വിദ്വേഷം വിശ്വാസികൾക്ക് അന്യം

പത്രാധിപർ

2026 മെയ് 23, 1447 ദുൽഹിജ്ജ 07

“വാശിയും ദേഷ്യവും കൊണ്ട്
പലരും മനസ്സിൽ തീർക്കുന്ന
വറ്റിവരണ്ട നീരുറവ
നിറഞ്ഞൊഴുകുവാൻ
സ്‌നേഹത്തിന്റെ ചെറിയൊരു
ചാറ്റൽ മഴ മതിയാകും’’

ചെറുതും വലുതുമായ നന്മകളെല്ലാം ഇസ്‌ലാം മാനവസമൂഹത്തെ പഠിപ്പിക്കുന്നുണ്ട്. ആ നന്മകൾ സ്വജീവിതത്തിൽ പകർത്തുന്നത് പുണ്യകർമമാണെന്ന് ഇസ്‌ലാം അറിയിക്കുന്നു. മുഹമ്മദ് നബിﷺ സംഭവബഹുലമായ തന്റെ ജീവിതത്തിലൂടെ അവയെല്ലാം പ്രാവർത്തികമാക്കി കാണിക്കുകയും ചെയ്തു.

എന്നാൽ സമകാലിക ലോകത്ത്-വിശിഷ്യാ ഇന്ത്യയിൽ-ഇസ്‌ലാമിനെ വെറുപ്പിന്റെയും ഭീകരതയുടെയും പ്രത്യയശാസ്ത്രമായും മുസ്‌ലിംകളെ അതിന്റെ ഉൽപന്നമായും ചിത്രീകരിച്ചുകൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്! ഇസ്‌ലാംഭീതി പരത്തിക്കൊണ്ടേയിരിക്കുന്നവർ അവരുടെ ലക്ഷ്യം കണ്ടുകൊണ്ടിരിക്കുന്നു എന്നതിന് ഉത്തരേന്ത്യ മാത്രമല്ല കേരളവും തെളിവായി മാറിയിരിക്കുന്നു! ഇക്കഴിഞ്ഞ കേരള നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പും ഫലപ്രഖ്യാപന ശേഷവും ചില സമുദായ നേതാക്കൾ നടത്തിയ പ്രസ്താവനകൾ ഇത്രയും കാലം കേരളത്തിന് പരിചയമില്ലാത്തതായിരുന്നു. ഭൂരിപക്ഷ സമുദായ വോട്ടുകളുടെ കേന്ദ്രീകരണവും അതുവഴി നിയമസഭയിലേക്ക് കയറിപ്പറ്റലുമായിരുന്നു വോട്ടെടുപ്പിനു മുമ്പുള്ള വിദ്വേഷ പ്രസ്താവനകളുടെ ലക്ഷ്യമെങ്കിൽ, സംസ്ഥാനത്തിന്റെ ഭരണരംഗത്തുനിന്ന് മുസ്‌ലിം സമുദായ ത്തിൽനിന്നുള്ളവരെ അകറ്റലായിരുന്നു ഫലപ്രഖ്യാപനത്തിനു ശേഷമുള്ള വിദ്വേഷ പ്രസ്താവനകളുടെ ലക്ഷ്യം. ഇത്തരം വർഗീയ ചിന്താഗതിക്കാരുടെ വിഷമയമായ വാക്കുകൾക്ക് തടയിടാൻ പുതിയ സർക്കാർ സന്നദ്ധമാകുമെന്നാണ് പ്രതീക്ഷ.

അബൂദർറ് ജുൻദബ് ഇബ്‌നുജുനാദ(റ)യിൽനിന്ന് നിവേദനം; നബിﷺ എന്നോട് പറഞ്ഞു: “നന്മയിൽ യാതൊന്നിനെയും നീ നിസ്സാരമാക്കരുത്; നിന്റെ സഹോദരനെ പ്രസന്നവദനനായി കണ്ടുമുട്ടുന്നതുപോലും’’(മുസ്‌ലിം).

ഇസ്‌ലാം നന്മകൾക്കു നൽകുന്ന സ്ഥാനം ഈ നബിവചനത്തിൽനിന്നു തന്നെ വ്യക്തമാണ്. നല്ലതായ ഒരു കാര്യവും ഒരു മുസ്‌ലിം നിസ്സാരമായി ഗണിക്കാൻ പാടില്ല. സ്രഷ്ടാവിന്റെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് ആത്മാർഥതയോടെ അവൻ ചെയ്യുന്ന ഏതൊരു നല്ല കാര്യവും അല്ലാഹു സ്വീകരിക്കും.

മനസ്സിൽ എന്തിന്റെയൊക്കെയോ പേരിൽ മറ്റുള്ളവരോട് വാശിയും ദേഷ്യവും കൊണ്ടുനടക്കുന്നവരുണ്ട്. പലപ്പോഴും കാരണം നിസ്സാരമായിരിക്കും. ചിലപ്പോൾ തെറ്റുധാരണകൊണ്ടായിരിക്കാം. കാരണം എന്തായാലും അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചാൽ, സ്‌നേഹത്തോടെ പെരുമാറിയാൽ പിണക്കമെല്ലാം നിമിഷനേരം കൊണ്ട് മാഞ്ഞുപോകുന്നത് കാണുവാൻ സാധിക്കും.

ഒരു മുസ്‌ലിമിന്റെ മനസ്സിൽ ആരോടും സ്ഥായിയായ വെറുപ്പുണ്ടാകുവാൻ പാടില്ല. സ്‌നേഹമാണ് അവനിൽ നിറഞ്ഞുനിൽക്കേണ്ടത്. നമ്മിൽ നൂഴ്ന്നുകേറുന്ന വെറുപ്പിന്റെ തേരട്ടകളെ സ്‌നേഹത്തിന്റെ ചൂടും ശക്തിയും കൊണ്ട് നശിപ്പിക്കാനാവണം. ആത്മാർഥ സ്‌നേഹത്തോടെ അന്യരോട് പെരുമാറുന്ന ഒരു വ്യക്തിക്ക് ജീവിതത്തിന്റെ മാധുര്യം അനുഭവിക്കുവാൻ കഴിയും. മറ്റൊരാൾ നമ്മോട് സ്‌നേഹം പ്രകടിപ്പിച്ചാൽ അതിനോട് സ്‌നേഹത്തോടെ പ്രതികരിക്കാൻ നാം തയ്യാറാകണം. അവിടെ മതവും ജാതിയും കക്ഷിരാഷ്ട്രീയവും മറ്റും പ്രതിബന്ധമായിക്കൂടാ.