ചീറ്റിപ്പോയ ‘ബിഗ്’ തന്ത്രം
പത്രാധിപർ
2026 സെപ്തംബർ 12, 1448 റബീഉൽ ആഖിർ 01

ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്, അല്ല കുതിച്ചുകൊണ്ടിരിക്കുകയാണ്; ജനാധി പത്യത്തിൽനിന്ന് ഏകാധിപത്യത്തിലേക്ക്, മതനിരപേക്ഷതയിൽ നിന്ന് മതവർഗീയതയിലേക്ക്, ബഹുസ്വരതയിൽനിന്ന് ഏകശിലാത്മകതയിലേക്ക്!
നെഹ്റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും ഭരണകാലത്ത് നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതികൾ രാജ്യത്തെ എല്ലാ മേഖലകളിലും ഉയരത്തിലെത്തിച്ചു. അക്കാലത്ത് ഭരണാധികാരികളുടെ ചിന്ത രാജ്യത്തിന്റെയും എല്ലാ വിഭാഗം ജനങ്ങളുടെയും സർവോന്മുഖമായ പുരോഗതിയായിരുന്നെങ്കിൽ ഇന്ന് ആ അവസ്ഥ തകിടം മറിഞ്ഞിരിക്കുന്നു; അല്ല തകിടം മറിച്ചിരിക്കുന്നു! രാജ്യത്തിന്റെ ഗതകാല ചരിത്രത്തെ അപനിർമിച്ചുകൊണ്ടിരിക്കുകയാണിന്ന്. സ്വാതന്ത്ര്യ സമരരംഗത്തെ മുൻനിര നേതാക്കളെ പോലും അവരുടെ മതം നോക്കി ചരിത്ര പാഠപുസ്തകങ്ങളിൽനിന്ന് വെട്ടിമാറ്റുന്നു. രാഷ്ട്രപിതാവിന്റെ ഘാതകനെ പൂമാലയിട്ടു പൂജിക്കുന്ന തരത്തിലേക്ക് ചില നേതാക്കൾ തരംതാഴ്ന്നിരിക്കുന്നു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുസ്ലിംകളുടെ വീടുകളും കച്ചവടസ്ഥാപനങ്ങളും അനധികൃതമെന്ന പേരിൽ നിർബാധം ബുൾഡോസറുകൊണ്ട് തകർത്തുകളയുന്നു. പുരാതനമായ പള്ളികളുടെ അടിയിൽ ശിവലിംഗമുണ്ടെന്നോ ക്ഷേത്രം പൊളിച്ച്പള്ളിയുണ്ടാക്കിയതാണെന്നോ ആരെങ്കിലും ഒരു പരാതി കൊടുത്തലുടൻ പള്ളി പൊളിക്കാൻ നീതിപീഠങ്ങൾ ഓർഡറിക്കുന്നു!
അതെ, ഇന്ന് രാജ്യം ഭരിക്കുന്നവർ കടുത്ത വർഗീയതയുടെയും ന്യൂനപക്ഷ-ദലിത് വിരോധത്തിന്റെയും മറ പറ്റിയാണ് നിലനിൽക്കുന്നത്. ന്യൂനപക്ഷ-ദലിത് വിഭാഗങ്ങൾ ഏതു സമയത്തും അക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ വീടുകൾ തകർക്കപ്പെടുകയോ ചെയ്യുമെന്ന ഭീതിയിലാണ് കഴിഞ്ഞുകൂടുന്നത്. ഭരണകൂടവും പൊലീസും കോടതിയും തുണ നൽകാത്ത ജനവിഭാഗത്തിന്റെ അവസ്ഥയൊന്ന് ആലോചിച്ചുനോക്കുക!
ഇത്തരമൊരവസ്ഥ കേരളത്തിൽ സംജാതമായിട്ടില്ല, ആകാതിരിക്കട്ടെ. എന്നാൽ വളരെ സാവകാശമാണെങ്കിലും അതിലേക്ക് സംസ്ഥാനത്തെ കൊണ്ടെത്തിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ നടന്നുവരുന്നുണ്ടെന്നത് കാണാതിരുന്നുകൂടാ. മതനിരപേക്ഷത നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന, വർഗീയ നിലപാടുകളെ എതിർത്തു തോൽപിക്കുവാൻ പ്രതിജ്ഞാബദ്ധരായ പാർട്ടികളും നേതാക്കളും മതസംഘടനകളും സർവോപരി ഉദ്ബുദ്ധരായ ജനങ്ങളുമാണ് ഇവിടെയുള്ളത് എന്നതിനാലാണ് ഫാസിസ്റ്റ് അജണ്ടകൾക്ക് ഇവിടെ കാര്യമായ വേരോട്ടം ലഭിക്കാത്തത്.
എന്നാൽ ഇതൊന്നും വലിയ ആശ്വാസത്തിന് വകനൽകുന്നതല്ല. വൈസ് ചാൻസലർ അടക്കമുള്ള പല കുഞ്ചിക സ്ഥാനങ്ങളിലും സംഘപരിവാറുകാർ അവരോധിക്കപ്പെട്ടിട്ടുണ്ട്. പെൻഷൻ പറ്റിയതിനു ശേഷം തനിനിറം പുറത്തുകാട്ടുന്ന ഉന്നത ഉദ്യോഗസ്ഥരുണ്ട്. ഡിജിപി സ്ഥാനം വഹിച്ച് റിട്ടയറായ ചിലരുടെ കടുത്ത വർഗീയ നിലപാടുകളും ദുരാരോപണങ്ങളും നാം കേട്ടുകൊണ്ടിരിക്കുന്നു.
ആരിഫ് ഹുസൈൻ എന്ന കടുത്ത മുസ്ലിം വിരോധി, തന്റെ മാതാവിനെ അതിമ്ലേഛമായി അപമാനിച്ചതിൽ നടപടിയെടുക്കണമെന്ന് ഡോ. അബ്ദുല്ല ബാസിൽ ഉന്നത വൃത്തങ്ങൾക്ക് പരാതി നൽകി ആഴ്ചകൾ കഴിഞ്ഞിട്ടും പരാതി ഫയലിൽ ഉറങ്ങിക്കിടന്നു. ബിഗ് ടിവിയിലെ അവതാരിക മുസ്ലിം സമുദായത്തെ കടുത്ത ഭാഷയിൽ വംശീയമായി അധിക്ഷേപിച്ചതിനെതിരെ നൽകിയ പരാതിയും ഫയലിൽനിന്നു പുറത്തുചാടിയില്ല. എന്നാൽ വാദിയെ പ്രതിയാക്കി ജാമ്യമില്ലാ കുറ്റം ചുമത്തുന്ന വിരോധാഭാസത്തിന് മലയാള മണ്ണിന് സാക്ഷ്യം വഹിക്കേണ്ടിവന്നു. ഈ അനീതിക്കെതിരിൽ നാനാതുറകളിൽനിന്നും ശക്തമായ പ്രതിഷേധമുയർന്നപ്പോൾ ശീർഷാസനത്തിലായിരുന്ന സത്യം നേരെ നിൽക്കുന്ന കാഴ്ചയും നാം കണ്ടു. അഭ്യന്തര മന്ത്രിയെ പ്രത്യേകം അഭിനന്ദിക്കുന്നു. സത്യവും നീതിയും ഒരിക്കലും കുഴിച്ചുമൂടപ്പെടരുത്.
