മതനിഷേധം കടന്നുവരുന്ന വഴികൾ

പത്രാധിപർ

2026 ജനുവരി 17, 1447 റജബ് 28

മതനിഷേധവും നിരീശ്വരവാദവുമൊക്കെ പലർക്കുമിന്ന് ഒരു ഫാഷനാണ്. പുരോഗമനവാദികളും ശ്രദ്ധിക്കപ്പെടുന്നവരുമാകണമെങ്കിൽ മതത്തെയും ദൈവത്തെയും നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്താൽ മതി എന്നാണ് അവരുടെ ചിന്താഗതി! വിശിഷ്യാ ഇസ്‌ലാമിനെയും പ്രവാചകനെയും വിമർശിക്കുന്നതും അപഹസിക്കുന്നതും പൊതുജന സ്വീകാര്യത ലഭിക്കുന്ന കാര്യമാണെന്ന് പലരും ധരിക്കുന്നു. നേരം വെളുത്താൽ സാമൂഹ്യ മാധ്യമങ്ങളിൽ അത്തരത്തിലുള്ള വല്ലതും പോസ്റ്റ് ചെയ്താലേ അവർക്ക് സമാധാനം ലഭിക്കൂ!

മതനിഷേധ ചിന്ത വ്യക്തികളിലേക്ക് കടന്നുവരുന്നത് പല മാർഗങ്ങളിലൂടെയാണ്. മുസ്‌ലിംകളായി ജീവിക്കുന്നവരിലേക്ക് മതത്തോട് വെറുപ്പും അകൽച്ചയും കടന്നുവരാനുള്ള പ്രധാനപ്പെട്ട ഒരു കാര്യം, ആദർശ ജീവിത മാതൃകയാകേണ്ട ചില പണ്ഡിതന്മാരുടെ ഇസ്‌ലാമിക വിരുദ്ധമായ പ്രസ്താവനകളും ആഹ്വാനങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നട്ടുവളർത്താനുള്ള ശ്രമങ്ങളുമാണ്. ലോകം നിയന്ത്രിക്കുന്നത് സിഎം മടവൂരാണ് എന്നു പ്രചരിപ്പിക്കുന്ന, മായാവിക്കഥകളെ പോലും തോൽപിക്കുന്ന വിധത്തിലുള്ള കറാമത്തിന്റെ കള്ളക്കഥകൾ പറഞ്ഞു നടക്കുന്ന പണ്ഡിതന്മാർ ചിന്താശേഷിയുള്ള മുസ്‌ലിം യുവതയെ മതത്തിൽനിന്നും അകറ്റുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്.

ആകാശഭൂമികളെ നിയന്ത്രിക്കുന്നതും മഴവർഷിപ്പിക്കുന്നതും അരുവികളൊഴുക്കുന്നതുമെല്ലാം ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച്, രോഗംബാധിച്ച് മരണമടഞ്ഞ സൃഷ്ടിയായ മുഹ്‌യിദ്ദീൻ ശൈഖ്(റഹി) ആണെന്നാണ് സമസ്തക്കാർ ജനങ്ങളെ പഠിപ്പിക്കുന്നത്. തങ്ങൾ വിളിച്ചുതേടുന്ന മഹാത്മാക്കൾക്ക് കാണാനും കേൾക്കാനും സഹായിക്കാനും സാധിക്കും. അത് എത്ര വിദൂരത്തുനിന്നാണെങ്കിലും ശരി. എത്രപേർ ഏത് ഭാഷയിൽ ഒരേസമയത്ത് വിളിച്ചാലും അതെല്ലാം ഒരേസമയം കേൾക്കാനും കാണാനും അവരുടെ വിവിധങ്ങളായ ആവശ്യങ്ങൾ ഒരേസമയം നിർവഹിച്ചുകൊടുക്കാനും അവർക്ക് സാധിക്കും. ഇക്കാര്യങ്ങളിലൊന്നും അവരുടെ കഴിവുകൾക്ക് യാതൊരു പരിമിതിയോ മറയോ ഇല്ല എന്നും അവർ പ്രചരിപ്പിക്കുന്നു. ഇതൊക്കെ കേൾക്കുകയും വായിക്കുകയും ചെയ്യുന്ന ചിന്തിക്കുന്ന പുതുതലമുറ മതനിഷേധത്തിലേക്ക് പോയില്ലെങ്കിലേ അത്ഭുതമുള്ളൂ.

പലരിലേക്കും മതനിഷേധം കടന്നുവരുന്നത് താന്തോന്നികളായി ജീവിക്കാനുള്ള ആഗ്രഹത്തിൽ നിന്നാണ്. ലഹരിയുപയോഗം, വിവാഹബാഹ്യ ലൈംഗികബന്ധം, സ്വവർഗരതി...തുടങ്ങി എന്തിനുമേതിനും സ്വാതന്ത്ര്യം വേണം എന്നാണ് ലിബറലിസ്റ്റുകയുടെ വാദം. അതിനൊക്കെ തടസ്സം നിൽക്കുന്നത് മതമാണ്; വിശിഷ്യാ ഇസ്‌ലാമാണ്. അതിനാൽ അവർ ഇസ്‌ലാമിനെ കടന്നാക്രമിക്കുന്നു.

മതത്തിന്റെ നന്മകളെ പാടെ നിഷേധിക്കുകയും മനുഷ്യന്റെ സംസ്‌കാരവും മൂല്യബോധവും നിർണയിക്കുന്നതിൽ മതങ്ങൾക്കുള്ള പങ്കിനെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന യുക്തിവാദികൾ മുസ്‌ലിം യുവതയെ മതനിഷേധികളാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന കാലമാണിത്.

മനുഷ്യർ ഒന്നാകാനും നന്നാകാനും മതങ്ങൾ നശിക്കേണ്ടതുണ്ട് എന്ന സന്ദേശമാണ് അവർ പ്രചരിപ്പിക്കുന്നത്. മതത്തിന്റെ നാശം മാനവികതയുടെ ഒരാവശ്യമായി ഉയർത്തിക്കാണിക്കുന്നത് വാസ്തവത്തിൽ യുക്തിഹീനമായ നിലപാടാണ്. മതത്തെ പ്രമാണങ്ങളിലൂടെ മനസ്സിലാക്കാൻ ശ്രമിച്ചാലേ മതത്തിന്റെ മേന്മയും മതനിരാസത്തിലെ അർഥശൂന്യതയും ബോധ്യപ്പെടുകയുള്ളൂ.