അനുഗ്രഹങ്ങളെ വിസ്മരിക്കരുത്
പത്രാധിപർ
2026 ആഗസ്റ്റ് 15, 1448 റബീഉൽ അവ്വൽ 02

നബിﷺയുടെ കാലത്ത് ഒരുദിവസം ശക്തമായ മഴകിട്ടിയപ്പോൾ ആ മഴയെ സംബന്ധിച്ച് ജനങ്ങൾ രണ്ടു നിലയ്ക്ക് സംസാരിച്ചു. അന്നേരം അല്ലാഹുവിന്റെ പ്രവാചകന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: “ജനങ്ങളിൽ നന്ദികാണിക്കുന്നവരും നിഷേധികളുമുണ്ട്. ഇത് അല്ലാഹുവിന്റെ അനുഗ്രഹമാണെന്ന് അവർ (ഈമാനുള്ളവർ) പറഞ്ഞു. എന്നാൽ അവരിൽ ചിലർ മഴ ഇന്നയിന്ന കാരണങ്ങളാൽ കിട്ടിയതാണെന്ന് പറയുന്നു.’’ ഇതിൽ ആദ്യത്തെ അഭിപ്രായം നന്ദിയുടെയും രണ്ടാമത്തേത് നന്ദികേടിന്റെയുമാണ്. അല്ലാഹു പറയുന്നു: “നിന്റെ രക്ഷിതാവിന്റെ അനുഗ്രത്തെ സംബന്ധിച്ച് നീ സംസാരിക്കുക’’ (ക്വുർആൻ 93:11).
മഴക്കെടുതിയോ മറ്റെന്തെങ്കിലും ദുരിതമോ ബാധിച്ചാൽ നിരീശ്വരവാദികൾ മതവിശ്വാസികളെ പരിഹസിക്കും; വിശിഷ്യാ മുസ്ലിംകളെ. ദൈവത്തെ നിന്ദിക്കുകയും ചെയ്യും. അത് അവരുടെ ‘വിശ്വാസ’ത്തിന്റെ അടയാളമാണ്. അവരുടെ നിലനിൽപ്പുതന്നെ അങ്ങനെ ഇസ്ലാമിനെയും അല്ലാഹുവിനെയും പരിഹസിച്ച് പറയുമ്പോൾ കിട്ടുന്ന ‘പിന്തുണ’യിലാണ്. എന്നാൽ മുസ്ലിംകളിൽ പെട്ട, വേണ്ടത്ര മതബോധവും അറിവുമില്ലാത്ത ചിലരെങ്കിലും ദുരന്തം സംഭവിക്കുന്ന വേളകളിൽ അറിഞ്ഞോ അറിയാതെയോ സ്രഷ്ടാവിന്റെ വിധിയെ കുറ്റപ്പെടുത്തുന്ന രൂപത്തിൽ സംസാരിക്കാറുണ്ട്.
വെള്ളം, വായു, വെളിച്ചം, ആഹാരം, കണ്ണ്, കാത്, കൈകാലുകൾ...തുടങ്ങി ഒട്ടേറെ അനുഗ്രഹങ്ങൾ ആസ്വദിച്ചും അനുഭവിച്ചുമാണ് തങ്ങൾ ജീവിക്കുന്നത് എന്ന കാര്യം വിസ്മരിക്കുകയാണ് ഇവരെല്ലാം ചെയ്യുന്നത്.
യൂനുസ് ഇബ്നു ഉബൈദി(റഹി)ന്റെ അടുക്കൽ ഒരിക്കൽ ഒരാൾ വന്ന് ഇല്ലായ്മയെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇവിടെ പ്രസക്തമാണ്: ‘നിങ്ങളുടെ രണ്ട് കണ്ണ് എനിക്ക് തരുമോ? ഞാൻ നിങ്ങൾക്ക് ഒരുലക്ഷം ദിർഹം തരാം. നിങ്ങളുടെ ഒരു കൈ എനിക്കു തരുമോ? ഒരു ലക്ഷം ദിർഹം തരാം. നിങ്ങളുടെ ഒരു കാലെനിക്ക് തരുമോ? ഒരു ലക്ഷം ദിർഹം തരാം.’ ഇങ്ങനെ അദ്ദേഹത്തിന്റെ അവയവങ്ങളോരോന്ന് എണ്ണിയെണ്ണി അതിനു വിലയിട്ടുകൊണ്ട് അദ്ദേഹം ചോദിച്ചു. ആഗതൻ പറഞ്ഞു: ‘ഒരിക്കലുമില്ല.’ അപ്പോൾ യൂനുസ്ബ്നു ഉബൈദ് (റഹി) പറഞ്ഞു: ‘ഞാൻ നിന്റെയടുക്കൽ കോടികൾ കാണുന്നു. എന്നിട്ടും ഇല്ലായ്മയെക്കുറിച്ച് ആവലാതിപ്പെടുകയോ?’
എത്രയെത്ര അനുഗ്രഹങ്ങളാണ് സ്രഷ്ടാവ് നമുക്ക് കനിഞ്ഞു നൽകിയിട്ടുളത്. നമ്മുടെ ശരീരത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്തിന് വല്ല അസുഖവും ബാധിച്ചാൽ ബോധ്യമാകും ആ അവയവത്തിന്റെ വില. സർവശക്തൻ നമുക്ക് ഓരോരോ സെക്കന്റിലും നൽകിക്കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾക്കാകട്ടെ കൈയും കണക്കുമില്ല.
മനുഷ്യർ പരസ്പരം ചെയ്യുന്ന ഉപകാരങ്ങൾക്കും അന്യോന്യം നന്ദികാണിക്കേണ്ടതുണ്ട്. അതിന്റെ വാചികമായ രൂപമാണ് ‘അല്ലാഹു നിനക്ക് നന്മചെയ്യുമാറാകട്ടെ’ എന്ന പ്രവാചകൻﷺ പഠിപ്പിച്ച പ്രാർഥന. നന്മ ചെയ്തുതന്നവർക്ക് പ്രത്യുപകാരം ചെയ്യുവാനും അതിനു സാധിക്കാത്തപക്ഷം അവർക്കുവേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കുവാനും നബിﷺ നിർദേശിച്ചിട്ടുണ്ട്.
നാം ജീവിക്കുന്ന രാജ്യത്തോടും സമൂഹേത്താടും നന്ദി കാണിക്കൽ നമ്മുടെ ബാധ്യതയാണ്. അവനവന്റെ വിശ്വാസമനുസരിച്ച് ജീവിക്കുവാനും ആരാധനകളും അനുഷ്ഠാന കർമങ്ങളും നിർവഹിക്കുവാനും അതിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുവാനുമെല്ലാമുള്ള സ്വാതന്ത്ര്യവും നിർഭയത്വവുമുള്ള അവസ്ഥയിൽ സർവശക്തനോട് അതിന് നന്ദികാണിക്കണം. രാജ്യത്തിന്റെ പൊതുനന്മക്കായി പ്രവർത്തിക്കലും നിയമങ്ങൾ പാലിക്കലും അതിന്റെ വളർച്ചക്കാവശ്യമായ പ്രവർത്തനങ്ങൾ ചെയ്യലുമെല്ലാം രാജ്യത്തോടു കാണിക്കുന്ന നന്ദിയാണ്. മതജീവിതത്തിന് വിലങ്ങു തീർക്കുമ്പോൾ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാനും ഭരണഘടന നൽകുന്ന അവകാശം ചോദിച്ചുവാങ്ങുവാനും ഓരോ വ്യക്തിക്കും മൗലികമായ അവകാശമുണ്ട്.
