അനീതിക്കെതിരെ നിലകൊള്ളുക

പത്രാധിപർ

2026 ജൂലൈ 25, 1448 സ്വഫർ 11

അക്രമവും അനീതിയും ഇല്ലാത്ത ഭൗതികലോകം എന്നത് അസാധ്യമാണ്. കാരണം മനുഷ്യൻ തിന്മകളിലേക്ക് കൂടുതൽ ചായ്‌വുകാണിക്കുന്ന പ്രകൃതമുള്ളവനാണ്. മനുഷ്യരുള്ള കാലത്തോളം തിന്മകളുമുണ്ടാകും. അക്രമവും അനീതിയുമുണ്ടാകും. പ്രവാചകന്മാരൊഴിച്ച് ആരും പാപമുക്തരല്ല.

എന്നാൽ ചിന്താശേഷിയുള്ള മനുഷ്യന് തെറ്റിൽനിന്ന് അകന്നുനിൽക്കാനും തെറ്റു ചെയ്യാനും കഴിയും. തെറ്റാണെന്ന് ബോധ്യമുള്ള കാര്യം ചെയ്യാതിരിക്കുക എന്നത് മൂല്യബോധത്തിന്റെ അടയാളമാണ്. അക്രമവും അനീതിയും കൊടികുത്തിവാഴുമ്പോൾ അതിന്റെ ഒപ്പം സഞ്ചരിക്കുന്നതിനു പകരം അതിനെതിരെ ശബ്ദിക്കുവാനാണ് ശ്രമിക്കേണ്ടത്.

സാധാരണക്കാരൻ ചെയ്യുന്ന അനീതിയും അക്രമവും വാഗ്ദാന ലംഘനവും ഒരു ഭരണാധികാരിയോ ന്യായാധിപനോ ചെയ്യുന്ന അക്രമവും അനീതിയും വാഗ്ദാന ലംഘനവും ഒരുപോലെയല്ല സമൂഹത്തെ ബാധിക്കുക. ഭരണാധികാരിയുടെയും ന്യായാധിപന്റെയും അനീതി ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും. സമൂഹത്തിൽ അരക്ഷിതാവസ്ഥയുണ്ടാക്കും. ജനങ്ങളിലാകമാനം ഭീതിപരത്തും. നിലനിൽപിനെക്കുറിച്ച് ആശങ്കയുണ്ടാക്കും.

ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയെന്താണ്? കേന്ദ്ര സർക്കാറും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും പക്ഷപാതപരവും വർഗീയവുമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള മുസ്‌ലിം പള്ളികൾക്കു താഴെ ക്ഷേത്രാവശിഷ്ടങ്ങളോ വിഗ്രഹങ്ങളോ ഉണ്ടെന്നു വരുത്തിത്തീർക്കാൻ ആസൂത്രിതമായി പരിശ്രമിക്കുന്നു. കോടതികൾ അതിനെല്ലാം കൊടിപിടിക്കുന്നു. മുസ്‌ലിമായ ഒരു വ്യക്തി എന്തെങ്കിലും തെറ്റു ചെയ്താൽ അയാളുടെ കുടുംബത്തെ മുഴുവൻ തെരുവിലിറക്കി വീട് തകർത്തുകളയുന്നു.

ഭരണാധികാരികളുടെ അഴിമതി, സ്വജനപക്ഷപാതിത്വം, വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, ഭരണത്തെ എതിർക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തി ജയിലിലടയ്ക്കൽ, പട്ടിണിപ്പാവങ്ങളെ കണ്ടില്ലെന്നു നടിക്കുകയും കോർപ്പറേറ്റുകളെ വാരിപ്പുണരുകയും ചെയ്യൽ...ഇങ്ങനെ ഒട്ടനേകം ‘കലാപരിപാടികൾ’ നമ്മുടെ രാജ്യത്ത് നിർബാധം നടന്നുകൊണ്ടിരിക്കുന്നു. പുറത്തുവരുന്നതിനെക്കാൾ വലിയ വാർത്തകൾ ഇരുമ്പുമറയ്ക്കകത്തുണ്ടെന്നതാണ് നേര്.

‘അന്യായം’ അഥവാ ‘അക്രമം’ എന്നത് അർഥമാക്കുന്നത് ഒന്നിനെ അതിന്റെതല്ലാത്ത സ്ഥാനത്ത് പ്രതിഷ്ഠിക്കലാണ്, മാറ്റി സ്ഥാപിക്കലാണ്, ദുരുപയോഗം ചെയ്യലാണ്, പരിധി ലംഘിക്കലാണ്, ശരിയായ പാതയിൽ നിന്നുള്ള വ്യതിയാനമാണ്, സത്യമെന്തെന്നറിഞ്ഞിട്ടും കളവു പറയലാണ്.

വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ സമ്പത്തുകൊണ്ടോ സ്വാധീനംകൊണ്ടോ അധികാരം കൊണ്ടോ ആരെയും ഉപദ്രവിക്കാനോ ആരോടെങ്കിലും അനീതി കാണിക്കാനോ പാടില്ല എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അക്രമികളെ സഹായിക്കാൻ ഇഹലാകത്ത് പലരുമുണ്ടാകും. എന്നാൽ പരലോകത്ത് ആരുമുണ്ടാകില്ല. ‘...അക്രമകാരികൾക്ക് യാതൊരു സഹായിയും ഇല്ല’ (ക്വുർആൻ 22:71).

ഈ ബോധമാണ് ഉമറുബ്‌നുൽ ഖത്ത്വാബി(റ)നെ പോലുള്ള ഭരണാധികാരികളെ ലോകം കണ്ട ഏറ്റവും നീതിമാന്മാരായ ഭരണാധികാരികളാക്കി മാറ്റിയത്.