ഉണർന്നെണീറ്റ ഇന്ത്യൻ യുവത: ‘പാറ്റ പ്രക്ഷോഭ’ത്തിന്റെ പുതിയ രാഷ്ട്രീയം

പത്രാധിപർ

2026 ഒക്ടോബർ 17, 1448 ജമാദുൽ അവ്വൽ 06

ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ടാണ് യുവതലമുറ (Gen Z) തെരുവുകളിലേക്ക് ഇറങ്ങിയതും ‘പാറ്റ പ്രക്ഷോഭം’ ആയി അത് ആളിക്കത്തിയതും. കേവലം രാഷ്ട്രീയ പാർട്ടികളുടെ പോഷകസംഘടനകളുടെ ആഹ്വാനങ്ങൾക്കപ്പുറം, സർഗാത്മകവും സഹനപൂർണ വുമായ രീതിയിൽ അധികാരികൾക്ക് മുന്നിൽ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്ന, യുവത്വത്തിന്റെ അതിജീവനത്തിന്റെയും ജാഗ്രതയുടെയും പ്രതീകമായി മാറി ഈ സമരം മുന്നോട്ടു പോകുകയാണ്.

ആയിരക്കണക്കിനു പൊലീസുകാരും പട്ടാളക്കാരും യുവതയുടെ മുന്നേറ്റത്തെ തടയാനും സമരത്തെ അടിച്ചമർത്താനും നിലകൊള്ളുമ്പോൾ അവരുടെ കൂടെ സംഘപരിവാറുകാരായ വനിതകളും പുരുഷന്മാരുമുണ്ട്. ലാത്തികളും മറ്റ് ആയുധങ്ങളുമായി വിദ്യാർഥികളെ മർദിക്കുവാൻ അവർ മുൻനിരയിൽ തന്നെയുണ്ട്. ഭരണകൂടത്തിന്റെയും പൊലീസിന്റെയുമൊക്കെ പിന്തുണയില്ലാതെ അതിനു സാധ്യമല്ലല്ലോ. അതിശയകരമായ ഒരു കാര്യം ഈ യുവതയുടെ ക്ഷമയാണ്. ഏറെ മർദനങ്ങളേൽക്കുമ്പോഴും അവർ പ്രകോപിതരാകുന്നില്ല! ഭരണകൂടം ആഗ്രഹിക്കുന്നത് സമരഭൂമിയെ കലാപഭൂമിയാക്കാനാണ്. അതിന്റെ ഉത്തരവാദിത്തം മുഴുവൻ സമരക്കാരുടെ ചുമലിലാകും. അതോടെ സമരം കെട്ടടങ്ങും. സമരക്കാരെ പൊതുജന ങ്ങളും പിന്തുണ നൽകുന്ന മറ്റുള്ളവരും കൈവിടും. ഈ തിരിച്ചറിവാണ് അതിക്രൂരമായ മർദനങ്ങൾ ഏറ്റുവാങ്ങുമ്പോഴും അവരെ സംയമനം പാലിക്കാൻ പ്രേരിപ്പിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണങ്ങളും വ്യാജവാർത്തകളും നിർമിച്ച് യുവതയെ രാഷ്ട്രീയമായി അലസരാക്കാമെന്ന് കരുതിയവർക്കുള്ള ശക്തമായ മറുപടിയാണ് ഈ പ്രക്ഷോഭം. ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കപ്പെടുമ്പോൾ ഭയന്നു നിശ്ശബ്ദരാകാൻ തങ്ങൾ തയ്യാറല്ലെന്ന് അവർ പ്രഖ്യാപിക്കുകയാണ്. ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കും സൈബർ ആക്രമണങ്ങൾക്കും മുന്നിൽ പതറാതെ, സർഗാത്മക പ്രതിഷേധ രൂപങ്ങളിലൂടെ പൊതുസമൂഹത്തിന്റെയും മുതിർന്ന തലമുറയുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ ഈ യുവസമൂഹത്തിന് സാധിച്ചിരിക്കുന്നു.

മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് പിന്നാലെ പോകുന്നതിന് പകരം, രാഷ്ട്രീയ പാർട്ടികളെ തങ്ങൾക്കു പിന്നാലെ അണിനിരത്താൻ കഴിഞ്ഞതാണ് ഈ പ്രക്ഷോഭത്തിന്റെ വലിയ വിജയം. അന്ധമായ പാർട്ടി വിധേയത്വത്തിനപ്പുറം ചോദ്യം ചെയ്യാനും നീതി തേടാനും തയ്യാറായ ‘ഉണർന്നെണീറ്റ യുവത്വം’ രാജ്യത്തിന്റെ ജനാധിപത്യപരമായ ഭാവിക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ ചെറുപ്പക്കാരുള്ള രാജ്യമാണ് ഇന്ത്യ. കേവലം ഒരു സ്ഥിതിവിവരക്കണക്കിൽ ഒതുങ്ങുന്ന ഒന്നല്ല ഈ യുവജനസമ്പത്ത്; അത് രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളെ മാറ്റിയെഴുതുന്ന വിപ്ലവകരമായ ഒരു ശക്തിയായി മാറിയിരിക്കുന്നു.

സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും രേഖപ്പെടുത്താൻ ഇന്നത്തെ തലമുറ ഭയപ്പെടുന്നില്ല. അനീതി, വർഗീയത, ന്യൂനപക്ഷ അവകാശങ്ങൾ, സുതാര്യമായ ഭരണം തുടങ്ങിയ വിഷയങ്ങളിൽ കൃത്യ മായ രാഷ്ട്രീയബോധത്തോടെ ശബ്ദമുയർത്താൻ അവർ തയ്യാറാകുന്നു. സോഷ്യൽ മീഡിയയും ഡിജിറ്റൽ ഇടങ്ങളും ഇതിനുള്ള വലിയൊരു വേദിയായി അവർ ഉപയോഗപ്പെടുത്തുന്നുണ്ട്. അലസതയും നിഷ്‌ക്രിയത്വവും വെടിഞ്ഞ് ചിന്താശേഷിയും പ്രതികരണശേഷിയുമുള്ള ഒരു തലമുറയായി ഇന്ത്യൻ യുവത്വം മാറി എന്നത് ഇന്ത്യയുടെ നാളെയെക്കുറിച്ചുള്ള വലിയൊരു പ്രതീക്ഷയാണ്.