യുദ്ധഭീതിയിൽ ഒരു ഈദുൽ ഫിത്വ‌്‌ർ!
പത്രാധിപർ
2026 മാർച്ച് 14, 1447 റമദാൻ 24

പശ്ചിമേഷ്യ മാത്രമല്ല ലോകം തന്നെ ഇന്ന് അശാന്തമാണ്. ലോകത്തെ അടക്കി ഭരിക്കാൻ കൊതിക്കു ന്ന അമേരിക്കൻ പ്രസിഡന്റ് ട്രമ്പും അയൽരാജ്യങ്ങളെ പിടിച്ചടക്കി സ്വന്തം രാജ്യത്തിന്റെ വിസ്തൃതി വർധിപ്പിക്കാൻ ആർത്തിപൂണ്ട് കഴിയുന്ന, വംശീയ ഉന്മൂലനം നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവും ചേർന്ന് പശ്ചിമേഷ്യയെ യുദ്ധക്കളമാക്കി മാറ്റിയിരിക്കുകയാണ്. ഇസ്രയേലിന്റെയും ഇറാന്റെയും മണ്ണിൽ മിസൈലുകൾ തീ തുപ്പിക്കൊണ്ടിരിക്കുകയാണ്. ചില ഗൾഫ് രാജ്യങ്ങളിലും സ്‌ഫോടനങ്ങൾ നടക്കുന്നുണ്ട്. സ്വദേശികളും പ്രവാസികളും അവരുടെ കുടുംബങ്ങളും വലിയ ഭീതിയിലാണ് കഴിയുന്നത്.
ഇങ്ങനെയുള്ള ഒരവസ്ഥയിലാണ് ഈദുൽഫിത്വ‌്‌ർ കടന്നുവരുന്നത്. മനുഷ്യർ കൊല്ലപ്പെടുന്നതും നാഗരികതകൾ തുടച്ചുനീക്കപ്പെടുന്നതും വേദനാജനകം തന്നെയാണ്. ഈദിന്റെ പൊലിമക്ക് മങ്ങലുണ്ടാ കുമെങ്കിലും ഇസ്‌ലാം അനുവദിച്ച ആ ആഘോഷത്തെ അവഗണിച്ചുകൂടാ.
ഈദുൽഫിത്വ്‌റും ഈദുൽ അദ്ഹയുമല്ലാതെ മുസ്‌ലിംകൾക്ക് മറ്റു ആഘോഷങ്ങളില്ല. അനസ്(റ) പറയുന്നു: “അല്ലാഹുവിന്റെ റസൂൽﷺ മദീനയിൽ ആഗതനായ വേളയിൽ മദീനയിലെ ജനങ്ങൾ രണ്ട് ആഘോഷങ്ങൾ കൊണ്ടാടിയിരുന്നു. പ്രവാചകൻ ﷺ അൻസ്വാറുകളോട് ഇതിനെക്കുറിച്ചാരാഞ്ഞു. അവർ തങ്ങളുടെ ആഘോഷങ്ങളെക്കുറിച്ചും ഉത്സവരീതിയെക്കുറിച്ചും വിവരിച്ചു കൊടുത്തു. അപ്പോൾ പ്രവാചകൻﷺ ഇങ്ങനെ പ്രതിവചിച്ചു: ‘ആ ദിവസങ്ങൾക്ക് പകരം മറ്റു രണ്ട് ദിവസങ്ങളെ അല്ലാഹു നിങ്ങൾക്ക് നിശ്ചയിച്ചുതന്നിരിക്കുന്നു; അവയെക്കാൾ ഉൽകൃഷ്ടമായ രണ്ട് ദിനങ്ങൾ- ഈദുൽ ഫിത്വ്‌റും ഈദുൽ അദ്ഹയും’’ (അബൂദാവൂദ്).
ഇസ്‌ലാമിലെ ആഘോഷം അഥവാ പെരുന്നാൾ ഇസ്‌ലാമിനെ ഇതര സംസ്‌കാരങ്ങളിൽനിന്നും വേർതിരിക്കുന്ന കാര്യമാണ്. ആട്ടവും പാട്ടും ധൂർത്തും പടക്കം പൊട്ടിക്കലും മദ്യം-മയക്കുമരുന്ന് സേവയും അന്യ സ്ത്രീ-പുരുഷന്മാർ ഇടകലർന്നുള്ള നൃത്തവും കോലാഹലങ്ങളുമൊക്കെയാണ് പല ആഘോഷങ്ങ ളുടെയും പ്രധാന ഇനം. ഇസ്‌ലാം ആഘോഷവേളയിലോ അല്ലാത്തപ്പഴോ ഇതൊന്നും അംഗീകരിക്കുന്നില്ല.
ഇസ്‌ലാമിലെ ഈദ് ആരാധനയിൽ അധിഷ്ഠിതമാണ്. സ്രഷ്ടാവിനെ ധാരാളമായി ഓർക്കുവാനും വാഴ്ത്തുവാനും അശരണരെ ചേർത്തുപിടിക്കുവാനും കുടുംബ ബന്ധങ്ങൾ ചേർക്കു വാനുമൊക്കെയാണ് ആഘോഷ വേളയെ ഉപയോഗപ്പെടുത്തേണ്ടത്. സ്രഷ്ടാവിനെ മറക്കാനും നിഷിദ്ധമായ കാര്യങ്ങൾ ചെയ്യാനുമുള്ള അനുമതി നൽകുന്ന ദിനമല്ല ഈദിന്റെ സുദിനം.
പെരുന്നാൾ ദിനത്തിൽ തക്ബീർ ചൊല്ലുന്നത് പ്രബലമായ സുന്നത്താണ്. ശവ്വാൽ പിറവി ദൃശ്യമായതുമുതൽ പെരുന്നാൾ നമസ്‌കാരം തുടങ്ങുന്നതുവരെ തക്ബീർ ചൊല്ലാം. ലോകത്ത് എന്തുതന്നെ സംഭവിച്ചാലും അത് അല്ലാഹുവിന്റെ അലംഘനീയമായ വിധിയാണെന്ന വസ്തുത വിശ്വാസികൾ മനസ്സിലാക്കണം. തക്ബീറിലൂടെ അവന്റെ മഹത്ത്വം പ്രഘോഷിക്കുക. എല്ലാ പ്രയാസങ്ങളും നീക്കിത്തരാൻ കഴിവുള്ളവനാണല്ലോ അവൻ.
ഈദിന്റെ സുദിനത്തിൽ പരസ്പരം ഈദാശംസകൾ കൈമാറാം.‘തക്വബ്ബലല്ലാഹു മിന്നാ വമിൻകും’ (അല്ലാഹു എന്റെയും നിങ്ങളുടെയും സത്കർമങ്ങൾ സ്വീകരിക്കുമാറാകട്ടെ).

