾ അമേരിക്കൻ സർക്കാർ പുറത്തുവിട്ടത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.

എപ്‌സ്റ്റീൻ കേസ് തുറന്നുകാട്ടുന്ന ഏറ്റവും വലിയ ഭീതി, നിയമവ്യവസ്ഥയിലെ അരാചകത്വമാണ്. സാധാരണക്കാർക്ക് ഒരു നിയമവും ഉന്നതർക്ക് മറ്റൊരു നിയമവും എന്ന അവസ്ഥ ഇവിടെ പ്രകടമാണ്. 2008ൽ ഫ്‌ളോറിഡയിൽ എപ്‌സ്റ്റീന് ലഭിച്ച ‘നോൺ പ്രോസിക്യൂഷൻ എഗ്രിമെന്റ്’ ഇതിന്റെ വലിയ ഉദാഹരണമാണ്. ഡസൻ കണക്കിന് പെൺകുട്ടികളെ പീഡിപ്പിച്ചതായി തെളിവുണ്ടായിട്ടും വെറും 13 മാസം മാത്രം ജയിലിൽ കഴിയുകയും പകൽ സമയത്ത് പുറത്തിറങ്ങി ജോലി ചെയ്യാൻ അനുവാദം ലഭിക്കുകയും ചെയ്ത ഈ കരാർ ‘നൂറ്റാണ്ടിലെ ഏറ്റവും വലിയ വിട്ടുവീഴ്ച’എന്നാണ് അറിയപ്പെടുന്നത്.

എഫ്ബിഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾക്ക് 1996ൽ തന്നെ മരിയ ഫാർമർ എന്ന ഇര പരാതി നൽകിയിട്ടും 2006വരെ ഒരു അന്വേഷണവും ആരംഭിക്കാൻ അവർ തയ്യാറായില്ല. പത്ത് വർഷത്തോളം എപ്‌സ്റ്റീന് തന്റെ കുറ്റകൃത്യങ്ങൾ തുടരാൻ ഇത് അവസരമൊരുക്കി. അധികാരവും സമ്പത്തും ധാർമികബോധമില്ലായ്മയും മനുഷ്യനെ എത്രമാത്രം അധമനാക്കും എന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു.