നീതിയെ കൊല ചെയ്യുന്നവർ
പത്രാധിപർ
2026 മാർച്ച് 28, 1447 ശവ്വാൽ 06

ഇരുമ്പു തുലാസ്സിലെ തട്ടുകളിലൊന്നിൽ
അധികാരത്തിന്റെ കനത്ത വാളുകൾ.
മറുതട്ടിലെന്നും മെലിഞ്ഞുണങ്ങിയ
മനുഷ്യന്റെ കണ്ണുനീർ തുള്ളികൾ.
‘കണ്ണുകെട്ടിയ ദേവതയല്ല’ നീതി,
കണ്ണുതുറന്നു കാണേണ്ട സത്യമാണ്.
അന്ധതയല്ല, വിവേകമാണാവശ്യം;
അശരണന്റെ നോവ് തിരിച്ചറിയാൻ.
നീതി എന്നത് കേവലം നിയമപുസ്തകങ്ങളിലെ അക്ഷരങ്ങളല്ല; അത് മനുഷ്യന്റെ നിലനിൽപിന്റെ അടിസ്ഥാനമാണ്. സൂര്യപ്രകാശം പോലെ എല്ലാവർക്കും തുല്യമായി ലഭിക്കേണ്ട ഒന്നാണത്. എന്നാൽ സമകാലിക ലോകത്ത് നീതി പലപ്പോഴും അധികാരത്തിന്റെയും സമ്പത്തിന്റെയും തടവറയിലാണ്. പാർശ്വവൽക്കരിക്കപ്പെട്ടവന്റെ വിലാപം കേൾക്കാത്ത വ്യവസ്ഥിതികൾക്ക് എങ്ങനെയാണ് ഒരു സംസ്‌കൃത സമൂഹത്തെ കെട്ടിപ്പടുക്കാനാവുക? അർഹമായത് നിഷേധിക്കപ്പെടുമ്പോൾ ഉയരുന്ന ഓരോ ശബ്ദവും നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്.
വർത്തമാന കാലത്ത് അനീതിയാണ് ലോകത്ത് കൊടികുത്തി വാഴുന്നത്. അമേരിക്കൻ പ്രസിഡന്റ് ജനങ്ങളെ കോന്നൊടുക്കുകയും രാജ്യങ്ങളെ അക്രമിച്ച് ഭരണാധികാരികളെ നിഷ്‌കാസനം ചെയ്യുകയും ചെയ്യുമ്പോൾ കൊലചെയ്യപ്പെടുന്നത് നീതിയാണ്. തികച്ചും അന്യായമായി ആര് ആരെ അക്രമിക്കുന്നതും അനീതിയാണ്. ഒരു രാജ്യത്തെ ഭരണാധികാരികൾ ആ രാജ്യത്തെ ചിലരെ മാത്രം പരിഗണിക്കുകയും അവർക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കുകയും മറ്റു ചിലരെ അവഹേളിക്കുകയും അവരുടെ അവകാശങ്ങൾ ഹനിക്കുകയും അവരെ ഇല്ലാതാക്കാൻ നിശ്ശബ്ദമായി അനുവാദം നൽകുകയും ചെയ്യുന്നത് കടുത്ത അനീതിയും അക്രമവുമല്ലാതെ എന്താണ്?
ഒരു കഥ പറയാം: ഗ്രാമത്തിലെ ഏറ്റവും വലിയ പണക്കാരനായ ശേഖരൻ മുതലാളിയുടെ പത്തായപ്പുരയിൽ നിന്നും ഒരു ചെറിയ സ്വർണനാണയം കാണാതായി. സംശയം നീണ്ടത് അവിടെ പണിക്കുനിന്ന വൃദ്ധനായ മാധവൻ അപ്പൂപ്പന്റെ നേരെയാണ്. ഗ്രാമക്കൂട്ടത്തിൽ വെച്ച് മുതലാളി ആക്രോശിച്ചു: ‘ഇവൻ കള്ളനാണ്, എന്റെ നാണയം ഇവൻ മോഷ്ടിച്ചു!’ മാധവൻ അപ്പൂപ്പൻ വിറയ്ക്കുന്ന കൈകളോടെ പറഞ്ഞു: ‘മുതലാളീ, ഞാൻ അത് എടുത്തിട്ടില്ല. എന്റെ പട്ടിണി മാറ്റാൻ ഞാൻ മോഷ്ടിക്കില്ല.’
പക്ഷേ, ആരും അത് വിശ്വസിച്ചില്ല. പണമുള്ളവന്റെ വാക്കുകൾക്ക് നീതിയുടെ നിറമുണ്ടായിരുന്നു. ശിക്ഷയായി അപ്പൂപ്പനെ ആ ഗ്രാമത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചു. തലതാഴ്ത്തി, കണ്ണുനീർ തുടച്ച് അപ്പൂപ്പൻ തന്റെ കുടിലിലേക്ക് നടന്നു.
അന്നു വൈകുന്നേരം ശേഖരൻ മുതലാളിയുടെ കൊച്ചുമകൻ കളിക്കുന്നതിനിടയിൽ പത്തായപ്പുരയുടെ മൂലയിൽ ഒളിഞ്ഞിരുന്ന ആ സ്വർണനാണയം കണ്ടെടുത്തു. അത് ഒരു എലി മാളത്തിലേക്ക് വലിച്ചിഴച്ചതായിരുന്നു.
സത്യം വെളിപ്പെട്ടപ്പോൾ മുതലാളിക്ക് കുറ്റബോധം തോന്നി. അദ്ദേഹം അപ്പൂപ്പന്റെ കുടിലിലെത്തി മാപ്പിരന്നു. അപ്പൂപ്പൻ ശാന്തനായി പറഞ്ഞു: ‘മുതലാളീ, നഷ്ടപ്പെട്ട നാണയം തിരിച്ചുകിട്ടി. പക്ഷേ, നിഷേധിക്കപ്പെട്ട എന്റെ അന്തസ്സും തകർന്ന എന്റെ വിശ്വാസവും ഏത് തുലാസ്സിൽ തൂക്കിയാലാണ് നീതിയാവുക?’
മുതലാളിക്ക് മറുപടിയില്ലായിരുന്നു.

