തന്നിഷ്ടത്തിന്റെ പാത വിജയത്തിലേക്കല്ല
പത്രാധിപർ
2026 മാർച്ച് 21, 1447 ശവ്വാൽ 02

ഇഹലോക ജീവിതം സുഖവും സന്തോഷവും മാത്രം നിറഞ്ഞതല്ല. ലാഭവും നഷ്ടവും സുഖവും ദുഃഖവും ജയവും പരാജയവും ജീവിതത്തിന്റെ ഭാഗമാണ്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനക്കരുത്തില്ലാത്തവർക്ക് ജീവിത വിജയം കൈവരിക്കാനാവില്ല.
ബന്ധപ്പെടുന്ന എല്ലാ മേഖലകളിലും വിജയവും നേട്ടവും കൈവരിക്കാൻ നാം ആഗ്രഹിക്കുന്നു. കച്ചവടത്തിലും ജോലിയിലും പഠനത്തിലും കുടുംബജീവിതത്തിലും എന്നുവേണ്ട, ഇഹത്തിലും പരത്തിലും നമുക്ക് വിജയമാണ് ലക്ഷ്യം. പരാജയം നാം ഇഷ്ടപ്പെടുന്നേയില്ല. എങ്കിൽ അടിസ്ഥാനപരമായി നമ്മിൽ ഉണ്ടായിരിക്കേണ്ട ഒരു സദ്ഗുണമാണ് മനസ്സിനെ പതറാതെ നിയന്ത്രിച്ചുനിറുത്താൻ സാധിക്കുകയെന്നത്.
സർവശക്തൻ നമുക്ക് ഇച്ഛാസ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. സന്മാർഗവും ദുർമാർഗവും വ്യക്തമാക്കിത്തന്നിട്ടുണ്ട്. ആത്യന്തിക വിജയത്തിന്റെ മാർഗവും പരാജയത്തിന്റെ മാർഗവും നമുക്ക് തിരഞ്ഞെടുക്കാം. നമ്മെ പരാജയത്തിന്റെ പടുകുഴിയിലേക്ക് ചാടിക്കുക നമ്മുടെ വികല വിശ്വാസങ്ങളും ദുഷ്‌ചെയ്തികളുമാണ്. വിജയത്തിലേക്ക് നയിക്കുക സത്യവിശ്വാസവും സൽകർമങ്ങളുമാണ്.
ഇഹലോകത്ത് തെറ്റുകുറ്റങ്ങളും അക്രമവും ചെയ്താൽ പിന്തുണ നൽകുവാനും സഹായിക്കുവാനും ആരെങ്കിലുമൊക്കെ ഉണ്ടാകും. എന്നാൽ പരലോകത്ത് നമ്മെ രക്ഷിക്കുവാൻ ആരുമുണ്ടാകില്ല. അവിടെ രക്ഷിക്കാൻ ഇഹലോകത്തെ വിശ്വാസത്തിലധിഷ്ഠിതമായ സൽകർമങ്ങൾ മാത്രമെ ഉണ്ടാകൂ.
ഈ ബോധ്യം നമുക്കുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ അതിന്റെ പ്രതിഫലനമുണ്ടാകും. നമ്മെ രക്ഷിക്കാൻ ഉറ്റവരും ഉടയവരും പാർട്ടിക്കാരുമൊന്നും ഉണ്ടാകില്ല എന്ന ബോധ്യം നമ്മെ രക്ഷിക്കാൻ നാം അധ്വാനിക്കുന്നതിലേക്ക് നമ്മെ നയിക്കും.
സ്വന്തം മനസ്സിനെ നിയന്ത്രിച്ചു നിർത്തുവാൻ സാധിക്കുക എന്നതാണ് ഏറെ പ്രധാനം. അല്ലാഹു പറയുന്നു: “ആര് അതിരുകവിയുകയും ഇഹലോകജീവിതത്തിനു കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്തുവോ (അവന്ന്) കത്തിജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതം. അപ്പോൾ ഏതൊരാൾ തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തിൽനിന്ന് വിലക്കിനിർത്തുകയും ചെയ്തുവോ (അവന്ന്) സ്വർഗം തന്നെയാണ് സങ്കേതം’’ (ക്വുർആൻ 79:37-41).
തന്നിഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കൽ അപകടകരമാണ്. മനസ്സിനെ നിയന്ത്രിച്ച് പക്വതയുടെ പാത തിരഞ്ഞെടുത്ത് ജീവിക്കുകയാണ് വിജയമാഗ്രഹിക്കുന്നവർ ചെയ്യേണ്ടത്. തിന്മയിലേക്ക് കുതറിയോടുവാൻ വെമ്പൽ കൊള്ളുന്ന മനസ്സിനെ കടിഞ്ഞാണിട്ട് തടഞ്ഞുനിറുത്താനുള്ള ശേഷിയുണ്ടാകണം. അധർമത്തിലേക്ക് നമ്മെ മാടിവിളിക്കുന്ന സാഹചര്യങ്ങളും പ്രേരകങ്ങളുമുണ്ടാവും നമുക്കുചുറ്റും. അവയെ ശക്തമായി പ്രതിരോധിക്കുവാൻ സാധിക്കണം.
ഓരോരുത്തരും അവനവനിലേക്ക് തന്നെ നോക്കുക. നിഷ്പക്ഷമായി സ്വയം വിലയിരുത്തുക. മനസ്സിനെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ എല്ലാം നമുക്ക് അനുകൂലമായി മാറും. അതിനായി നിരന്തരം പ്രാർഥിക്കുക.

