വിശ്വാസസം ജീവിതത്തിൽ പ്രതിഫലിക്കണം

പത്രാധിപർ

2026 മെയ് 30, 1447 ദുൽഹിജ്ജ 14

മഹാനായ ഇബ്‌റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ത്യാഗനിർഭരമായ ഓർമകൾ അയവിറക്കിക്കൊണ്ട് ലോക മുസ്‌ലിംകൾ ബലിപെരുന്നാൾ ആഘോഷിച്ചുകഴിഞ്ഞു. സമർപ്പണത്തിന്റെയും അല്ലാഹുവിന്റെ ഏകത്വവിളംബരത്തിന്റെയും ഏറ്റവും വലിയ പ്രഖ്യാപനമായ ഹജ്ജ് കർമവും അവസാനിച്ചു.

ശരീരവും സമ്പത്തും ആരാധനയും എന്നു മാത്രമല്ല ജീവിതവും മരണവും സ്രഷ്ടാവിന് സമർപ്പിക്കുവാൻ സന്നദ്ധനാകുന്നവനാണ് മുസ്‌ലിം: “പറയുക: തീർച്ചയായും എന്റെ പ്രാർഥനയും എന്റെ ആരാധനാകർമങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു’’ (ക്വുർആൻ 6:162).

സ്രഷ്ടാവിലുള്ള വിശ്വാസം അതിന്റെ ശരിയായ രൂപത്തിലല്ലെങ്കിൽ നിഷ്ഫമായ ഒരു സങ്കൽപം മാത്രമായിരിക്കും അത്. വിശ്വാസം ശരിയാകാത്തിടത്ത് കർമങ്ങളും നിഷ്ഫലമായിരിക്കുക സ്വാഭാവികമാണ്. വിശുദ്ധ ക്വുർആൻ പറയുന്നു:

“ആണാകട്ടെ പെണ്ണാകട്ടെ, ആർ സത്യവിശ്വാസിയായിക്കൊണ്ട് സൽപ്രവൃത്തികൾ ചെയ്യുന്നുവോ അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. അവർ ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല’’ (4:124).

സ്രഷ്ടാവിൽ വിശ്വസിക്കുമ്പോൾ ആ സ്രഷ്ടാവിന്റെ മാർഗദർശനം ജീവിതത്തിൽ പ്രായോഗികമാക്കേണ്ടത് ആവശ്യമാണ്. സ്രഷ്ടാവിന്റെ താൽപര്യപ്രകാരമുള്ള ജീവിതം നയിക്കുകയെന്നതാണ് വിശ്വാസാധിഷ്ഠിതമായ ജീവിതത്തിന്റെ അടിത്തറ.

“നിങ്ങളുടെ രക്ഷിതാവിങ്കൽനിന്ന് നിങ്ങൾക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങൾ പിൻപറ്റുക...’’ (ക്വുർആൻ 7:3).

വ്യക്തിയുടെ ജീവിതത്തിൽ സമൂലമായി സ്വാധീനം ചെലുത്തുകയും വാക്കുകളെയും വികാരങ്ങളെയും വിചാരങ്ങളെയും സ്വാധീനിക്കുകയും ചെയ്യുന്ന ഘടകമായി വിശ്വാസം മാറേണ്ടതുണ്ട്.

‘വിശ്വാസികളേ, നിങ്ങൾ വിശ്വാസികളാവുക’ എന്ന വിശുദ്ധ ക്വുർആനിലെ ആഹ്വാനം ഏറെ അർഥതലങ്ങൾ ഉൾക്കൊള്ളുന്നതാണ്: “സത്യവിശ്വാസികളേ, അല്ലാഹുവിലും അവന്റെ ദൂതനിലും അവന്റെ ദൂതന്ന് അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങൾ വിശ്വസിക്കുവിൻ...’’ (ക്വുർആൻ 4: 136).

വിശ്വാസികളെ വിളിച്ചുകൊണ്ട് വിശ്വാസികളാകുവിൻ എന്ന് കൽപിക്കുമ്പോൾ വിശ്വാസം ദൃഢീകരിക്കേണ്ടതിന്റെ ആവശ്യം ബോധ്യമാകുന്നു. അതോടൊപ്പം പ്രവർത്തനങ്ങളിലൂടെയുള്ള വിശ്വാസ പ്രതിഫലനത്തിന്റെ ആവശ്യകതയും അത് മനസ്സിലാക്കിത്തരുന്നു.

അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നത് വിനാശകരമായ പാപമാണെന്ന് വ്യക്തമാക്കുന്ന ക്വുർആൻ സൂക്തങ്ങൾ പാരായണം ചെയ്ത് നമസ്‌കരിച്ച ശേഷം സ്വന്തം കച്ചവട സ്ഥാപനത്തിൽ ചെന്ന് അളന്നും തൂക്കിയും കൊടുക്കുമ്പോൾ കുറവുവരുത്തിക്കൊടുക്കുന്ന കച്ചവടക്കാരൻ എങ്ങനെ യഥാർഥ മുസ്‌ലിമാകും?

വ്യക്തിജീവിതവും സാമൂഹ്യജീവിതവും കുടുംബജീവിതവും ഒരുപോലെ ഇസ്‌ലാമികമാക്കാൻ കഴിഞ്ഞാൽ മാത്രമെ ഒരാൾ യഥാർഥ വിശ്വാസിയാവുകയുള്ളൂ എന്ന് ചുരുക്കം.