ജനപ്രതിനിധികൾ കടമകൾ നിറവേറ്റണം
പത്രാധിപർ
2026 ജനുവരി 31, 1447 ശഅ്ബാൻ 12

ചില ദിനങ്ങൾ ചിലർക്ക്
മധുരപലഹാരത്തിന്റെയും
പായസത്തിന്റെയും
വർണങ്ങളുടെയും
ആഘോഷത്തിന്റെയുമാണ്
മറ്റുചിലർക്കത്
വിശപ്പിനെതിരെയുള്ള
പോരാട്ടത്തിന്റെയും
രാജ്യത്തെ പട്ടിണികിടക്കുന്ന കോടിക്കണക്കിനു ദരിദ്രരുടെ പട്ടിണി മാറ്റുക, പാർപ്പിടമൊരുക്കുക, ചികിത്സ ലഭ്യമാക്കുക, അടിസ്ഥാന വിദ്യാഭ്യാസമെങ്കിലും നൽകുക; ഇതാണ് ഒരു ഭരണകൂടത്തിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്തം. ഭക്ഷണം, വസ്ത്രം, പാർപ്പിടം, ചികിത്സ, പഠനം, തൊഴിൽ, നിർഭയജീവിതം... തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താത്ത ഭരണാധികാരികൾ അവരെ ഭരണത്തിലേറ്റിയ പൗരന്മാരെ വഞ്ചിക്കുകയാണ് യഥാർഥത്തിൽ ചെയ്യുന്നത്.
ഒരു ജനാധിപത്യ രാജ്യത്തിൽ ഭരണാധികാരികളല്ല ഭരണീയരാണ് വിഐപികൾ. കാരണം അവരുടെ വോട്ടുകൊണ്ടാണ് ഭരണാധികാരികൾ ആ സ്ഥാനത്തെത്തിയത്. അവർ ജനപ്രതിനിധികൾ മാത്രമാണ്. അഥവാ ജനങ്ങൾ അവരെ അവരുടെ പ്രതിനിധികളായി തെരഞ്ഞെടുത്തിരിക്കുന്നു. എം.എൽ.എ, എംപി, മന്ത്രി തുടങ്ങി പഞ്ചായത്ത് മെമ്പർ വരെയുള്ള സ്ഥാനങ്ങൾ യഥാർഥത്തിൽ ഉയർന്ന വരുമാനവും മറ്റനേകം നേട്ടങ്ങളൂം ഉദാരമായി അനുഭവിക്കുന്ന ജോലി തന്നെയാണ്. അവർക്ക് ആ ജോലി നൽകിയത് ആരാണ്? വോട്ടർമാർതന്നെ! തങ്ങളുടെ ഉത്തരവാദിത്തം ഭംഗിയായും കാര്യക്ഷമമായും ചെയ്യുമ്പോഴാണ് ഒരു ജനപ്രതിനിധി യഥാർഥ ജനപ്രതിനിധിയാകുന്നത്. അതാണ് വോട്ടു ചെയ്ത് ജയിപ്പിക്കുന്ന ജനങ്ങൾ ആഗ്രഹിക്കുന്നത്.
കൃത്യമായി ശമ്പളവും ഉയർന്ന ആനുകൂല്യങ്ങളും കൈപ്പറ്റുന്നവർ, സർക്കാർ ചെലവിൽ (പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട്) വിദേശയാത്രകളും ചികിത്സയും നടത്തുന്നവർ യഥാർഥത്തിൽ ‘സേവകർ’ എന്ന വിശേഷണം അർഹിക്കുന്നുണ്ടോ? ജനങ്ങൾക്ക് തങ്ങളുടെ പ്രയാസങ്ങളും ആവശ്യങ്ങളും അവതരിപ്പിക്കാൻ ജനപ്രതിനിധികളെ കടമ്പകളില്ലാതെ കാണാനുള്ള സാഹചര്യമുണ്ടാകണം. അവർജനങ്ങളുടെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും നേടിക്കൊടുക്കുകതന്നെ വേണം. അതിനായി പരിശ്രമിക്കണം. അവർ ജനങ്ങൾക്ക് അപ്രാപ്യരായിക്കൂടാ. ചില്ലുമേടയിലിരുന്ന് ജനങ്ങളുടെ പ്രയാസം കണ്ട് വീണവായിക്കുകയല്ല; പുൽക്കുടിലുകളിലേക്ക് ഇറങ്ങിച്ചെന്ന് അവരെ നെഞ്ചോടുചേർക്കുകയാണ് ആത്മാർഥതയുള്ള ഭരണാധികാരികൾ ചെയ്യേണ്ടത്.

