ഇസ്‌ലാമും മനുഷ്യാവകാശങ്ങളും

പത്രാധിപർ

2026 ജൂൺ 06, 1447 ദുൽഹിജ്ജ 21

മനുഷ്യന്റെ അന്തസ്സ്, സ്വാതന്ത്ര്യം, സമത്വം എന്നിവയെ സംരക്ഷിക്കുന്നതിനായി ആധുനിക ലോകം രൂപപ്പെടുത്തിയെടുത്ത ആശയമാണ് മനുഷ്യാവകാശങ്ങൾ. 1948ലെ ഐക്യരാഷ്ട്രസഭയുടെ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിലൂടെയാണ് ഇത് ആഗോളതലത്തിൽ വ്യവസ്ഥാപിതമായത്.

ചരിത്രപരമായി പരിശോധിക്കുമ്പോൾ, പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ ഇസ്‌ലാം അതിന്റെ പ്രമാണങ്ങളായ വിശുദ്ധ ക്വുർആനിലൂടെയും പ്രവാചക വചനങ്ങളിലൂടെയും മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയിട്ടുണ്ടെന്നു കാണാം. മുഹമ്മദ് നബിﷺ അറഫയിൽ വച്ചു നടത്തിയ വിടവാങ്ങൾ പ്രസംഗം ലോകം കണ്ടതിൽവച്ച് ഏറ്റവും മഹത്തായ മനുഷ്യാവകാശ പ്രഖ്യാപനം കൂടിയായിരുന്നു.

വർഗം, വർണം, ഭാഷ, ദേശം പോലുള്ളവയുടെ പേരിൽ മനുഷ്യർക്കിടയിൽ യാതൊരുവിധ വിവേച നവും പാടില്ലെന്ന് ഇസ്‌ലാം പ്രഖ്യാപിക്കുന്നു. പ്രവാചകൻﷺ വിടവാങ്ങൾ പ്രസംഗത്തിൽ പറഞ്ഞു: “...അറബിക്ക് അനറബിയെക്കാളോ, അനറബിക്ക് അറബിയെക്കാളോ, കറുത്തവന് വെളുത്തവനെക്കാളോ, വെളുത്തവന് കറുത്തവനെക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല; ജീവിതത്തിൽ പാലിക്കപ്പെടുന്ന സൂക്ഷ്മതയിലല്ലാതെ’’ (മുസ്‌ലിം, അബൂദാവൂദ്).

മതകാര്യങ്ങളിൽ ബലപ്രയോഗം പാടില്ല എന്നതാണ് ഇസ്‌ലാമിന്റെ നിലപാട്. “മതത്തിന്റെ കാര്യത്തിൽ ബലപ്രയോഗമേ ഇല്ല. സൻമാർഗം ദുർമാർഗത്തിൽനിന്ന് വ്യക്തമായി വേർതിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു...’’ (ക്വുർആൻ 2:256).

ഏഴാം നൂറ്റാണ്ടിലെ അറേബ്യൻ സാഹചര്യത്തിൽ സ്ത്രീകൾക്ക് ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരുന്നപ്പോൾ, ലോകത്തിന്റെ പല ഭാഗങ്ങളിലും അവർ പാരതന്ത്ര്യത്തിന്റെ ചട്ടക്കൂടിൽ കഴിഞ്ഞപ്പോൾ, അവർക്ക് സ്വത്തവകാശം, വിവാഹസ്വാതന്ത്ര്യം, അറിവ് നേടാനുള്ള അവകാശം, ആരാധനാ സ്വാതന്ത്ര്യം, പുനർവിവാഹം, വിധവാവിവാഹം, ഭർത്താവിൽനിന്ന് എല്ലാവിധ ആവശ്യങ്ങളും സുരക്ഷിതത്വവും ലഭിക്കാനുള്ള അവകാശം, ആദരവ് തുടങ്ങിയവ ഇസ്‌ലാം ഉറപ്പുനൽകി.

ധനികരുടെ സ്വത്തിൽ ഒരു നിശ്ചിത ഓഹരി സകാത്തായി പാവപ്പെട്ടവർക്ക് നൽകൽ നിർബന്ധമായി പ്രഖ്യാപിച്ചതിലൂടെ ഇസ്‌ലാം സാധുക്കളെ ചേർത്തുപിടിക്കുന്നു; സമ്പത്തിന്റെ വികേന്ദ്രീകരണം ഉറപ്പാക്കുന്നു. വയോജനങ്ങൾ, മർദിതർ, വഴിയാത്രികർ, അയൽവാസികൾ, അനാഥർ, വിധവകൾ, അടുത്ത കുടുംബക്കാർ... ഇവർക്കൊക്കെ ലഭിക്കേണ്ട അവകാശങ്ങൾ ഇസ്‌ലാം വ്യക്തമാക്കിയിട്ടുണ്ട്.

ആധുനിക മനുഷ്യാവകാശങ്ങൾ മനുഷ്യകേന്ദ്രീകൃതമാണ്. അതായത്, മനുഷ്യൻ തന്നെയാണ് അവകാശങ്ങൾ നിശ്ചയിക്കുന്നതും നടപ്പിലാക്കുന്നതും. എന്നാൽ ഇസ്‌ലാമിക മനുഷ്യാവകാശങ്ങൾ ദൈവകേന്ദ്രീകൃതമാണ്. ഇവിടെ അവകാശങ്ങൾ വിനിയോഗിക്കുമ്പോൾ ദൈവത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തം കൂടി മനുഷ്യനുണ്ടാകുന്നു. സ്വാതന്ത്ര്യം എന്നതിനർഥം മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കുന്ന തരത്തിലുള്ള അനിയന്ത്രിതമായ സ്വാതന്ത്ര്യമല്ല, മറിച്ച് ധാർമികമായ അതിർവരമ്പുകൾക്കുള്ളിൽ നിന്നുകൊണ്ടുള്ള സ്വാതന്ത്ര്യമാണ്.

ചരിത്രത്തിൽ പലപ്പോഴും മുസ്‌ലിം നാമധാരികളായ ഭരണാധികാരികളിൽനിന്നോ വിഭാഗങ്ങളിൽ നിന്നോ ഉണ്ടായിട്ടുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ഇസ്‌ലാമിന്റെ അധ്യാപനങ്ങൾക്ക് വിരുദ്ധമാണ്. അതിനൊന്നും ഇസ്‌ലാം ഉത്തരവാദിയല്ല.