വാക്കുകൾക്ക് മൂർച്ച കൂട്ടരുത്
പത്രാധിപർ
2026 ഏപ്രിൽ 18, 1447 ശവ്വാൽ 30

അമേരിക്കൻ പ്രസിഡന്റായിരുന്ന വുഡ്രോ വിൽസനോട് ഒരാൾ ചോദിച്ചു: “പത്തു മിനിറ്റ് സംസാരിക്കുന്നതിന് വേണ്ടി താങ്കൾ എത്രസമയം തയ്യാറെടുപ്പ് നടത്തുന്നു?’’
“രണ്ടാഴ്ച’’ വിൽസന്റെ മറുപടി.
“ഒരു മണിക്കൂർ പ്രസംഗിക്കുന്നതിനോ?’’
“ഒരാഴ്ച.’’
“മൂന്നുമണിക്കൂർ സംസാരിക്കുവാനോ?’’
“ഞാൻ ഇപ്പോൾ തന്നെ തയ്യാറാണ്’’ വിൽസൻ പറഞ്ഞു.
കുറച്ച് പറയാൻ, നന്നായി പറയാൻ നല്ല തയ്യാറെടുപ്പ് വേണം. കഴമ്പില്ലാത്ത കാര്യങ്ങൾ മണിക്കൂർ കണക്കിന് പറയുവാൻ ഒരു തയ്യാറെടുപ്പിന്റെയും ആവശ്യമില്ല എന്ന് സാരം.
വാക്കുകൾ നല്ലതെങ്കിൽ അവ മാനുഷിക ബന്ധങ്ങളെ ദൃഢീകരിക്കും. മോശമെങ്കിൽ ബന്ധങ്ങളെ നശിപ്പിക്കും. നല്ല വാക്കുകൾ ഉപയോഗപ്പെടുത്തി നന്നായി സംസാരിക്കുന്നവൻ സമൂഹത്തിൽആദരണീയനായിരിക്കും. സന്ദർഭത്തിനനുസരിച്ച് വാക്കുകൾ വേണ്ടവിധം കൈകാര്യം ചെയ്യുവാൻ ശ്രദ്ധിക്കണം. സന്ദർഭവും വസ്തുതകളും മനസ്സിലാക്കി, അനുയോജ്യമായ സ്വയം നിയന്ത്രണത്തോടു കൂടി വേണം വാക്കുകൾ ഉപയോഗിക്കാൻ.
എല്ലാ കാര്യത്തിലുമെന്ന പോലെ സംസാരത്തിലും മിതത്വം പാലിക്കണം. എല്ലാവർക്കും സമയം വിലയേറിയതാണ്. അതുകൊണ്ട് കൂടുതൽ സംസാരിച്ച് വിഷമിപ്പിക്കുന്നത് ശരിയല്ല. വായിൽ തോന്നുന്നതെല്ലാം അടുക്കും ചിട്ടയുമില്ലാതെ വിളിച്ചു പറയുന്നതും ഭൂഷണമല്ല.
ഒരാളുടെ സംഭാഷണം ശ്രവിച്ചാൽ തന്നെ അവൻ അറിവുള്ളവനാണോ അല്ലേ എന്ന് അറിയാൻ സാധിക്കും. വിവരമുള്ളവർ കൂടുതൽ സംസാരിച്ചു സമയം മെനക്കെടുത്താൻ ശ്രമിക്കില്ല. ‘അറിവിന്റെ ആത്മാവ് മിതത്വമാണ്’ എന്ന് ഷേക്‌സ്പിയർ പറഞ്ഞത് വളരെ ശ്രദ്ധേയമാണ്. കൂടുതൽ പറയുന്നതിലല്ല കുറച്ച് കാര്യമാത്ര പ്രസക്തമായി പറയുന്നതാണ് അറിവിന്റെ അടയാളം.
എന്തും വിളിച്ചു പറയാൻ അറപ്പും വെറുപ്പുമില്ലാത്തവരായി മനുഷ്യർ മാറിക്കൊണ്ടിരിക്കുകയാണ്. അതിലെന്താ കുഴപ്പം എന്നാണ് അവർക്ക് ചോദിക്കാനുള്ളത്. അതാണത്രെ പുരോഗമനത്തിന്റെ അടയാളം! സമൂഹം ആദരിക്കുന്ന പല രാഷ്ട്രീയ നേതാക്കളും തങ്ങളുടെ വാക്കുകളിൽ സൂക്ഷ്മത പുലർത്താത്തത് നാം കാണുന്നു. അത് വിവാദമാകുമ്പോൾ ഞാൻ പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിച്ചതാണ്, ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല എന്നായിരിക്കും വിശദീകരണം. അങ്ങനെ പറഞ്ഞതിന് തെളിവുണ്ടായിട്ടും അവർ നിഷേധത്തിൽ ഉറച്ചുനിൽക്കും.
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് നാവ്. അല്ലാഹു നൽകിയ മഹത്തായ ഒരനുഗ്രഹം. അപാരമാണ് നാവിന്റെ ശക്തി. അതിനെ സൂക്ഷിച്ചും ശ്രദ്ധിച്ചും ഉപയോഗിക്കണമെന്നാണ് ഇസ്‌ലാമിക നിർദേശം.
അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം. നബിﷺ പറയുന്നു: “അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർ നല്ലത് പറയട്ടെ, അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ.’’

