ഭിന്നിപ്പിന്റെ പരിഹാരമാർഗങ്ങൾ

പത്രാധിപർ

2026 ഏപ്രിൽ 11, 1447 ശവ്വാൽ 23

ഇസ്‌ലാം പ്രപഞ്ച സ്രഷ്ടാവ് മാനവരാശിക്കു നൽകിയ മതമാണ്. മനുഷ്യൻ ഏതെല്ലാം കാര്യങ്ങളിൽ വിശ്വസിക്കണം, ഏതെല്ലാം ആരാധനാകർമങ്ങൾ ചെയ്യണം, അവന്റെ സ്വഭാവവും പെരുമാറ്റവും എങ്ങനെയായിരിക്കണം, ജീവസന്ധാരണത്തിനായി ഏതു മാർഗങ്ങളൊക്കെ സ്വീകരിക്കാം തുടങ്ങി ഇഹ, പര ജീവിത വിജയത്തിനാവശ്യമായ കൽപനകളും നിയമങ്ങളും നിർദേശങ്ങളുമാണതിന്റെ ഉള്ളടക്കം. എല്ലാം സ്രഷ്ടാവിന്റെ പ്രീതി ലഭിക്കുവാനാവശ്യമായ കാര്യങ്ങൾ. സ്രഷ്ടാവിന്റെ പ്രീതി നേടിക്കൊണ്ട് സ്വർഗാവകാശിയാവുക; നരകാഗ്‌നിയിൽനിന്ന് രക്ഷനേടുക- ഇതായിരിക്കണം മനുഷ്യന്റെ ജീവിത ലക്ഷ്യം.

ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ഇസ്‌ലാം പഠിപ്പിക്കുന്ന ഉന്നതവും അതുല്യവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കൽ അനിവാര്യമാണ്. സ്‌നേഹം, സൗഹാർദം, കാരുണ്യം, വിനയം... അങ്ങനെയങ്ങനെ മനുഷ്യനെ മനുഷ്യനാക്കുന്ന എല്ലാ കാര്യങ്ങളും ഒരു സത്യവിശ്വാസിയിൽ സമ്മേളിക്കേണ്ടതുണ്ട്. സാമൂഹ്യ ജീവിതത്തിൽ ഇവയുടെ അഭാവം പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിൽ സംശയമില്ല. കുടുംബത്തിന്റെയും സമുദായത്തിന്റെയും സമൂഹത്തിന്റെയുമൊക്കെ ഭദ്രതക്ക് അനിവാര്യമായ ഒരു ഘടകമാണ് ഐക്യം. ഐക്യത്തോടെ ജീവിക്കണമെന്നും ഭിന്നിക്കരുതെന്നും അത് നാശഹേതുവാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു.

എന്നിട്ടുമെന്തേ നമുക്കിടയിൽ അനേകം സംഘടനകൾ? എന്നിട്ടുമെന്തേ അനൈക്യം? ഐക്യത്തിന്റെ അനിവാര്യതയെക്കുറിച്ച് എല്ലാവരും വാചാലരാകുന്നുമുണ്ട്. ഐക്യം മാത്രം നടക്കുന്നില്ല. എന്തുകൊണ്ട്? കാതലായ ചില പ്രശ്‌നങ്ങളുണ്ട്. ഇസ്‌ലാമികമായ ഐക്യം സുസാധ്യമാകണമെങ്കിൽ അതിന് ഇസ്‌ലാം നിർദേശിക്കുന്ന പരിഹാരമാർഗം അവലംബിക്കേണ്ടതുണ്ട്. വിശ്വാസ, കർമ കാര്യങ്ങളിലെല്ലാം വ്യത്യസ്തവും പ്രമാണവിരുദ്ധവും ഊഹാധിഷ്ഠിതവുമായ വീക്ഷണങ്ങളുള്ളവരുടെ ഐക്യം ‘നമ്മളൊക്കെ ഇനിമുതൽ ഒന്നാണ്’ എന്ന പ്രഖ്യാപനംകൊണ്ട് സാധ്യമല്ല.

“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളിൽ നിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതൽ നല്ല പര്യവസാനമുള്ളതും’’(3:59).

ഐക്യത്തിന് ആഹ്വാനം ചെയ്യുന്ന എല്ലാവരും ഉദ്ധരിക്കാറുള്ള ഒരു ക്വുർആൻ സൂക്തമാണിത്. ഈ ആഹ്വാനം ഉൾക്കൊള്ളുന്നവർ ഞങ്ങൾ മാത്രമാണ്, നിങ്ങളും അതിലേക്ക് വരിക എന്ന ധ്വനിയാണ് ഈ സൂക്തമുദ്ധരിക്കുന്നവരിൽനിന്ന് ഉയരാറുള്ളത്. ക്വുർആൻ സൂക്തങ്ങൾക്കും പ്രവാചക വചനങ്ങൾക്കും സ്വന്തവും അവനവന്റെ ബുദ്ധിക്കും യുക്തിക്കും അനുയോജ്യവുമായ വ്യാഖ്യാനങ്ങൾ നൽകാതെ അവയുടെ പ്രഥമ പ്രബോധിത സമൂഹം അവയെ എങ്ങനെ മനസ്സിലാക്കിയോ അങ്ങനെ മനസ്സിലാക്കാനും അതിൽ യോജിക്കാനും തീരുമാനിച്ചാൽ അനൈക്യം അവസാനിക്കും. പ്രമാണങ്ങളെ അവലംബിക്കുവാനും കക്ഷിമാത്സര്യം അവസാനിപ്പിക്കാനുമുള്ള മനഃസ്ഥിതിയാണാദ്യം വേണ്ടത്.

ക്വുർആനിെൻറയും സുന്നത്തിെൻറയും അടിസ്ഥാനത്തിലുള്ള വിധിയിൽ ഉറച്ചുനിന്നാൽ ഭിന്നിപ്പ് അകന്ന് പോകും. ഭിന്നിപ്പ് തലപൊക്കുന്നത് ഓരോരുത്തരും തന്റെ അഭിപ്രായത്തോടും താൻ അനുകരിക്കുന്നവരുടെ അഭിപ്രായത്തോടും പ്രമാണങ്ങളുടെ പിൻബലമില്ലാതെ പക്ഷപാതിത്തം കാണിക്കുമ്പോഴാണ്.