പുരോഗമനത്തിന്റെ വർണക്കടലാസിൽ പൊതിഞ്ഞ ജീർണതകൾ

പത്രാധിപർ

2026 മെയ് 02, 1447 ദുൽഖഅദ് 14

പുരോഗമനത്തിന്റെ അടയാളമെന്താണ്? മാനുഷിക ഗുണങ്ങളായ ലജ്ജ, സംസ്‌കാരം പോലുള്ളവ പാടെ വെടിഞ്ഞ് എന്തും എവിടെവച്ചും എപ്പോഴും പറയുകയും പ്രവർത്തിക്കുകയും ചെയ്യുവാൻ ആർജവം കാണിക്കുക എന്നതാണോ? അത് പുരോഗതിയല്ലെന്നും അധോഗതിയാണെന്നും സാമാന്യബുദ്ധിയുള്ള വരൊക്കെ പറയും. എന്നാൽ ലിബറലിസത്തിന്റെ വേഷമിട്ട ചില പുരോഗമന നാട്യക്കാരുടെ കണ്ണിൽ അങ്ങനെയൊക്കെ പറയുന്നതും പ്രവർത്തിക്കുന്നതുമാണ് പുരോഗമനം!

താൻ ജീവിക്കുന്ന ചുറ്റുപാടുകളും സാഹചര്യവും മനുഷ്യന്റെ സ്വഭാവത്തെ ശക്തമായി സ്വാധീനിക്കുന്നു എന്നത് ഒരു വസ്തുതയാണ്. വളരുന്ന ചുറ്റുപാട് വികൃതവും ജീർണവുമാണെങ്കിൽ മനുഷ്യൻ തിന്മയുടെ വക്താവായിത്തീരുന്നു. അങ്ങനെയുള്ള ചുറ്റുപാട് മനഃപൂർവം ഉണ്ടാക്കിത്തീർക്കാനാണ് വികല പുരോഗമനവാദികളുടെ പരിശ്രമം. അതിനായി ചാക്കിട്ടു പിടിക്കുന്നത് വിദ്യാർഥികളെയും യുവാക്കളെയുമാണ്. അതിന് ശാസ്ത്രത്തിന്റെ കുപ്പായമോ പുരോഗമനത്തിന്റെ വർണക്കടലാസോ സ്വാതന്ത്ര്യമെന്ന ലോബലോ ഒക്കെ അവർ നൽകും. ‘അടിച്ചുപൊളിക്കലാണ്’ ജീവിതം, ‘ആഘോഷിക്കാനുള്ളതാണ്’ അവസരങ്ങൾ, അതിൽ തെറ്റും ശരിയും നോക്കാനില്ല എന്നൊക്കെയുള്ള ധാരണയിലാണിന്ന് പുതുതലമുറ വളർന്നുവരുന്നത്. അപ്പോൾ അതിനു വിഘാതമായി നിൽക്കുന്നതിനോടെല്ലാം അവർക്ക് ദേഷ്യമാകും. വഴിവിട്ട ജീവിതത്തോടുള്ള എതിർപ്പ് അധ്യാപകരിൽനിന്നാണെങ്കിലും മാതാപിതാക്കളിൽ നിന്നാണെങ്കിലും ശരി അവർക്ക് സഹിക്കാനാവില്ല. ഓമനിച്ചു വളർത്തുന്ന മാതാവിന്റെ കഴുത്തറുക്കാൻ വരെ മക്കൾ തയ്യാറാകുന്നത് തലതിരിഞ്ഞ ജീവിതവീക്ഷണം കൊണ്ടാണ്. ജീവിത പശ്ചാത്തലം ശുദ്ധവും സംസ്‌കാരസമ്പന്നവുമാണെങ്കിൽ അവനിൽ നന്മ പ്രതിഫലിച്ച് കാണും.

തങ്ങളുടെ സന്താനങ്ങൾ നല്ല വ്യക്തിത്വത്തിന്റെ ഉടമകളായിരിക്കണം എന്നത് എല്ലാ മാതാപിതാ ക്കളുടെയും ആഗ്രഹമാണ്. എന്നാൽ ജീവിതവിശുദ്ധി കൊതിക്കുന്നവർതന്നെ പരിഷ്‌കാരത്തിന്റെയും പുരോഗമനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പേരിൽ മലീമസമായ സംസ്‌കാരത്തെ പുണരുന്ന നിർഭാഗ്യകരമായ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

ദൈവം നിശ്ചയിച്ച പരിധികൾ തകർത്ത് സർവതന്ത്ര സ്വതന്ത്രരായി വിരാജിക്കുവാൻ മനുഷ്യൻ തയ്യാറായതിന്റെ ഫലമായി അവന്റെ മുമ്പിൽ പ്രതിസന്ധികൾ കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്നു. അത്തരക്കാർക്ക് മനസ്സമാധാനം ഒരു കിട്ടാക്കനിയായി മാറുന്നു.

ലൈംഗിക അരാജകത്വവും മയക്കുമരുന്ന് ഉപയോഗവുമാണ് സമൂഹത്തിൽ ഏറെ സങ്കീർണതകൾ ഉണ്ടാക്കിയിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് കണ്ണൂരിൽ സ്വന്തം മാതാവിനെ കഴുത്തറുത്തു കൊന്ന യുവാവ് ലഹരിക്ക് അടിമയാണെന്നും നിരന്തരം വീട്ടിൽ വഴക്കിട്ടിരുന്നു എന്നുമാണ് വാർത്ത. പൊതുജനമധ്യത്തിൽ വെച്ച് അന്യ സ്ത്രീ-പുരുഷന്മാർക്ക് പരസ്പരം ചുംബിക്കുവാനും ആണിനും പെണ്ണിനും പരിധികളില്ലാത്ത വിധം ഇടകലരുവാനുമൊക്കെ സ്വാതന്ത്ര്യം വേണമെന്നു പറഞ്ഞ് സമരം ചെയ്യുവാൻ വരെ സമത്വ -

സ്വാതന്ത്ര്യവാദികൾ രംഗത്ത് വരുന്നത് കെട്ട സംസ്‌കാരത്തെ സൂചിപ്പിക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു.

മനുഷ്യൻ കന്നുകാലികളെ പോലെ ജീവിക്കുവാൻ പാടില്ലെന്നും ചില വിധികളും വിലക്കുകളും അവൻ പാലിക്കേണ്ടതുണ്ടെന്നും മതം പഠിപ്പിക്കുമ്പോൾ മതവും ദൈവവിശ്വാസവും അറുപഴഞ്ചൻ സംസ്‌കാരമാണ് പഠിപ്പിക്കുന്നെതന്നും ശാസ്ത്രം അത്യുന്നതിയിലെത്തി നിൽക്കുന്ന ആധുനിക ലോകത്തിന് അത് അപമാനമാണ് എന്നൊക്കെയാണ് മതനിഷേധികളുടെ പ്രചാരണം. സത്യത്തിൽ ഇവരാണ് സമൂഹത്തെ പ്രാകൃത യുഗത്തിലേക്ക് നയിക്കുന്നത്.