പ്രകൃതി ചൂഷണത്തിന്റെ ബാക്കിപത്രമോ?
പത്രാധിപർ
2026 ആഗസ്റ്റ് 08, 1448 സ്വഫർ 25

ഓരോ വർഷവും കേരളത്തെ പിടിച്ചുകുലുക്കും വിധം മഴക്കെടുതികൾ കടന്നുവരുന്നു. ഒരുകാലത്ത് സമൃദ്ധിയുടെയും കുളിർമയുടെയും വേളയായിരുന്ന മഴക്കാലം ഇന്ന് വിറങ്ങലിക്കുന്ന ഭയത്തിന്റെയും കണ്ണീരിന്റെയും ഓർമപ്പെടുത്തലാണ്. തുടർച്ചയായ ഉരുൾപൊട്ടലുകൾ, പ്രളയങ്ങൾ തുടങ്ങിയവ പ്രകൃതിയുടെ സ്വാഭാവികമായ മാറ്റങ്ങൾ മാത്രമാണോ, അതോ മനുഷ്യന്റെ അനിയന്ത്രിതമായ കടന്നുകയറ്റത്തിന്റെ തിരിച്ചടിയോ?
ഇത്തരം ദുരന്തങ്ങൾ പ്രകൃതിക്കുമേൽ മനുഷ്യൻ നടത്തുന്ന ക്രൂരമായ ചൂഷണത്തിന്റെ ബാക്കിപത്രമാണെന്നതിന് അടിവരയിടുന്ന ചില ഘടകങ്ങളുണ്ട്. അശാസ്ത്രീയമായ ഭൂവിനിയോഗവും മലയോര ചൂഷണവുമാണ് അതിൽ പ്രധാനം. ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും വർധിക്കാൻ പ്രധാന കാരണം അശാസ്ത്രീയമായ ഭൂവിനിയോഗമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
പരിസ്ഥിതിലോല പ്രദേശങ്ങളിൽ പോലുമുള്ള അനിയന്ത്രിതമായ പാറമട പ്രവർത്തനങ്ങളും സ്ഫോടനങ്ങളും മലനിരകളുടെ സ്വാഭാവിക ഘടനയെ തകർത്തുകൊണ്ടിരിക്കുകയാണ്. മരങ്ങൾ വെട്ടിമാറ്റി കാടുകൾ ഇല്ലാതാക്കുമ്പോൾ, മണ്ണിനെ ഉറപ്പിച്ചുനിറുത്താനുള്ള ശേഷി ഭൂമിക്ക് നഷ്ടപ്പെടുന്നു. ഇത് കനത്ത മഴയിൽ മലയിടിച്ചിലിന് വഴിവെക്കുന്നു.
മഴവെള്ളത്തെ ഉൾക്കൊള്ളാൻ ശേഷിയുള്ള വയലുകളും ചതുപ്പുകളും തടാകങ്ങളും നികത്തി വൻകിട കെട്ടിടങ്ങളും റോഡുകളും നിർമിക്കുന്നത് പതിവായി മാറിയിരിക്കുന്നു. അതോടെ വെള്ളത്തിന് സ്വാഭാവികമായി ഒഴുകിപ്പോകാനും ഭൂമിയിലേക്ക് ഇറങ്ങാനുമുള്ള വഴികൾ അടയുന്നു. പുഴകളുടെയും തോടുകളുടെയും തീരങ്ങൾ കയ്യേറിത്തുടങ്ങിയതോടെ, അൽപം മഴ പെയ്യുമ്പോഴേക്ക് നഗരങ്ങളും ഗ്രാമങ്ങളും വെള്ളത്തിലാകുന്ന അവസ്ഥയായി. മാധവ് ഗാഡ്ഗിൽ കമ്മിറ്റിയുടെ പരിസ്ഥിതി പഠന റിപ്പോർട്ടും മുന്നറിയിപ്പുകളെയും അവഗണിച്ചത് ശരിയായില്ല എന്ന് ഇപ്പോൾ തിരിച്ചറി യുകയാണ്.
ആഗോളതാപനത്തിന്റെ അനന്തരഫലമായി ഒന്നുരണ്ടു ദിവസങ്ങൾകൊണ്ട് ഒരു മാസത്തിൽ പെയ്യേണ്ട മഴ ഒരുമിച്ച് പെയ്യുന്ന അവസ്ഥ വർധിച്ചുവരുന്നു. അറബിക്കടലിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ മേഘ വിസ്ഫോടനങ്ങൾക്കും തീവ്രമഴയ്ക്കും കാരണമാകുന്നുണ്ട്.
ഒന്നോ രണ്ടോ ദിവസം കൊണ്ടുള്ള മഴയിൽ ഡാമുകൾ നിറഞ്ഞുകവിയുന്നതും റോട്ടിലും വീടുകളിലുമൊക്കെ വെള്ളം നിറയുന്നതും എന്തുകൊണ്ടാണ്? മഴക്കാലത്ത് വൻതോതിലുള്ള വെള്ളം സംഭരിക്കാൻ ഡാമുകൾക്ക് ആഴമില്ല, അത്രമാത്രം മണൽ അവയിൽ അടിഞ്ഞിരിക്കുന്നു. മണൽ നിറഞ്ഞതു മൂലം നദികളുടെ ആഴം കുറഞ്ഞിരിക്കുന്നു. ഒഴുകിപ്പോകാൻ പറ്റാത്തതിനാൽ വെള്ളം കരകളിലേക്ക് ഒഴുകിപ്പരക്കുന്നു.
നദികളിലെ മണൽ വാരൽ വീണ്ടും തുടങ്ങി, നദികളുടെ ആഴം കൂട്ടിയാൽ വെള്ളക്കെടുതിമൂലമുണ്ടാകുന്ന കോടിക്കണക്കിനു രൂപയുടെ നഷ്ടം ഇല്ലാതാക്കാം. മണൽ വിൽപനയിലൂടെ സർക്കാരിന് കോടിക്കണക്കിന് രൂപയുടെ വരുമാനമുണ്ടാക്കുകയും ചെയ്യാം.
പ്രകൃതിയെ അശാസ്ത്രീയമായി ചൂഷണം ചെയ്യുന്നത് അവസാനിപ്പിച്ച്, പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകിയാൽ ഒരുപരിധിവരെയെങ്കിലും ദുരന്തങ്ങൾ ഒഴിവാക്കാൻ സാധിച്ചേക്കാം.
“മനുഷ്യരുടെ കൈകൾ പ്രവർത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവർ പ്രവർത്തിച്ചതിൽ ചിലതിന്റെ ഫലം അവർക്ക് ആസ്വദിപ്പിക്കുവാൻ വേണ്ടിയത്രെ അത്. അവർ ഒരുവേള മടങ്ങിയേക്കാം’’ (ക്വുർആൻ 30:41).
