മുൻവിധിയരുത്
പത്രാധിപർ
2026 മെയ് 16, 1447 ദുൽഖഅദ് 27

“ഒരാൾ തന്റെ പളപളാ മിന്നുന്ന മെഴ്‌സിഡസ് ബെൻസ് ഓടിച്ചുപോകവേ അതിന്റെ ടയർ പൊട്ടി പ്പോയി. അത് മാറ്റാൻ നോക്കിയപ്പോഴാണ് ജാക്കിയില്ലെന്ന് മനസ്സിലായത്.
‘ശരി, ആദ്യം കാണുന്ന വീട്ടിൽ പോയി ഒരെണ്ണം കടം ചോദിക്കാം’ എന്ന് ചിന്തിച്ചുകൊണ്ട് അയാൾ സഹായം തേടിപ്പോയി.
‘എന്റെ കാർ കണ്ടാൽ അയാൾ ചിലപ്പോൾ ജാക്കിക്ക് എന്തെങ്കിലും വാടക ചോദിക്കും’ അയാൾ ആലോചിച്ചു. ‘പത്ത് ഡോളർ ചോദിക്കും ചിലപ്പോൾ. ചിലപ്പോൾ അൻപതും ചോദിച്ചെന്നുവരാം, ജാക്കി എനിക്ക് അത്രയ്ക്ക് ആവശ്യമുണ്ടല്ലോ. എന്നെ ശരിക്കു മുതലെടുത്ത് നൂറു ഡോളർ ചോദിക്കാനും ഇട യുണ്ട്.’
അയാൾ മുൻപോട്ടു നടക്കുംതോറും വാടകയും കൂടിക്കൂടി വന്നു. ഒരു വീട് കണ്ടെത്തി അതിന്റെ ഉടമസ്ഥൻ വാതിൽ തുറന്ന ഉടനെ അയാൾ അലറി: ‘നിങ്ങളൊരു കള്ളനാണ്! ഒരു ജാക്കിക്ക് അത്രയും വിലയൊന്നുമില്ല. നിങ്ങൾതന്നെ വെച്ചാൽ മതി!’
ഇങ്ങനെ ചെയ്തിട്ടില്ലെന്ന് നമുക്കിടയിൽ എത്രപേർക്ക് പറയാൻപറ്റും?’’ (പൗലോ കൊയ്‌ലോ, മക്തൂബ്).
മുൻവിധിയോടെ ആളുകളെ സമീപിക്കുന്നത് വ്യക്തിബന്ധങ്ങളിലും സമൂഹത്തിലും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒന്നാണ്. ഒരു വ്യക്തിയെക്കുറിച്ച് വ്യക്തമായി അറിയുന്നതിന് മുമ്പുതന്നെ അവർക്ക് ചില പ്രത്യേക സ്വഭാവങ്ങൾ കൽപിക്കുന്നത് പലപ്പോഴും തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കുമെന്നതിൽ സംശയമില്ല.
മുൻവിധിയുള്ളപ്പോൾ നാം ഒരു വ്യക്തിയെ കാണുന്നത് നമ്മുടെ മനസ്സിലുള്ള ഒരു ചട്ടക്കൂടിലൂടെ യാണ്. ഇത് ആ വ്യക്തിയുടെ യഥാർഥ കഴിവുകളോ നന്മകളോ തിരിച്ചറിയുന്നതിന് തടസ്സമാകുന്നു.
ഒരാളുടെ നാടും മതവും വസ്ത്രധാരണ രീതിയുമൊക്കെ നോക്കി അയാളെ നല്ലവനാണെന്നോ മോശപ്പെട്ടവനെന്നോ വിലയിരുത്തുന്നവരുണ്ട്. ഇത് അകാരണമായ വെറുപ്പിനും വിവേചനത്തിനും കാരണമാകുന്നു. ഒരാളെ മുൻകൂട്ടി വിലയിരുത്തി മാറ്റിനിർത്തുമ്പോൾ, ആ വ്യക്തിയിൽനിന്ന് ലഭിക്കുമായിരുന്ന നല്ല കാര്യങ്ങളും അറിവുകളും നമുക്ക് ലഭിക്കാതെ പോകുന്നു. മാത്രമല്ല, മുൻവിധിയോടെ പെരുമാറുന്നത് മറ്റുള്ളവരിൽ വേദനയും അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നു. ഇത് ബന്ധങ്ങൾക്കിടയിൽ വലിയ മതിൽക്കെട്ടുകൾ സൃഷ്ടിക്കുകയും ആശയവിനിമയം ഇല്ലാതാക്കുകയും ചെയ്യുന്നു.
സമൂഹത്തിൽ വർഗീയതയും ജാതീയതയും പ്രാദേശികവാദവും വളരുന്നത് ഇത്തരം മുൻവിധികളിലൂടെയാണ്. ഇത് സമൂഹത്തിന്റെ ഒരുമയെ തകർക്കുകയും അവിശ്വാസം വളർത്തുകയും ചെയ്യുന്നു. സമൂഹത്തിൽ ഇസ്‌ലാമോഫോബിയ വ്യാപിച്ചുകൊണ്ടിരിക്കുന്നത് മുൻവിധിയുടെ ഫലമായിട്ടാണ്. മുസ്‌ലിംകളെല്ലാം ഭീകരവാദികളും അകറ്റിനിറുത്തേണ്ടവരുമാണെന്ന ചില ദുഷ്ടചിന്താഗതിക്കാരുടെ പ്രചാരണത്തിൽ ആളുകൾ പെട്ടുപോകുന്നു. താടി വളർത്തിയവരെയോ തൊപ്പി വെച്ചവരെയോ കാണുമ്പോൾ അക്രമാസക്തരാകുന്നതിനു പോലും ഈ മുൻധാരണ അവരെ പ്രേരിപ്പിക്കുന്നു.
മുൻവിധി ഒരുതരം ‘മാനസികമായ തിമിര’മാണ്. അത് സത്യം തിരിച്ചറിയാൻ നമ്മെ അനുവദിക്കില്ല. അതുകൊണ്ട് തുറന്ന മനസ്സോടെ സമീപിക്കുക. തിരിച്ചറിഞ്ഞശേഷം തീരുമാനമെടുക്കുക.

