മതസ്വാതന്ത്ര്യത്തിനുമേൽ കൂച്ചുവിലങ്ങ് വീഴുന്നുവോ?
പത്രാധിപർ
2026 സെപ്തംബർ 05, 1448 റബീഉൽ അവ്വൽ 23

മതപരിവർത്തന നിരോധന നിയമം ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. നിർബന്ധിതം, പ്രലോഭനം പോലുള്ള വാക്കുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും സ്വമേധയാ മാറാനുള്ള സ്വാതന്ത്ര്യം പോലും തടയുന്ന നിലയ്ക്കുള്ള വ്യവസ്ഥകളാണ് കാണുവാൻ സാധിക്കുന്നത്. ഘർവാപസി എന്ന പേരിട്ടു നടത്തുന്ന മതപരിവർത്തന ചടങ്ങുകൾ നിയമപരവും അല്ലാത്തവ നിയമ വിരുദ്ധവുമാകുന്നതിൽനിന്നുതന്നെ ബിജെപി സർക്കാറുകൾ ലക്ഷ്യമാക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ അതിബുദ്ധിയൊന്നും വേണ്ട.
വൈവിധ്യങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ ഭരണഘടന നൽകുന്ന പൗരാവകാശങ്ങൾ ജനാധിപത്യത്തിന്റെ കാതലാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭരണഘടനയുടെ അനുച്ഛേദം 25 നൽകുന്ന മൗലികാവകാശം.
പൊതുക്രമത്തിനും ധാർമികതക്കും വിധേയമായും ഭരണഘടനയിലെ 3-ാം ഭാഗത്തെ വ്യവസ്ഥകൾക്കു വിധേയമായും എല്ലാ വ്യക്തികൾക്കും തുല്യമായ മനസ്സാക്ഷിസ്വാതന്ത്ര്യവും സ്വതന്ത്രമായി മതത്തിൽ വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യവും ഇന്ത്യൻ ഭരണഘടനയുടെ 25-ാം വകുപ്പു നൽകുന്നുണ്ട്. മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിലെ (Universal Declaration of Human Rights) 18ാം വകുപ്പ് ചിന്താസ്വാതന്ത്ര്യവും മനസ്സാക്ഷി സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഉറപ്പുനൽകിയിരിക്കുന്നു. ഈ അവകാശം
ഒരാളുടെ മതം അഥവാ വിശ്വാസം മാറാനുള്ള സ്വാതന്ത്ര്യവും ഒറ്റക്കോ മറ്റുള്ളവരോടൊപ്പം സമൂഹത്തിലോ പരസ്യമായോ സ്വകാര്യമായോ, പ്രബോധനം, അഭ്യസനം, ആരാധന, നിഷ്ഠ എന്നിവയിൽ ഒരാളുടെ മതമോ വിശ്വാസമോ വെളിപ്പെടുത്താനുള്ള സ്വാതന്ത്ര്യവും ഉറപ്പുതന്നിരിക്കുന്നു. അതുകൊണ്ട് മതസ്വാതന്ത്ര്യം ഉണ്ടായിരിക്കാനുള്ള അവകാശം (The Right to Religious Freedom) ഇന്ത്യയിൽ ഭരണഘടന ഉറപ്പുനൽകിയിട്ടുള്ള മാനുഷ്യാവകാശമാണ്.
ഭരണഘടനാ നിർമാണവേളയിൽ കോൺസ്റ്റിറ്റിയൂവെന്റ് അസംബ്ലി സ്ഥാപിച്ച ന്യൂനപക്ഷങ്ങൾക്കായുള്ള കമ്മിറ്റി ഇങ്ങനെ ശുപാർശ ചെയ്തു: ‘ഇസ്ലാം, ക്രിസ്തുമതം എന്നിവപോലുള്ള മതങ്ങൾ പരിവർത്തനവിശ്വാസങ്ങൾ (proselytising faiths) ആയതിനാൽ അവർക്ക് മതം പ്രചരിപ്പിക്കാനുള്ള അവകാശം ഒരു മൗലികാവകാശമായി ഭരണഘടനയിൽ ഉൾപ്പെടുത്തുന്നത് അഭിലഷണീയമായിരിക്കും.’
ബലപ്രയോഗം, വഞ്ചന, പ്രലോഭനം എന്നിവ മൂലമുള്ള മതം മാറ്റമാണ് നമ്മുടെ രാജ്യത്ത് നിയമവിരുദ്ധമാക്കപ്പെട്ടിരിക്കുന്നത്. മാനസാന്തരത്തിനു വിധേയനാകാൻ ഒരു വ്യക്തിക്ക് അവകാശമില്ലെന്ന് ഭരണഘടനയോ സുപ്രീംകോടതിയോ പറഞ്ഞിട്ടില്ല. ഒരു മതത്തിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റം രണ്ടു വ്യക്തികൾക്കുള്ള മൗലികാവകാശം നിയമാനുസൃതം പ്രയോഗിക്കുന്നതിന്റെ ഫലമായിട്ടു സംഭവിക്കാം. ഒരു വ്യക്തിക്ക് തന്റെ മതം പ്രചരിപ്പിക്കാനുള്ള മൗലികാവകാശവും മറ്റേ വ്യക്തിക്ക് മനസ്സാക്ഷി സ്വാതന്ത്ര്യവും തനിക്ക് ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനും അത് അഭ്യസിക്കാനുമുള്ള അവകാശവും നൽകുന്നു. യഥാർഥവും ആത്മാർഥവുമായ മതപരിവർത്തനത്തിൽ ഒരുവൻ മറ്റൊരുത്തന്റ മതത്തെ ബലംപ്രയോഗിച്ചു മാറ്റുന്നില്ല. ഹൃദയപരിവർത്തനത്തിനു വിധേയനായി സ്വാതന്ത്ര്യത്തോടെ തന്റെ മതത്തിൽനിന്നു മാറുകയും ബോധ്യവും മനസ്സാക്ഷിയുമനുസരിച്ച് പുതിയ മതം സ്വീകരിക്കുകയുമാണു ചെയ്യുന്നത്.
ഒരാൾ മനംമാറ്റത്തിനു വിധേയനാവുകയും സ്വമനസ്സാ മറ്റൊരു മതം സ്വീകരിക്കുകയും ചെയ്യുന്നത് ഇന്ത്യൻ മതനിരപേക്ഷതക്ക് ഒരിക്കലും എതിരല്ല എന്നു വ്യക്തം. ഭരണഘടന അംഗീകരിച്ചിട്ടുള്ള ഈ അവകാശം ഒരു വ്യക്തിക്ക് മനസ്സാക്ഷിസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഉപയോഗിച്ച് സ്വമനസ്സാലെ തന്റെ മതത്തിൽനിന്നു മാറി പുതിയ ഒരു മതം സ്വീകരിക്കാനുള്ള അവകാശമാണ്. പക്ഷേ, അത്തരം മതപരിവർത്തനം ബലപ്രയോഗമോ വഞ്ചനയോ വശീകരണമോ പ്രേരണയോ (force, fraud, enticement, inducement)കൊണ്ട് സംഭവിക്കുന്നതായിരിക്കരുത്. അതുകൊണ്ട് ബലപ്രയോഗമോ വഞ്ചനയോ വശീകരണമോ പ്രേരണയോ മൂലമല്ലാതെ ഏതു മതത്തിലേക്ക് മാറിയാലും നിയമപ്രകാരം എതിർക്കപ്പെടേണ്ടതല്ല.
